Column

ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഒറ്റപ്പെടുത്തുന്നു. കെ. സുധാകരൻ കോൺഗ്രസിൻ്റെ അന്തകനോ…?

ആദർശനിഷ്ഠയും ശക്തമായ നിലപാടുകളും സംഘടനാപാടവവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മൂല്യബോധവും ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവായിരുന്നില്ല കെ.സുധാകരൻ. പിണറായിയെ പുലഭ്യം പറഞ്ഞു ശ്രദ്ധേനേടുക എന്നതാണ് അദ്ദേഹത്തിൻ്റെ തന്ത്രം. ഗുണ്ടായിസവും അടിസ്ഥാനമില്ലാത്ത വീറും വാശിയുമാണ് കെ.സുധാകരൻ്റെ മുഖമുദ്ര. അപക്വമായ ആ നിലപാടുകളുമായി എത്രകാലം ഒരു ദേശിയ പാർട്ടിയെ നയിക്കാനാവും...? ഗാന്ധിജിയെ ഇകഴ്ത്തുകയും ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്താൽ ഗോഡ്സെയുടെ പക്ഷത്തും കുറച്ചു പേരുണ്ടാവും എന്നതാണല്ലോ വർത്തമാനകാല രാഷ്ട്രീയത്തിൻ്റെ വിചാരധാര

‘പണ്ടേ ദുർബല പിന്നെ ഗർഭിണിയും’ എന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി.

ദേശീയതലത്തിൽ ഒരു തിരിച്ചു വരവിനു പോലും കെൽപ്പില്ലാതെ ചിറകും ശിരസ്സും ഛേദിക്കപ്പെട്ട് നിലത്തു വീണു കിടക്കുകയാണ് കോൺഗ്രസ്. നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറാൻ ക്യൂ നിൽക്കുന്നു.
പക്ഷേ കേരളത്തിൽ കോൺഗ്രസിന് വേരോട്ടം ഉണ്ട്. ചില സാമുദായിക പിന്തുണകളാണ് അതിന് നിദാനമെങ്കിലും ഇനിയും ഒരങ്കത്തിന് ബാല്യം ഉണ്ട് എന്നതാണ് വസ്തുത.
പക്ഷേ അവസാനിക്കാത്ത അന്തഛിദ്രങ്ങൾ കോൺഗ്രസിനെ നാമാവശേഷമാക്കും എന്ന നിലയിലാണ് സംഭവങ്ങളുടെ പോക്ക്.

സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫും കോൺഗ്രസ് ചുക്കാൻ പിടിക്കുന്നയു.ഡി.എഫുമാണ് കേരളത്തിലെ പ്രബലമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ.
കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ അടിപതറി വീണെങ്കിലും ബി.ജെ.പിയെ അവഗണിക്കാനാവില്ല. കാരണം ഹിന്ദു കാർഡാണ് അവരുടെ തുറുപ്പുചീട്ട്.
കെ. സുരേന്ദ്രൻ്റെ സംഘടനാപാടവമില്ലായ്മയും സ്വേഛാധിപത്യ രീതികളുമാണ് അസംബ്ലി ഇലക്ഷനിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിനുള്ള കാരണം. പക്ഷേ പല നിയോജക മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നു എന്ന സത്യം വിസ്മരിച്ചു കൂടാ.
പക്ഷേ കോൺഗ്രസിൻ്റെ കാര്യം ദയനീയമാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടി വേരറ്റു പോകണമെന്ന് ആ പാർട്ടിയുടെ വിമർശകർ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. കോൺഗ്രസ് ശക്തമായി പ്രതിപക്ഷ നിരയിൽ നിന്നാൽ മാത്രമേ സി.പി.എം പോലും നന്നാവൂ എന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങൾ. മാത്രമല്ല മൂന്നാമതൊരു ഭരണത്തുടർച്ച യഥാർത്ഥ ഇടതുപക്ഷക്കാർ പോലും ആഗ്രഹിക്കുന്നുമുണ്ടാവില്ല.
കേരളത്തിൽ കോൺഗ്രസിനെ നിർവീര്യമാക്കി ശക്തമായ പ്രതിപക്ഷമായി ഉയർന്നുവരികയാണ് ബി.ജെ.പിയുടെ ഗൂഢലക്ഷ്യം. പക്ഷേ കെ.സുരേന്ദ്രൻ തേരുതെളിക്കുന്ന കാലത്തോളം അത് വിദൂര സ്വപ്നമായി തീരാനാണ് സാധ്യത.
കെ.സുധാകരൻ്റെ സ്ഥാനാരോഹണത്തോടെ കോൺഗ്രസ് പുതുജീവൻ നേടി ഫീനിക്സ് പക്ഷിയായി ഉയർന്നുവരും എന്നുകരുതിയ പാർട്ടിക്കാർ ഏറെയാണ്.
പക്ഷേ കേരള രാഷ്ട്രീയത്തിൻ്റെ ബാലപാഠമറിഞ്ഞ രാഷ്ട്രീയ വിദ്യാർഥികൾക്കു പോലും അങ്ങനെ ഒരു വ്യാമോഹം ഉണ്ടായിരുന്നില്ല. കാരണം ആദർശനിഷ്ഠയും ശക്തമായ നിലപാടുകളും സംഘടനാപാടവവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മൂല്യബോധവും ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവായിരുന്നില്ല കെ.സുധാകരൻ. പിണറായിയെ പുലഭ്യം പറഞ്ഞു ശ്രദ്ധേനേടുക എന്നതാണ് അദ്ദേഹത്തിൻ്റെ തന്ത്രം. ഗുണ്ടായിസവും അടിസ്ഥാനമില്ലാത്ത വീറും വാശിയുമാണ് കെ.സുധാകരൻ്റെ മുഖമുദ്ര. അപക്വമായ ആ നിലപാടുകളുമായി എത്രകാലം ഒരു ദേശിയ പാർട്ടിയെ നയിക്കാനാവും…?
ഗാന്ധിജിയെ ഇകഴ്ത്തുകയും ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്താൽ ഗോഡ്സെയുടെ പക്ഷത്തും കുറച്ചു പേരുണ്ടാവും എന്നതാണല്ലോ വർത്തമാനകാല രാഷ്ട്രീയത്തിൻ്റെ വിചാരധാര.
നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ഒടുവിലാണ് കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തെത്തുന്നത്. കേരളമാകെ ഫ്ലക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളും, കൊട്ടും കുരവയുമായാണ് സുധാകരൻ്റെ വരവ്. എന്നിട്ട് ഒടുവിലോ…?

ചെയ്യുന്നതൊക്കെ അബദ്ധങ്ങൾ, പറയുന്നതൊക്കെ ധാഷ്ട്യങ്ങൾ, പല തീരുമാനങ്ങളും ബൂമറാങ് പോലെ തിരിച്ചടിക്കുന്നു.
പക്വതയാർന്ന ഒരു രാഷ്ട്രീയ നേതാവിൻ്റെ ഇമേജ് സൃഷ്ടിക്കാൻ കെ. സുധാകരന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഡി.സി.സി അധ്യക്ഷൻ മാരുടെ തെരഞ്ഞെടുപ്പ് തന്നെ. കോൺഗ്രസിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആഭ്യന്തര കലാപങ്ങൾ ആണ് നേതൃനിരയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് രഹിത കോൺഗ്രസ് എന്ന സന്ദേശവുമായി എത്തിയ കെ.സുധാകരൻ സ്വന്തം ഗ്രൂപ്പിലുള്ള ആളുകളെ മാത്രമാണ് എല്ലാ ജില്ലകളിലും അധ്യക്ഷന്മാരായി പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.

കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത പ്രതിഷേധം ഉയര്‍ത്തി പരസ്യമായി രംഗത്തെത്തിയത് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

“ഡി.സി.സി. പട്ടിക സംബന്ധിച്ച് ചർച്ച നടക്കുമെന്ന വാഗ്ദാനം നടപ്പായില്ല, അതിനാലാണ് ഹൈക്കമാണ്ടിനെ സമീപിക്കേണ്ടി വന്നത്. സംസ്ഥാന തലത്തിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നു…”
രമേശ് ചെന്നിത്തലയും പറഞ്ഞു.

പരസ്യ പ്രതികരണത്തിലൂടെ വി.ഡി സതീശനും കെ സുധാകരനും കെ.സി വേണുഗോപാലിനും എതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും.

ഇതിനിടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന കാരണത്താൽ മുന്‍ എം.എല്‍.എ കെ.ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്തു.

കേരളം മുഴുവൻ പ്രതിഷേധങ്ങളുയരുകയാണ്. കോട്ടയത്ത് ഉമ്മൻചാണ്ടിക്കെതിരെയും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെയും തിരുവനന്തപുരത്ത് ശശി തരൂരിനും പാലോട് രവിക്കുമെതിരെയും എറണാകുളത്ത് വി.ഡി സതീഷനെതിരെയും പോസ്റ്ററുകൾ നിരന്നു. പത്തനംതിട്ടയിൽ പി.ജെ കുര്യനും ആൻ്റോആൻ്റണി എം.പിക്കും പുതിയ ഡി.സി.സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനുമെതിരെ കരിങ്കൊടിയും പോസ്റ്ററുകളും നിരന്നു.

കോൺഗ്രസ് ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നുമായിരുന്നു ഇതെക്കുറിച്ച് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ പ്രതികരണം.
കഴിഞ്ഞ കാലങ്ങളിൽ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചർച്ച നടത്തിയതെന്നാണ് സുധാകരൻ്റെ ചോദ്യം.

ഉമ്മൻചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തി. ഉമ്മൻചാണ്ടി താൽപര്യമുള്ളവരുടെ പേരും പറഞ്ഞു. അവർ പട്ടികയിലുമുണ്ട്. രമേശ് ചെന്നിത്തലയോടും ചർച്ച നടത്തി.
സംഘടനയെ ഉടച്ചുവാര്‍ക്കാന്‍ തക്ക സംഘാടകശേഷിയുള്ളവരാണ് നിയുക്ത ഡിസിസി അധ്യക്ഷന്‍മാർ. മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെ അണികളുടെയും അനുഭാവികളുടെയും പ്രതീക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ചു. ചർച്ചനടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു.
താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാനാകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി.ഡി സതീശൻ ചോദിച്ചു. ഡി.സി.സി ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അം​ഗീകരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക എന്ന നിലപാട് ശരിയല്ല. ഡി.സി.സി പുനസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ല.

ഇതിനിടെ കെ.മുരളീധരൻ ഡി.സി.സി പട്ടികയെ സ്വാഗതം ചെയ്തു.
നിയമിച്ച എല്ലാവരും യോഗ്യന്മാരാണ്.
പാര്‍ട്ടി, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുകയാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുമിച്ച് പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എ ഗ്രൂപ്പിലെ കരുത്തനായാണ് അറിയപ്പെടുന്നതെങ്കിലും ഇപ്പോഴത്തെ വിവാദത്തിൽ പക്ഷം പിടിക്കാൻ ഇല്ലെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്.
കോൺ​ഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ രം​ഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ലെന്നും ഒന്നര മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പട്ടികയിന്മേലുള്ള അടി മൂക്കുന്നതിനിടെ രൂക്ഷപ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി.
ഹൈക്കമാന്‍ഡിനെ അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേറെ പാര്‍ട്ടി ഉണ്ടാക്കി പോകട്ടെയെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു.
പണ്ട് 1964 കോണ്‍ഗ്രസ് പിളര്‍ന്നു പല ഗ്രൂപ്പായി. കേരള കോണ്‍ഗ്രസ് ഉണ്ടായി. അതുതന്നെ മാണി, ജോസഫ്, ജേക്കബ് എന്നിങ്ങനെ നേതാക്കന്മാരുടെ പേരില്‍ പല ഗ്രൂപ്പുകളാണ് ഇപ്പോള്‍. അത്ര വലിയ സ്വാധീനം ഉള്ള നേതാക്കന്മാരാണെങ്കില്‍ അതുപോലെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചെയ്യാം. അവര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കട്ടെ. യു ഡി എഫുമായി സഖ്യം ഉണ്ടാക്കട്ടെ. ഇഷ്ടമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കട്ടെ, പദവികള്‍ കൊടുക്കട്ടെ. അതിന് പറ്റില്ലെങ്കില്‍ അവരുടെ വഴിനോക്കി പോണം. അതല്ല, കോണ്‍ഗ്രസിനകത്ത് നില്‍ക്കാനാണ് താല്‍പര്യമെങ്കില്‍ ഹൈക്കമാന്‍ഡിനെ അനുസരിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എന്തായാലും 14 ജില്ലകളിലും കോൺഗ്രസിൽ കലാപം ഉയർന്നുകഴിഞ്ഞു. ചിലർ രാഷ്ട്രീയ വനവാസത്തിനു പോകുന്നു. മറ്റുചിലർ കോൺഗ്രസ് വിടാനൊരുങ്ങുന്നു പാലക്കാട് സീനിയർ നേതാവ് ഗോപിനാഥ് അമ്പതു വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വവും രാജി വച്ചു.
ഗോപിനാഥ് ഒരു തുടക്കമാണ്. മറ്റു പലരും കോൺഗ്രസ് വിടാനൊരുങ്ങുന്നു.

ഈ കലാപം എവിടെ എത്തി നിൽക്കും എന്നാണ് പ്രസക്തമായ ചോദ്യം.
കെ. സുധാകരൻ കേരളത്തിലെ കോൺഗ്രസിൻ്റ അന്തകനാകുമോ…?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker