LIFEMovie

“മമ്മൂട്ടിയെപ്പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. ഒന്നുപോലും കാലഹരണപ്പെട്ടില്ല എന്ന് മാത്രമല്ല ചിലരൊക്കെ പതിറ്റാണ്ടുകൾ കഴിഞ്ഞും പുതിയ ഭാവുകത്വം ആർജിച്ച് വന്നുനിൽക്കുകയാണ്… ” ജോൺ ബ്രിട്ടാസ്

"മമ്മൂട്ടിയാണ് നായകൻ എന്ന് പറഞ്ഞാൽ ആ നിമിഷം മുതൽ എന്റെ മനസ്സമാധാനം നഷ്ടപ്പെടും. പിന്നീട് മമ്മൂട്ടി തന്റെ യാത്രയിലുടനീളം ആ കഥാപാത്രത്തെക്കുറിച്ചും ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും, സംസാരിക്കുന്ന ഭാഷയെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. കഥാപാത്രത്തെ നന്നാക്കാൻ വേണ്ട ആവശ്യവും അനാവശ്യമായ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കും. ഒരു നടന്റെ ആത്മാർത്ഥതയും അഭിനയത്തോടുള്ള അഭിനിവേശവുമാണ് ഇതിനുള്ള കാരണം" മമ്മൂട്ടിയുമായി ഏറ്റവുമടുത്ത ആത്മബന്ധം പുലർത്തുന്ന ജോൺ ബ്രിട്ടാസ് അപൂർവ്വമായ ചില ഓർമകൾ പങ്കുവയ്ക്കുന്നു

നമ്മുടെ മമ്മൂക്കയ്ക്ക് അങ്ങനെ ഒരുു വയസ്സ് കൂടി കുറയുകയാണ്. ജീവിതത്തിലെ ദുഷ്കരം എന്ന് ഞാൻ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടമാണ് എന്റെ സ്കൂൾ ബോർഡിങ് ജീവിതം. ഏറ്റവും നിശ്ചയദാർഢ്യവും അച്ചടക്കവും ഈ കാലയളവ് പ്രദാനം ചെയ്തിട്ടുണ്ടെങ്കിലും സന്തോഷ-സ്വാതന്ത്ര്യ സൂചികയിൽ വളരെ താഴെയായിരുന്നു ആ കാലം. എസ്.എസ്.എൽ.സി കഴിഞ്ഞ് ബോർഡിങ്ങിന്റെ വീർപ്പുമുട്ടലിൽ നിന്ന് കോളജ് ക്യാമ്പസിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ എന്റെ കണ്ണിലുടക്കിയ ആദ്യ ചിത്രങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. 1981ലാണ് ഞാൻ കോളജിൽ പ്രവേശിക്കുന്നത്.

പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘സ്ഫോടനം’ എന്ന ബിഗ്ബജറ്റ് സിനിമയുടെ മുഴുവൻ പേജ് പരസ്യത്തിലെ മമ്മൂട്ടിയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്. കണ്ടുപരിചയിച്ച സിനിമാ മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭാവതലങ്ങൾ സമ്മാനിച്ച രൂപമായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അന്നുമുതൽ ഇന്നുവരെ മമ്മൂക്കയുടെ മിക്കവാറും ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു സിനിമാനിരൂപണം നടത്താനുള്ള പ്രാഗല്ഭ്യം എനിക്കില്ലെങ്കിലും മമ്മൂട്ടി എന്ന നടന്റെ സമർപ്പണബോധവും പ്രതിബദ്ധതയും കഠിനാധ്വാനവും പരീക്ഷണങ്ങളുമൊക്കെ എന്റെ കണ്മുൻമ്പിലുണ്ട്. മെത്തേഡ് ആക്ടിംഗിന്റെ ദീപ്തമായ ഒട്ടേറെ ബഹിർസ്ഫുരണങ്ങൾ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി എന്ന നടനിലൂടെ സഫലമായി.

ഇന്ത്യൻ സിനിമാവ്യവസായത്തിലെ മിക്കവാറും സൂപ്പർസ്റ്റാറുകൾ തങ്ങളുടെ വിപണിമൂല്യമുള്ള ശൈലികളിലും ചേഷ്ടകളിലും അഭിനയത്തെ ഒതുക്കി നിർത്തിയപ്പോൾ പരീക്ഷണങ്ങളുടെ അനന്തമായ വിഹായസ്സാണ് മമ്മൂട്ടി സൃഷ്ടിച്ചത്. തന്റെ സ്വതസിദ്ധമായ ആകാരശൈലികളെ ബുൾഡോസർ വച്ച് തകർത്തെറിഞ്ഞാണ് പുതിയ കഥാപാത്രങ്ങളുടെ ഭാവുകത്വം സൃഷ്ടിച്ചത്. മമ്മൂട്ടി എന്ന നടന് ഭംഗിയും അഭിനയമികവും കൊണ്ട് രസക്കൂട്ടുകൾ സൃഷ്ടിച്ച് നിറഞ്ഞുനിൽക്കാൻ കഴിയുമായിരുന്നപ്പോഴാണ് തീക്ഷ്ണമായ അഭിനയ പന്ഥാവിലൂടെ മുന്നോട്ടുപോയത്. എൻ എൻ കക്കാടിന്റെ ‘വഴി വെട്ടുന്നവർ’ എന്ന കവിത ഞാൻ കോളജ് കാലത്ത് പലതവണ വായിച്ചതാണ്.

‘പെരുവഴി കണ്മുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ
വഴിവെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം…’

 

മമ്മൂട്ടി അതുപോലെ കല്ലുംമുള്ളും പ്രതിബന്ധങ്ങളും അതിജീവിച്ചാണ് മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രങ്ങൾക്ക് അലകും പിടിയും സമ്മാനിച്ചത്. മമ്മൂട്ടിയെപ്പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. ഒന്നുപോലും കാലഹരണപ്പെട്ടില്ല എന്ന് മാത്രമല്ല ചിലരൊക്കെ പതിറ്റാണ്ടുകൾ കഴിഞ്ഞും പുതിയ ഭാവുകത്വം ആർജിച്ച് വന്നുനിൽക്കുകയാണ്. തൃശ്ശൂരിൽ നടന്ന കൈരളി-കതിർ അവാർഡിൽ സത്യൻ അന്തിക്കാട് ഉണ്ടായിരുന്നു. തന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ എന്ന് കുശലം പറഞ്ഞ വേളയിൽ എന്നോട് സൂചിപ്പിച്ചു. ചെയർമാൻ എന്ന നിലയ്ക്ക് മമ്മൂട്ടി ആ വേദിയിൽ ഉള്ളതുകൊണ്ട് തന്നെ ഈ കാര്യം പരസ്യപ്പെടുത്തണം എന്നായി ഞാൻ. പ്രസംഗിക്കാനുള്ള തന്റെ ഊഴം വന്നപ്പോൾ സത്യൻ ഇത് പ്രഖ്യാപിക്കുകയും ഹാളിൽ ഹർഷാരവം ഉയരുകയും ചെയ്തു. തുടർന്ന് സത്യൻ പറഞ്ഞതാണ് ശ്രദ്ധേയം.

“മമ്മൂട്ടിയാണ് നായകൻ എന്ന് ഞാൻ അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിരുന്നില്ല. അതിനൊരു കാരണമുണ്ട്. അദ്ദേഹമാണ് എന്റെ ചിത്രത്തിലെ നായകൻ എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞാൽ ആ നിമിഷം മുതൽ എന്റെ മനസ്സമാധാനം നഷ്ടപ്പെടും. പിന്നീട് മമ്മൂട്ടി തന്റെ യാത്രയിലുടനീളം ആ കഥാപാത്രത്തെക്കുറിച്ചും ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും, സംസാരിക്കുന്ന ഭാഷയെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഒരു കഥാപാത്രത്തെ നന്നാക്കാൻ വേണ്ട ആവശ്യവും അനാവശ്യമായ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കും. ഒരു നടന്റെ ആത്മാർത്ഥതയും അഭിനയത്തോടുള്ള അഭിനിവേശവുമാണ് ഇതിനുള്ള കാരണം. പക്ഷേ എന്റെ സമാധാനം അന്ന് മുതൽ നഷ്ടപ്പെടും. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല.” മമ്മൂട്ടി എന്ന നടന്റെ നഖചിത്രമാണ് സത്യൻ ഈ വാക്കുകളിലൂടെ കോറിയിട്ടത്.

എന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ള കാര്യം, പുതിയ കാര്യങ്ങളോടുള്ള മമ്മൂട്ടിയുടെ കൗതുകമാണ്. പുതിയ സാങ്കേതികവിദ്യയാകാം സാമൂഹികവിഷയങ്ങളാകാം… അറിയാനുള്ള അഭിവാഞ്ഛ അപാരമാണ്.
മാറിമറിയുന്ന രാഷ്ട്രീയത്തെക്കുറിച്ച് ആകുലപ്പെട്ട് അദ്ദേഹം ഫോണിൽ സംസാരിക്കാറുണ്ട്. ഞാൻ പറയും ഈ വാർത്തയും ചർച്ചയും കാണുന്ന പരിപാടി മമ്മൂക്ക അവസാനിപ്പിക്ക്, വെറുതെ എന്തിനു മനസ്സ് അസ്വസ്ഥപ്പെടുത്തണം എന്ന്. ഒന്നു രണ്ടു ദിവസം സംയമനം പാലിക്കും. മൂന്നാം ദിവസം പഴയപടി അന്വേഷണങ്ങളും നിഗമനങ്ങളും വ്യാഖ്യാനങ്ങളും അസ്വസ്ഥതകളുമായി ഫോണിന്റെ മറുതലയ്ക്കൽ അവതരിക്കും. അത്രകണ്ട് സമൂഹത്തിലേക്ക് ഇഴുകിച്ചേർന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. സമൂഹത്തിന്റെ ഏത് സ്പന്ദനത്തിലും അദ്ദേഹം നെഞ്ചും കാതും കൊടുക്കും.

കൈരളി ചെയർമാൻ എന്ന നിലയിൽ പല രൂപത്തിലും ഭാവത്തിലുമുള്ള നിർദ്ദേശങ്ങൾ എനിക്ക് തരാറുമുണ്ട്. അദ്ദേഹം നൽകിയ ഒരു നിർദേശം ഞാൻ ഇടയ്ക്ക് മനസ്സിൽ മന്ത്രിക്കാറുണ്ട്. നമ്മൾ പലതവണ പറഞ്ഞാലും മാറാത്ത ചിലരെ കുറിച്ചോർത്ത് അസ്വസ്ഥമാകുന്നതിൽ അർത്ഥമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നമ്മുടെ തലയിലെ സോഫ്റ്റ് വെയർ അല്ല മറ്റൊരാളുടെ തലയിൽ. ആ സോഫ്റ്റ് വെയറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ട് നമ്മൾ തലയിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല. ഉപദേശം തന്നയാൾ ഇത് പാലിക്കുന്നുണ്ടാകുമോ ആവോ?! ചിലരൊക്കെ ചിലർ ആയതിന്റെ കാരണമെന്താണെന്ന് പലപ്പോഴും നമ്മൾ ആലോചിക്കാറുള്ള കാര്യമാണ്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അവരെക്കൊണ്ട് കഴിഞ്ഞു എന്നായിരിക്കും നമ്മൾ അനുമാനിക്കുക. എന്നാൽ ആഗ്രഹങ്ങളിൽ അഭിരമിക്കാതെ കൈക്കുമ്പിളിൽ ഉള്ളതുപോലും തിരസ്കരിക്കാൻ തയ്യാറാകുന്നതായിരിക്കാം അവരെ മുന്നോട്ട് തള്ളുന്ന ഘടകം.

താരത്തിളക്കം സമ്മാനിക്കുന്ന തനതായ അവസരങ്ങളും ആനുകൂല്യങ്ങളും ഉണ്ട്, എന്നാലും ഇവയിൽ പലതും വേണ്ടെന്നുവച്ചതിന്റെ പരിണാമം കൂടിയാണ് മമ്മൂക്ക എന്ന പ്രതിഭാസം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker