LIFEMovie

സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ..:ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഇന്ന് 70-ാം ജന്മദിനമാഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇത്തവണ ഫെയ്‌സ്ബുക്കില്‍ വീഡിയോയായിട്ടാണ് ആശംസയറിയിച്ചത്.

പ്രിയപ്പെട്ട ഇച്ചാക്ക ജന്മദിനാശംസകള്‍…

ഈ ദിവസം എനിക്കും ആഘോഷിക്കാനുളളതാണ്. കാരണം ഇത് എന്റേയും കൂടി ജ്യേഷ്ഠസഹോദരന്റെ പിറന്നാളാണ്. സഹോദരനിര്‍വിശേഷമായ വാത്സല്യം കൊണ്ട് ജ്യേഷ്ഠ തുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നു എന്നത് തന്നെ സുകൃതവും. അഭിനയത്തില്‍ തന്റേതായ ശൈലി കൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്‌ക്കൊപ്പം എന്റേയും പേര് വായിക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. 4 പതിറ്റാണ്ടിനിടെ ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളില്‍. ഒന്നിച്ച് നിര്‍മ്മിച്ചത് 5 സിനിമകള്‍. ഇതൊക്കെ വിസ്മയമെന്നെ കരുതാനാകൂ.

ലോകത്തൊരു ഭാഷയിലും ഇത്തരം ഒരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാക്കയില്‍ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്ക് തന്നേയും കൂടുതല്‍ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളില്‍ ഇനിയുമേറെ ഇടം കിട്ടട്ടേയെന്നും ഇനിയും ഞങ്ങള്‍ക്കൊന്നിക്കാനാകുന്ന മികച്ച സിനിമകള്‍ ഉണ്ടാവട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു. ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി എന്റെ ഈ ജ്യേഷ്ഠസഹോദരനെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടേയെന്ന് ആശംസിച്ച് കൊണ്ട് സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker