Movie

‘ചമയങ്ങളില്ലാത്ത’ മമ്മുക്ക: പി.ഒ മോഹൻ

 

‘ചമയങ്ങളില്ലാതെ’ എന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ ‘കേട്ടെഴുത്തുകാരനാണ്’ ഞാൻ. അദ്ദേഹത്തിൻ്റെ സ്വഭാവവിശേഷങ്ങളുമായി ചേർത്തുവായിക്കുമ്പോൾ വളരെ അർത്ഥസമ്പുഷ്ടമാണ് ആ ശീർഷകം.

കാപട്യങ്ങളില്ലാത്ത, ക്യാമറയ്ക്ക് പുറത്ത് അഭിനയിക്കാൻ അറിയാത്ത ഒരു സാധാരണക്കാരൻ്റെ ജീവിത കഥയ്ക്ക് ‘ചമയങ്ങളില്ലാതെ’ എന്നല്ലാതെ മറ്റേതു പേരാണ് യോജിക്കുക…?
രചനകൾക്ക് പേരിടുന്നത് പത്രാധിപരുടെ അവകാശമാന്നെന്ന് വിശ്വസിക്കുന്ന ഒരു പത്രാധിപരാണ് ഞാൻ. പക്ഷേ ഞാൻ നിർദ്ദേശിച്ച പേരുകളൊന്നും അദ്ദേഹത്തിനു സ്വീകാര്യമായില്ല. ഒടുവിൽ അദ്ദേഹം തന്നെയാണ് ഈ ശീർഷകം തീരുമാനിച്ചത്. അതുകൊണ്ട് ‘ചമയങ്ങളില്ലാതെ’ എന്ന ശീർഷകത്തിൻ്റെ പൂർണ്ണ അവകാശം മമ്മുക്കയ്ക്കു മാത്രമാണ്.
മൂന്നു പതിറ്റാണ്ട് മുമ്പാണ് ഞാൻ അദ്ദേഹത്തെആദ്യമായി കാണുന്നത്. ‘കുട്ടേട്ടൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്, മുണ്ടക്കയത്ത് കൂട്ടിക്കലിൽ.
ഞാൻ അന്ന് മലയാള മനോരമയുടെ സബ് എഡിറ്ററാണ്. മനോരമ ആഴ്ചപ്പതിപ്പിന് മൂന്നാം പേജിലേക്ക് അദ്ദേഹത്തിൻ്റെ ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കാനാണ് ഞാൻ സമീപിച്ചത്. പൊട്ടക്കുളം ബംഗ്ലാവിലാണ് ഷൂട്ടിംഗ്.
മലയാളസിനിമയിലെ രാജകുമാരനെ നേരിട്ടു കാണുകയും അദ്ദേഹവുമായി അനുഭവങ്ങൾ പങ്കിടുകയും ചെയ്യുന്നതിലുള്ള എൻ്റെ അന്നത്തെ ആവേശവും അനുഭൂതിയും വാക്കുകളിലൊതുക്കാൻ കഴിയില്ല.
എന്തായാലും ഷൂട്ടിംഗ് കണ്ടും അദ്ദേഹത്തോട് സംസാരിച്ചും ആ പകൽ മുഴുവൻ അവിടെ ചെലവഴിച്ചു. ഹൃദയസ്പർശിയായ ഒരു അനുഭവവും കുറിച്ചെടുത്തുകൊണ്ട് രാത്രി മടങ്ങിപ്പോരുമ്പോൾ, ഗൾഫിൽ നിന്നും കൊണ്ടുവന്ന കുറെ മിഠായികൾ, എൻ്റെ ഭാര്യക്കു നൽകാനെന്നു പറഞ്ഞ് അദ്ദേഹം സമ്മാനിച്ചു.
അന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപർ കെ. പത്മനാഭൻ നായർ എന്ന പത്മൻ സാറാണ്. ഇ.വി കൃഷ്ണപിള്ളയുടെ മകൻ, അടൂർഭാസിയുടെ അനുജൻ.
മനോരമ ആഴ്ചപ്പതിപ്പിൽ ഒരു ലക്കത്തിൽപ്രസിദ്ധീകരിച്ച ആ അനുഭവകഥ വായിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞു. പ്രത്യേകിച്ച് മമ്മുക്കയ്ക്കും അതിഷ്ടപ്പെട്ടു.

അതെ തുടർന്നാണ് പുതിയൊരു ആശയം മനസ്സിലുദിച്ചത്, മമ്മൂട്ടിയുടെ ആത്മകഥ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ചാലോ…?
പത്മൻ സാറിനോട് ആലോചിച്ചു അദ്ദേഹം അനുവാദം നൽകി. വീണ്ടും മമ്മൂക്കയെ ചെന്നുകണ്ടു, ആശയം അവതരിപ്പിച്ചു. പതിവുപോലെ അദ്ദേഹം ‘നോ’ പറഞ്ഞു. രണ്ടാമത്തെ കൂടിക്കാഴ്ചയിൽ സമ്മതം മൂളി.
അങ്ങനെയാണ് ‘ചമയങ്ങളില്ലാതെ’ പിറന്നത്.
അന്ന് മദ്രാസിലാണ് മമ്മുക്ക താമസിച്ചിരുന്നത്. ഷൂട്ടിംഗുകളും മദ്രാസിൽ തന്നെ. അഡയാറിൽ അദ്ദേഹത്തിൻ്റെ വീട്ടിലെ പല പ്രഭാതങ്ങളും പുലരുന്നത് എന്നെ കണി കണ്ടുകൊണ്ടാവും.


വായനക്കാർ ആവേശപൂർവ്വം ചമയങ്ങളില്ലാതെയ്ക്കു വേണ്ടി കാത്തിരുന്നു. മനോരമ ആഴ്ചപ്പതിപ്പിന് അഭൂതപൂർവ്വമായ പ്രചാരമാണ് ആ പരമ്പരയിലൂടെ ലഭിച്ചത്. ഓരോ ആഴ്ചയിലും കോപ്പികൾ വർദ്ധിച്ചു.
ആ കാലത്ത് മമ്മൂക്ക അഭിനയിച്ച എല്ലാ സിനിമകളുടെയും ലൊക്കേഷനുകളിലെ നിത്യസന്ദർശകനായിരുന്നു ഞാൻ.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ പലപ്പോഴും അധ്യായങ്ങൾ കിട്ടാൻ വല്ലാതെ പ്രയാസപ്പെട്ടിട്ടുണ്ട്.
ഒരനുഭവം ഓർക്കുന്നു.
മദ്രാസിൽ വച്ചാണ്. എ.വി.എം സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. മൂന്നുദിവസം പിന്നാലെ നടന്നെങ്കിലും സംസാരിക്കാൻ സാവകാശം ലഭിച്ചില്ല. അന്ന് മാറ്റർ കിട്ടിയില്ലെങ്കിൽ ഒരുലക്കം മുടങ്ങും. വൈകുന്നേരമാണ് എനിക്ക് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ്.
ശരിക്കു പറഞ്ഞാൽ വല്ലാതെ വിഷമം തോന്നി. നാലുമണിയോടെ ഞാൻ നിരാശനായി ഹോട്ടൽ മുറിയിലേക്ക് മടങ്ങി. മമ്മൂക്കയോട് പറഞ്ഞില്ല, ഡ്രൈവർ സോമനോടു മാത്രം കാര്യംസൂചിപ്പിച്ചു.
മുറിയിലെത്തി മടക്കയാത്രയ്ക്ക് തയ്യാറായി കൊണ്ടിരിക്കുമ്പോൾ പുറത്ത് ആരോ വാതിലിൽ മുട്ടി.
ഞാൻ കതകു തുറന്നപ്പോൾ ചിരിച്ചുകൊണ്ട് സോമൻ പുറത്തു നിൽക്കുന്നു.

ഞാനാണെങ്കിൽ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി നിൽക്കുകയാണ്.
“മമ്മൂക്ക താഴെയുണ്ട്, ചെല്ലാൻ പറഞ്ഞു… ”
ഞാൻ പെട്ടിയുമെടുത്ത് താഴെ എത്തി. പോർച്ചിൽ കിടന്ന കോണ്ടസ ക്ലാസിക്കിൻ്റെ ഡ്രൈവിംഗ് സീറ്റിലുണ്ട് മമ്മുക്ക.
കാറിൽ കയറാൻ നിർദ്ദേശിച്ചു. കാര്യമറിയാതെ സമ്മിശ്ര വികാരത്തോടെ ഞാൻ മുൻ സീറ്റിലേക്ക് കയറി.
വണ്ടി നേരെ മെറീന ബീച്ചിലേക്കാണ് പോയത്. ഏതാണ്ട് അരമണിക്കൂർ നേരത്തെ യാത്ര. ഒരു അധ്യായത്തിനു വേണ്ട വിവരങ്ങൾ പറഞ്ഞു തന്നു. അന്നത്തെ തിരുവനന്തപുരം മെയിലിന് ഞാൻ സന്തോഷവാനായി തിരിച്ചു പോരുകയും ചെയ്തു.
ചിലപ്പോൾ ആലോചിക്കാറുണ്ട് നാളികേരം പോലെയാണ് ആ സ്വഭാവം എന്ന്. തൊണ്ടും ചിരട്ടയും പൊളിച്ച് ചെന്നാലേ തേങ്ങയിൽ എത്തൂ.
അതും കഴിഞ്ഞു വേണം സ്വാദിഷ്ടമായ, മധുരമേറിയ വെള്ളം ലഭിക്കാൻ. പുറമേയുള്ള ശാഠ്യങ്ങളും ഗൗരവവും ഒക്കെ വേഗം അലിഞ്ഞുപോകും. സ്നേഹവും ഹൃദയാലുത്വവുമാണ് ഉള്ളു നിറയെ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker