Pravasi

ഇന്‍ഡിഗോയുടെ 15-ാം വാര്‍ഷികത്തില്‍ യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫര്‍; ടിക്കറ്റ് നിരക്കില്‍ ഇളവ്

പ്രമുഖ എയര്‍ലൈനായ ഇന്‍ഡിഗോയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫര്‍. ആഭ്യന്തര, അന്തര്‍ദേശീയ യാത്രാ ടിക്കറ്റുകള്‍ക്കാണ് കമ്ബനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 915 രൂപ മുതല്‍ ആഭ്യന്തര ടിക്കറ്റുകള്‍ ലഭിക്കും. ഇന്നലെ പ്രഖ്യാപിച്ച ഈ ഓഫര്‍ അനുസരിച്ചുള്ള ടിക്കറ്റ് വില്‍പ്പന മൂന്ന് ദിവസം നീണ്ടു നില്‍ക്കും. അതായത് ഓഗസ്റ്റ് 4 മുതല്‍ 6 വരെയാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. 2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 26 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. കൂടാതെ, ‘ഫാസ്റ്റ് ഫോര്‍വേഡ്, 6 ഇ ഫ്ലെക്സ്, 6 ഇ ബാഗ്പോര്‍ട്ട്’ എന്നിവയുള്‍പ്പെടെ ‘6 ഇ’ ആഡ്-ഓണുകള്‍ 315 രൂപയ്ക്കും ‘കാര്‍ വാടക’ സേവനം 315 രൂപയ്ക്കും ലഭിക്കും.

‘ഇന്‍ഡിഗോ സേവനം ആരംഭിച്ച്‌ 15-ാം വര്‍ഷം ആഘോഷിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് ഇത് ഒരു സുപ്രധാന അവസരമാണ്. ഏറ്റവും മോശം സമയങ്ങളില്‍ പോലും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഞങ്ങളിലുള്ള വിശ്വാസത്തിന് നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു’ ഇന്‍ഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റൊനോജോയ് ദത്ത പറഞ്ഞു. നിലവില്‍, 270 അധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ, പ്രതിദിനം ആയിരത്തോളം ഫ്ലൈറ്റുകളുടെ സര്‍വ്വീസ് നടത്തുന്നുണ്ട്. 67 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും 24 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്‌ IATA ട്രാവല്‍ പാസിനായി ഒരു പൈലറ്റ് പ്രോജക്റ്റ് ഇന്‍ഡിഗോ ആരംഭിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനത്തെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിറവേറ്റുന്നതിന് യാത്രക്കാര്‍ക്ക് അവരുടെ പ്രീ-ട്രാവല്‍ ടെസ്റ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒരു ‘ഡിജിറ്റല്‍ പാസ്പോര്‍ട്ട്’ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. കോവിഡ് -19 ടെസ്റ്റുകള്‍ക്കോ വാക്‌സിനുകള്‍ക്കോ വേണ്ടിയുള്ള സര്‍ക്കാര്‍ ആവശ്യകതകള്‍ക്ക് അനുസൃതമായി യാത്രകള്‍ എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പായിരിക്കും IATA ട്രാവല്‍ പാസ്.

ഓഗസ്റ്റ് 20 മുതല്‍ രാജ്യത്ത് ഈ പൈലറ്റ് പദ്ധതി ആരംഭിക്കും. യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിന് ടെസ്റ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികള്‍ക്കും എയര്‍ലൈനുകള്‍ക്കുമായി പങ്കിടാന്‍ ഇതുവഴി കഴിയുമെന്ന് എയര്‍ലൈന്‍  പ്രസ്താവനയില്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker