IndiaNEWS

എത്തുമോ, ഒരു ട്രെയിന്റെ ചൂളംവിളി എന്നെങ്കിലും ഇടുക്കിയിൽ

ഡിണ്ടിഗൽ –ബോഡിനായ്ക്കന്നൂർ പാതയ്ക്ക് സാധ്യതയേറിയതോടെയാണ് ഈ ചോദ്യം

ഇടുക്കി ജില്ലയിലെ ടൂറിസം, വാണിജ്യ മേഖലകളുടെ വളർച്ചയ്ക്കു വേഗത കൂട്ടുന്ന ഡിണ്ടിഗൽ– ലോവർക്യാമ്പ് റെയിൽപാതയ്ക്ക് 2009ൽ ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചതാണ്. എന്നാൽ ഈ റെയിൽപാതയ്ക്കു വേണ്ട നടപടികളൊന്നും ഇന്നും ആരംഭിച്ചിട്ടില്ല. തമിഴനും വേണ്ട മലയാളിക്കും വേണ്ട എന്നതാണ് കാരണം.

.

തേനി സ്വദേശി ഒ. പനീർ സെൽവം തമിഴ്നാട് മുഖ്യമന്ത്രിയായതോടെയാണ് ഈ പദ്ധതിക്ക് ചലനമുണ്ടായത്. ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാനവും പകുതി കേന്ദ്രവും അനുവദിക്കണം എന്നാണ് ആസൂത്രണ കമ്മിഷൻ നിർദേശിച്ചത്. പക്ഷേ തമിഴ്നാടിനേക്കാൾ കൂടുതൽ പ്രയോജനം കേരളത്തിനു ലഭിക്കുന്ന ഈ പദ്ധതിക്കായി സമയവും പണവും പാഴാക്കാൻ തമിഴന് താൽപ്പര്യമില്ലായിരുന്നു. നമുക്കാവട്ടെ പണ്ടുമുതലേ ഇതൊക്കെ അലർജിയുമാണ്.
കൊങ്കൺ റെയിൽവേയുടെ ഏറ്റവും വലിയ പ്രായോജകർ കേരളമായിരുന്നിട്ടും നയാപൈസ നൽകാൻ കേരളം തയാറായിരുന്നില്ല. ഒടുവിൽ കേന്ദ്രം കർശന നിലപാടെടുത്തു എന്ന കാര്യം വിസ്മരിച്ചു കൂടാ.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിനോദ, തീർഥാടന, വ്യാപാര മേഖലകൾക്ക് ഏറെ ഊർജം പകരുന്ന പദ്ധതിയാണിത്.
എന്നാൽ തമിഴ്നാടിന് താൽപ്പര്യമുണ്ടെങ്കിലും കേരളത്തിൽ നിന്ന് പച്ചക്കൊടി ലഭിക്കാത്തതാണ് തമിഴ്നാടിന്റെ പിൻമാറ്റത്തിനുള്ള കാരണവും.

തമിഴ്നാട്ടിൽ ഇപ്പോൾ പണി ആരംഭിച്ച ഈ പദ്ധതിയിൽ ഡിണ്ടിഗലിൽ നിന്നു ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ വരെയാണ് റെയിൽപാത എത്തുക. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മധുര–ബോഡിനായ്ക്കന്നൂർ ലൈനുമായി ഈപാത യോജിക്കുന്നു.
ഇതോടൊപ്പം ബോഡിനായ്ക്കന്നൂരിൽ നിന്നു തേവാരം, കമ്പം, ലോവർ ക്യാംപ് വഴി ഈ പാതയെ കുമളിയിലെത്തിച്ചാൽ അത് ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിനാളുകൾക്കു പ്രയോജനപ്പെടും.
പക്ഷെ കേരളം മുൻകൈയെടുക്കണമെന്നു മാത്രം. കുമളി-ഡിണ്ടിഗൽ, കുമളി-മധുര റെയിൽപ്പാതയാവും ഇതോടെ യാഥാർത്ഥ്യമാകുന്നത്. അതിനാൽ കേരളമാണ് മുൻകൈയെടുക്കേണ്ടത് എന്ന തമിഴ്നാടിന്റെ വാദം ഒരർത്ഥത്തിൽ ശരിയുമാണ്.

ശബരിമല തീർഥാടകർക്കാണ് ഇതിന്റെ ഏറ്റവുമധികം പ്രയോജനം ലഭിക്കുക. ഇതിലേറെ പ്രയോജനം ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ വാണിജ്യ മേഖലയ്ക്കാണ്. ഇവിടെ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുനീക്കവും ഇതോടെ എളുപ്പമാകും. തമിഴ്നാട്ടിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും ഈ പദ്ധതി ഏറെ അനുഗ്രഹമാണ്.

മധുര– ബോഡിനായ്ക്കന്നൂർ പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മധുരയിൽ നിന്നു തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എൻജിൻ രണ്ടു തവണ തേനി വരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികളും പുരോഗമിക്കുന്നു. തേനിയില്‍ നിന്നും 15കിലോമീറ്റർ ദൂരത്താണു ബോഡി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് 29 കിലോമീറ്റർ അകലെയാണു കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ബോഡിമെട്ട്.

കേരളത്തിന്റെ ജനപ്രതിനിധികൾ ഒന്നു മനസ്സുവെച്ചാൽ ബോഡിനായ്ക്കന്നൂർ- ബോഡിമെട്ട്-കൊച്ചി പാതയോ, ബോഡിനായ്ക്കന്നൂർ- കുമളി-കോട്ടയം അല്ലെങ്കിൽ എരുമേലി പാതയോ യാഥാർത്ഥ്യമാക്കാം.
നിർദ്ദിഷ്ട അങ്കമാലി-എരുമേലി പാതയുമായി ഈ റൂട്ട് ചേരുന്നതോടെ വൻ റെയിൽവേ വികസനമാവും കേരളത്തിൽ ഉണ്ടാവുക. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ഇടുക്കി ജില്ലയ്ക്കായിരിക്കും. ഒപ്പം ശബരിമല, മധുര, വേളാങ്കണ്ണി, നാഗൂർ, പഴനി, രാമേശ്വരം, തിരുപ്പറകുണ്ട്റം തുടങ്ങിയവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും കൊടൈക്കനാൽ, തേക്കടി, മൂന്നാർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്കും ഏറെ ഗുണകരമാകും ഈ പദ്ധതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker