NewsThen Special

കഥയല്ലിത് കാര്യം, 19കാരിയുടെ വിക്രിയകൾ ഭർത്താവിനെയും വീട്ടുകാരെയും പോലീസിനെയും വട്ടംചുറ്റിച്ചത് ഒരുദിവസം

വീടിനു പിറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി: ഭർത്താവിനെയും വീട്ടുകാരെയും ഭീതിപ്പെടുത്താൻ യുവതി ചെയ്ത അതിബുദ്ധി നാട്ടുകാരെയാകെ പരിഭ്രാന്തരാക്കി

തിരുവനന്തപുരം: ഫേസ്ബുക്ക് പ്രേമത്തിൽ കുടുങ്ങി വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച 19കാരിക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടതോടെ ജീവിതം ബോറടിച്ചു തുടങ്ങി. നാലുമാസത്തെ ജീവിതത്തിനൊടുവിൽ ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി നാട്ടുകാരെയും പോലീസിനെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം.
ഭർത്താവിനെയും വീട്ടുകാരെയും പരിഭ്രമിപ്പിക്കാൻ യുവതി കാണിച്ച അതിബുദ്ധിയാണ് പോലീസുകാരെയും ഭർത്താവിനെ വീട്ടുകാരെയും നാട്ടുകാരെയും ഒരു ദിവസം മുഴുവൻ വെള്ളം കുടിപ്പിച്ചത്.

പോത്തൻകോട് സ്വദേശിനിയായ 19 കാരിയാണ് ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനൊപ്പം ഫേസ്ബുക്ക് പ്രേമത്തിനൊടുവിൽ വീട്ടിൽ നിന്നും ഒളിച്ചോടിയത്. ഈ മാർച്ച് ഒടുവിലാണ് യുവതി യുവാവിനോടൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പോത്തൻകോട് പോലീസ് ഇരുവരെയും കണ്ടെത്താൻ ഏറെ പ്രയത്നിച്ചു.
ഒടുവിൽ യുവാവിനെയും വീട്ടുകാരെയും പെൺകുട്ടിയേയും വീട്ടുകാരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി.അനുരഞ്ജന ചർച്ചയിൽ പെൺകുട്ടി ഒരേ വാശിയിൽ ഉറച്ചു നിന്നു. യുവാവിനൊപ്പം പോകാനാണ് താൽപര്യം എന്ന് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു പോലീസ്.

ഒരുമിച്ചു താമസം തുടങ്ങിയതോടെയാണ്, പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത യുവാവിനെ വീട്ടിലെ പരിതാപകരമായ അവസ്ഥ പെൺകുട്ടി മനസ്സിലാക്കിയത്. അതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഇന്നലെ പുലർച്ചെ ആറു മണിയോടെ വീടുവിട്ടു പുറത്തേക്കിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കിയിറങ്ങി. അതേ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വീടിനു പിറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി. സ്വന്തം വസ്ത്രങ്ങൾ കീറി വീടിനു പുറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞശേഷം തന്നെ അപായപ്പെടുത്തി എന്നു വരുത്താൻ പരിസരത്താകെ നെയിൽപോളിഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്.

മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിൻ്റെ പരിസരത്ത് ‘ചോരക്കറ’ പുരണ്ട വസ്ത്രങ്ങൾ കണ്ടത്. വിവരമറിഞ്ഞ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ ഷാജി, കോവളം സി .ഐ പ്രൈജു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സയൻ്റിഫിക് എക്സ്പെർട്ടും സ്ഥലത്തെത്തി.

പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൻതോപ്പുകളും വിജനമായ സ്ഥലങ്ങളും ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളും നാട്ടുകാരും പോലീസും ചേർന്ന് അരിച്ചുപെറുക്കി. പക്ഷേ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ആ പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നുപോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. ഇതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിലെത്തി. സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്നും യുവതിയെ കണ്ടെത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker