Movie

അലഞ്ഞ വഴികൾ, അടഞ്ഞ വാതിലുകൾ മമ്മൂട്ടി

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 70 തികയുകയാണ്. കാലത്തെ പിന്നോട്ടു വലിച്ച മഹാപ്രതിഭ എന്നു വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. കഠിനാദ്ധ്വാനത്തിൻ്റെയും ആത്മാർപ്പണത്തിൻ്റെയും ആകെത്തുകയാണ് മമ്മൂട്ടി എന്ന അപൂർവ്വ പ്രതിഭ. അഭിനയത്തിൽ അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി, നടനാകാനുള്ള തീവ്ര മോഹവുമായി എതൊക്കെ വഴികളിലൂടെ അലഞ്ഞു, എത്രയോ വാതിലുകളിൽ മുട്ടി...? ആ ഒരോർമകളിലൂടെ...

ലോ കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് അഭിനയ മോഹവുമായി അലഞ്ഞുതിരിയുന്ന കാലം.

അന്നത്തെ പ്രധാന സങ്കേതം വിശ്വംഭരൻ താമസിച്ചിരുന്ന ‘ലാലിഭവൻ’ ലോഡ്ജാണ്. അവിടെ വച്ചാണ് ഞാൻ സേനൻ എന്ന ചലച്ചിത്ര പ്രവർത്തകനെ പരിചയപ്പെടുന്നത്. കെ.എസ് സേതുമാധവൻ്റെ സംവിധാന സഹായിയായിരുന്നു അദ്ദേഹം.
ഇപ്പോൾ സംവിധായകൻ
പി.എ ബക്കറിനൊപ്പമാണ്.
‘മണിമുഴക്കം’ എന്ന പുതിയ സിനിമയുടെ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട് ബേക്കർ അന്ന് എറണാകുളത്ത് താമസിക്കുകയാണ്, ഹോട്ടൽ ടെർമിനൻസിൽ.
ആ ചിത്രത്തിൻ്റ സഹസംവിധായകൻ  സേനനാണ്. ആ ചിത്രത്തിൽ ഒരു റോളിനു വേണ്ടി ഞാൻ സേനനോട് അപേക്ഷിച്ചു. എനിക്കുവേണ്ടി സംവിധായകനുമായി സംസാരിക്കാം എന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. ആ വിശ്വാസത്തിലാവണം ‘മണി മുഴക്ക’ത്തിൽ ഒരു റോൾ കിട്ടുമെന്നു തന്നെ ഞാൻ വിശ്വസിച്ചു. സാറാ തോമസിൻ്റെ ആ നോവൽ പലതവണ വായിച്ചു. സേനൻ റൂമിൽ വരുമ്പോൾ അദ്ദേഹവുമായി കഥാപാത്രത്തെക്കുറിച്ച് ചർച്ചചെയ്തു. ചുരുക്കത്തിൽ ‘മണിമുഴക്ക’ത്തിലെ കേന്ദ്ര കഥാപാത്രത്തിനായി ഞാൻ മാനസികമായി ഒരുങ്ങി.
ഹീറോ ഞാൻ തന്നെ എന്ന് സ്വയം വിശ്വസിച്ചു. സംവിധായകനെ കണ്ടിട്ടില്ല, അദ്ദേഹം ഒരുറപ്പും തന്നിട്ടില്ല. വെറുതെ ദിവാസ്വപ്നം കണ്ടു നടക്കുകയാണ്.

എന്തായാലും ഒരു ദിവസം സേനൻ്റെ കൂടെ ഞാൻ ബക്കറെ കാണാൻ പോയി. എൻ്റെ മാമൻ സമ്മാനിച്ച പുതിയ ഷർട്ടും പാൻ്റും ഒക്കെ ധരിച്ച് ടിപ് ടോപ്പായിട്ടാണ് പോക്ക്.
സേനൻ വാതിൽ തുറന്നു മുറിയിൽ പ്രവേശിച്ചു, പിന്നാലെ ഞാനും. രാജകീയ പ്രൗഢിയുള്ള ഒരു വലിയ മുറിയിൽ കൊതുകുവല നിവർത്തിയിട്ട കട്ടിലിൽ ഇരിക്കുകയാണ് ബക്കർ.
“ആരാണ് നിങ്ങളോടൊപ്പം…” കൊതുകു വലയ്ക്കുള്ളിലൂടെ എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം സേനനോടു തിരക്കി.
” ഇതാണ് ഞാൻ പറഞ്ഞ ആൾ…”
വളരെ വിനയപൂർവ്വം സേനൻ മറുപടി പറഞ്ഞു.
“പൊയ്ക്കോളൂ.അറിയിക്കാം.” കേവലം ഒരു മിനിറ്റ് മാത്രം നീണ്ടു കൂടിക്കാഴ്ച.

എന്തെങ്കിലും വിശദമായി ചോദിക്കുമെന്നും അഭിനയിച്ചു കാണിക്കാൻആവശ്യപ്പെടുമെന്നും പ്രതീക്ഷിച്ചെത്തിയ ഞാൻ നിരാശനായി.
സേനൻ എന്നോടൊപ്പം വന്നില്ല.
വൈകുന്നേരം ലാലിഭവനിൽ കാണാമെന്നു പറഞ്ഞു. ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. സേനൻ അന്ന് വന്നില്ല. പിറ്റേന്നു രാവിലെയാണ് വന്നത്. ഞാൻ ആകാംക്ഷയോടെ മറുപടിക്ക് വേണ്ടി കാത്തു.
“മമ്മൂട്ടിയുടെ കണ്ണുകൾകൊള്ളില്ല.
നമ്മുടെ ക്യാരക്ടറിനു പറ്റില്ല… ” അദ്ദേഹം പറഞ്ഞു.
എനിക്ക് കടുത്ത നിരാശ തോന്നി. കണ്ണു രണ്ടും കുത്തി പൊട്ടിക്കാനുള്ള ദേഷ്യം വന്നു.
ആ ചിത്രത്തിൽ ഒരു കാസരോഗിയുടെ റോളുണ്ട്. അതിനു വേണ്ടി ശ്രമിച്ചു. ഫലം നിരാശ. നാലഞ്ചു സീനുകളിൽ വരുന്ന ഒരു ഗ്ലാമർ റോളുണ്ട്. അതിനു വേണ്ടിയും ശ്രമിച്ചു. അതും നടന്നില്ല. ഒടുവിൽ മനസിൽ മുളച്ച പ്രതീക്ഷയുടെ വേരുകൾ വേദനയോടെ പിഴുതെറിഞ്ഞു.
സേനൻ പിന്നീടൊരു ചിത്രം സംവിധാനം ചെയ്തു, ‘രാജവീഥി.’
അതിനും എന്നെ വിളിച്ചില്ല. എറണാകുളത്ത് വച്ചായിരുന്നു മണിമുഴക്കത്തിൻ്റെ ഷൂട്ടിംഗ്. വിതുമ്പുന്നമനസ്സുമായാണ് ഞാൻ ഷൂട്ടിംഗ് കാണാൻ പോയത്. ലഭിക്കാതെപോയ കഥാപാത്രത്തെക്കുറിച്ചോർത്ത് വല്ലാതെ സങ്കടപ്പെട്ടു. സിനിമാനടനാകാനുള്ള മോഹം മുളയിലെ വാടിക്കരിഞ്ഞു പോകുമോ എന്നോർത്ത് ഞാൻ ദു:ഖിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker