IndiaNEWS

ബി.എസ്.പി അധികാരത്തിലെത്തിയാല്‍ ഇനി സ്മാരകങ്ങളും പ്രതിമകളും നിര്‍മിക്കില്ല ; മായാവതി

ലഖ്‌നൗ: യുപിയില്‍ ബിഎസ് പി അധികാരമേറ്റാല്‍ പുതിയ പ്രതിമകളോ സ്മാരകങ്ങളോ സ്ഥാപിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. ലഖ്‌നൗവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ ബിഎസ്പി സര്‍ക്കാരിന്റെ കാലത്ത് സ്വന്തം പ്രതിമ വരെ നിര്‍മിച്ച്‌ ആരോപണം നേരിട്ട മായാവതി തന്റെ സര്‍ക്കാര്‍ നയം മാറ്റുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി പുതിയ അടവുമായാണ് കളത്തിറങ്ങുന്നത്.

നമ്മുക്ക് വഴി കാട്ടിയായവരുടെ പേരില്‍ പുതിയ സ്മാരകങ്ങളോ പാര്‍ക്കുകളോ നിര്‍മിക്കേണ്ടതില്ല. യുപിയില്‍ ബിഎസ്പി മുമ്ബ് അധികാരത്തിലിരുന്നപ്പോള്‍ അവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ബിഎസ്പിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ പ്രതിമകളും സ്മാരകങ്ങളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കാനായിരിക്കും സര്‍ക്കാറിന്റെ ശ്രമം – മായാവതി പറഞ്ഞു.

അതെ സമയം 2016 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇനി സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്ന് മായാവതി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സ്വന്തം പ്രതിമയ്ക്ക് പുറമേ പാര്‍ട്ടി ചിഹ്നമായ ആന, ബിഎസ്പി സ്ഥാപക നേതാവ് കന്‍ഷി റാം എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ച മായാവതി സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു .ഏകദേശം 1400 കോടിയോളം രൂപ സ്മാരകങ്ങള്‍ നിര്‍മിക്കാനായി മായാവതി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു.

അതെ സമയം കഴിഞ്ഞ രണ്ട് തവണയും പരാജയം നേരിട്ട മായാവതി ഇത്തവണ അധികാരം പിടിക്കാന്‍ സംസ്ഥാനത്തെ നിര്‍ണായക വോട്ട് ബാങ്കായ ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. ബിഎസ്പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബ്രാഹ്മണ വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം ഉന്നത ജാതിയില്‍പ്പെട്ടവരുടെ താത്പര്യങ്ങളും തന്റെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മായാവതി ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker