KeralaNEWS

ആളൂര്‍ പീഡനം; അനിശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്പ്യന്‍ മയൂഖ ജോണി

തൃശൂര്‍: ആളൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ചെയ്യുമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും മയൂഖ ജോണി പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 28നാണ് സുഹൃത്ത് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്തു വന്നത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍പക്കത്തെ വില്ലയില്‍ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തുകയും നഗ്‌ന വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. അവിവാഹിതയായതിനാല്‍ മാനഹാനി ഭയന്ന് അന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍, അയാള്‍ നഗ്‌ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടര്‍ന്നു. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ.

തുടര്‍ന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മയൂഖക്കറിയുമെന്നും തെളിവുകളുണ്ടെന്നും പെണ്‍കുട്ടി പ്രതിയോട് പറഞ്ഞു. തുടര്‍ന്ന് 2018ല്‍ ഇടപ്പള്ളിയിലെ ഗ്രാന്‍ഡ് മാളില്‍ തന്നെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി മയൂഖ പറഞ്ഞു. 2020ല്‍ പ്രതി ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചില്‍ തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നല്‍കി. ചാലക്കുടി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തില്‍ പിന്തുണ നല്‍കിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്ന് മയൂഖ പറഞ്ഞു.

വനിത കമീഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷ എം.സി. ജോസഫൈന്‍ പ്രതിക്കുവേണ്ടി ഇടപെട്ടതായി വിവരം ലഭിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിറ്റേന്നുതന്നെ സി.ഐ തന്റെ മൊഴിയെടുത്തു. എന്നാല്‍, തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പിന്നീടറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മയൂഖ ആവശ്യപ്പെട്ടിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ മൂരിയാട് എംപറര്‍ ഓഫ് ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ മുന്‍ ട്രസ്റ്റി സാബുവിന്റെ പരാതിയില്‍ മയൂഖ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ആളൂര്‍ പൊലീസ് അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തില്‍ ഭീഷണിപ്പെടുത്തിയത്.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മയൂഖയുടെയും സുഹൃത്തിന്റെയും പരാതികളില്‍ നേരത്തേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് കേസുകളും ചേര്‍ത്താകും ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker