KeralaNEWS

ഐഎന്‍എസ് വിക്രാന്ത് ബോംബ് ഭീഷണി; പ്രതി വലയിലെന്ന് സൂചന, ഉടന്‍ അറസ്റ്റ്

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ പ്രതി പൊലീസ് വലയിലെന്ന് വിവരം. വ്യാജ ഐപി ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നതിനാല്‍ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയിരിക്കുന്നത്. അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും വിവരമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച പ്രതികരണത്തിന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാഗ്രതയോടെയാണ് പൊലീസ് നടപടികള്‍. കപ്പല്‍ നിര്‍മാണ ശാലയ്ക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം. അതുകൊണ്ടു തന്നെ സ്ഥാപനത്തിന്റെ ഉള്ളിലുള്ള ആരെങ്കിലുമാണോ പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധന. കപ്പല്‍ശാലയിലെ ഒന്നിലധികം ജീവനക്കാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് സൈബര്‍ സുരക്ഷാ സംഘത്തെ ഉള്‍പ്പടെ നിയോഗിച്ചാണ് കേസ് അന്വേഷണം.

ഇമെയില്‍ വഴിയാണ് കഴിഞ്ഞ ദിവസം കൊച്ചി കപ്പല്‍ശാലയ്ക്ക് ബോംബിട്ടു തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. കൊച്ചി കപ്പല്‍ശാലയില്‍ പണി പൂര്‍ത്തിയാക്കിയ ഐഎന്‍എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്.

കപ്പല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോ എന്നതു സ്ഥിരീകരിക്കാനായില്ലെങ്കിലും പാക്കിസ്ഥാനില്‍ ജോലി ചെയ്തതു കണ്ടെത്തിയത് സംശയം ഉയര്‍ത്തിയിരുന്നു. കപ്പല്‍ശാലയില്‍ ഗൗരവമുള്ള ജോലികളോ അകത്തു പ്രവേശിക്കുകയോ പ്രതി ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker