NewsThen Special

സന്തോഷ് ഏച്ചിക്കാനം ‘ബിരിയാണി’ക്കള്ളനെന്ന് എം.രാജീവ് കുമാർ

ഗോപാൽ യാദവാണ് ഏച്ചിക്കാനത്തിന്റെ അധികം വന്ന ബിരിയാണി കുഴിവെട്ടി മൂടുന്നത്. അയാളുടെ മകൾ ബസുമതി ബിരിയാണി തിന്നാൻ മോഹിച്ച് ഭക്ഷണം കിട്ടാതെ മരിച്ചവളാണ്. എല്ലുമുറിയെ പണി ചെയ്തിട്ടും രണ്ടറ്റം കൂട്ടിമുട്ടാൻ പാടുപെടുന്ന ചക്കിക്കുട്ടിയാണ് നിലമ്പൂർ ജോയിയുടെ ഗോപാൽ യാദവ്‌.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ2016 ആഗസ്റ്റ് 21 ലക്കത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ കൊട്ടിഘോഷിച്ചാണ് വിളമ്പിയത്. പിന്നീട് ബിരിയാണി പുസ്തകമായി, പതിനാലാം പതിപ്പിൽ എത്തി നിൽക്കുന്നു. ക്യാമ്പസുകളിൽ ഓടിനടന്ന് ചർച്ച, സെമിനാർ, സിലബസ്സിൽ, പരീക്ഷക്ക്, എം.ഫിൽ തീസ്സിസ്സ് വരെയായി.

ഇതിനിടയിൽ നിലമ്പൂരുകാരൻ ജോയ് എഴുതിയ ‘ബിരിയാണി’യെ ആരോർക്കാൻ.

‘അവളൊരു ഭയങ്കരി’ എന്ന പേരിൽ തൃശൂരിലെ ആമിന ബുക്ക്സ്റ്റാളിൽ നിന്ന് 1999-ൽ ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട്. പ്രസാധകർ നിലമ്പൂരിലെ ശാന്തി പബ്ലിക്കേഷൻസ്. നിലമ്പൂർ ജോയ് എന്നാണ് എഴുത്തുകാരന്റെ പേര്. ചെറുകഥകളുടെ സമാഹാരമാണ്. അതിൽ ഒരു കഥയുണ്ട് ‘ബിരിയാണി.’
കൗതുകം കൊണ്ട് ആരും വായിച്ചു പോകും.
സംശയമില്ല, ഏച്ചിക്കാനം ബിരിയാണിയുടെ ചേട്ടൻ നിലമ്പൂർ ബിരിയാണി തന്നെ…!
ഒരേ പേരിൽ, പതിനേഴു കൊല്ലത്തിനപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് ബിരിയാണി വച്ചവരുടെ ചേരുവകൾ ഒന്നറിയാം.

കാഴ്ചയിൽ ഒരു കൊച്ചു പുസ്തകമാണെന്നേ തോന്നൂ. പുറംചട്ടയിൽ കളറില്ല. അച്ച് നിരത്തി അടിച്ചതാണ്. പാവം അത്തപ്പാടി എഴുത്തുകാരനാവണം. പുസ്തകത്തിന്റെ പേരും അതിന് ആക്കം കൂട്ടുന്നു ‘അവളൊരു ഭയങ്കരി.’
അവളെന്താണ് ഭയങ്കരം ചെയ്തതെന്ന കൗതുകത്തിൽ തുറന്നു നോക്കിയതാണ്. ജോൺസൺ ഐരൂരാണ് അവതാരിക.
പട്ടിക്ക് പരുത്തിക്കടയിലെന്ത് കാര്യമെന്ന് സംശയിക്കുമ്പോഴാണ് 15 രൂപ മാത്രം വിലയിട്ടിട്ടുള്ള ഈ സമാഹാരത്തിലെ എട്ട് കഥകളിൽ മൂന്നാമത്തേതായ ‘ബിരിയാണി’യിൽ കണ്ണുടക്കുന്നത്.

ഇനി കഥയിലേക്ക് കടന്നാലോ…!
നിലമ്പൂർ ബിരിയാണി വയ്‌ക്കുന്നത് സമ്പന്നനും വൻകിട ഭൂവുടമയുമായ കുഞ്ഞിക്കമ്മത് ഹാജിയുടെ മകൾ കുഞ്ഞുമ്മുവിന്റെ നിക്കാഹിനാണ്, 1000 പേർക്ക്.
സന്തോഷ് ഏച്ചിക്കാനം, കാസർകോട്ടേ കുബേരനായ കലന്തൻ ഹാജിയുടെ ചെറുമകൻ റിസ്വാന്റെ നിക്കാഹിന് 5000 പേർക്കാണ് ബിരിയാണി വയ്‌ക്കുന്നത്. അതിൽ തന്നെ സംഗതിക്ക് മൈലേജായി.
പന്ത് ഒറ്റയടിക്ക് സെന്റർ ഹാഫ് കടന്നു കഴിഞ്ഞു.

ജാർഖണ്ഡ് സംസ്ഥാനത്തിലെ ലാൽമാത്തിയിൽ നിന്ന് വയറ്റുപ്പിഴപ്പിന് കേരളത്തിൽ വന്ന ഗോപാൽ യാദവാണ് ഏച്ചിക്കാനത്തിന്റെ അധികം വന്ന ബിരിയാണി കുഴിവെട്ടി മൂടുന്നത്. അയാളുടെ മകൾ ബസുമതി ബിരിയാണി തിന്നാൻ മോഹിച്ച് ഭക്ഷണം കിട്ടാതെ മരിച്ചവളാണ്. എല്ലുമുറിയെ പണി ചെയ്തിട്ടും രണ്ടറ്റം കൂട്ടിമുട്ടാൻ പാടുപെടുന്ന ചക്കിക്കുട്ടിയാണ് നിലമ്പൂർ ജോയിയുടെ ഗോപാൽ യാദവ്‌. അതായത് ബിരിയാണി തിന്നാനുള്ള മകന്റെ (ഇവിടെ മകളല്ല) ആഗ്രഹം നിറവേറ്റാനാവാതെ നിൽക്കുന്ന മാതാവ്. അകലെയുള്ള കല്യാണപ്പന്തലിൽ നിന്ന് കാറ്റ് കൊണ്ടുവരുന്ന ബിരിയാണി മണം ചക്കിക്കുട്ടിയുടെ നാല് വയസുകാരനെ കൊതിപ്പിക്കുന്നുണ്ട്. ബിരിയാണിക്ക് വേണ്ടി കരയുന്ന അവനെ ആശ്വസിപ്പിക്കാൻ വഴികാണാതെ വിഷമിക്കുകയാണ് ചക്കിക്കുട്ടി.

ചക്കിക്കുട്ടിയുടെ മോന്റെ സ്ഥാനത്ത് ഗോപാൽ യാദവിന്റെ മകൾ ബസുമതിയെ തലമാറ്റി വച്ചാൽ രണ്ട് ബിരിയാണിയും ഒന്നായില്ലേ?
ഇപ്പോൾ പന്ത് എത്ര വേഗമാണ് ഗോൾ മുഖത്ത് എത്തിയത്, ഒരു യത്നവും കൂടാതെ.

അടുത്തത് ഷൂട്ട് ഔട്ടാണ്. അധികം വരുന്ന ബിരിയാണി ഏച്ചിക്കാനം ഗോപാൽ യാദവിനെക്കൊണ്ട് കുഴിവെട്ടി ചവിട്ടിത്താഴ്‌ത്തുമ്പോൾ നിലമ്പൂർ ജോയ് അധികം വന്ന ബിരിയാണി തോട്ടിലൊഴുക്കുകയാണ്. ഒറ്റയടിക്ക് ഗോൾ വലയിലായില്ലേ!
ഇനി എന്ത് ന്യായം പറഞ്ഞാലും ഫലമില്ല… ഗോളായില്ലേ..?

നിലമ്പൂർ ജോയ്ടെ ‘ഗോപാൽ യാദവ്’ കൂലി കിട്ടിയ തുകയിൽ നിന്നു കപ്പയാണ് വാങ്ങുന്നത്. അരി വാങ്ങാൻ കാശ് തികയുന്നില്ല. അമ്മ മകന് വാഴക്കന്നുകൊണ്ട് ബിരിയാണി വച്ചു കൊടുക്കാൻ തയ്യാറെടുക്കുന്നു. അതിനും കാരണമുണ്ട്. ഇറച്ചിക്കുവേണ്ടി കരുതിയിരുന്ന പെരുച്ചാഴിയെ തമ്പ്രാന്റെ കണ്ടൻ പൂച്ച കടിച്ചു കൊണ്ടുപോയി തിന്നുകയാണ്. നിലമ്പൂരാന്റെ ഭാവനയുടെ പോക്കു കണ്ടില്ലേ. പെരുച്ചാഴിഇറച്ചിയെങ്കിലും മകന് വച്ചു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരമ്മയുടെ ദൈന്യമേ!
അവളുടെ മുന്നിലൂടെയാണ് നിലമ്പൂർ ഹാജിയുടെ വീട്ടിൽ ബാക്കി വന്ന ബിരിയാണി കാര്യസ്ഥൻ കേശവൻ നായർ പണിക്കാരെ കൊണ്ട് ചുമപ്പിച്ച് തോട്ടിൽ കൊണ്ടുപോയി തട്ടുന്നത്.

ഏച്ചിക്കാനത്തിന്റെ കഥയിലോ, കുഴിവെട്ടി ചെമ്പ് കണക്കിന് ബിരിയാണി അതിൽ തട്ടുകയാണ്. കുട്ടക്ക് പകരം ചെമ്പും കുഴിക്ക് പകരം തോടും കാര്യസ്ഥനു പകരം അന്യദേശത്തൊഴിലാളിയും ആയാൽ മലയാള കഥ പുതുയുഗത്തിന്റെ മത്താപ്പാവുമോ?

ജന്മനാട്ടിൽ പട്ടിണി കൊണ്ട് മരിച്ച ബീഹാറിയുടെ മകൾക്ക് ഒരു നുള്ള് ബസുമതിയരി വാങ്ങിക്കൊടുക്കുന്നുണ്ട് ഏച്ചിക്കാനം. അവളത് ചവച്ച് ചാറൊലിപ്പിക്കുന്നുമുണ്ട്. അതേ പ്രായത്തിലുള്ള ആൺ ചെറുക്കനാണ് നിലമ്പൂരിൽ ബിരിയാണിക്ക് കൊതി മൂത്ത് അരി മണി പോലും കിട്ടാതെ തോട്ടിലേക്ക് ഒഴുക്കാൻ കൊണ്ടു പോകുന്ന ബിരിയാണി നോക്കി കൊതിയിറക്കുന്നത്.
വ്യാഖ്യാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. ആഗോള സാമ്പത്തികക്രമമോ മണ്ണാങ്കട്ടയോ ഒന്നും കരിയില കൊണ്ട് പൊതിയേണ്ട. പട്ടിണിയാണ് വിഷയം! അതാവിഷ്കരിക്കാൻ മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെ നിലമ്പൂർ ജോയിയുടെ ബിരിയാണിയെടുത്തു തന്നെ വയറ്റത്തടിക്കണമായിരുന്നോ ഏച്ചിക്കാനം…?
കീഴാളപക്ഷോം മേലാളപക്ഷോം നവ മുതലാളിത്തോം ഒക്കെപ്പറഞ്ഞ് ഏച്ചിക്കാനത്തെ വേലി കെട്ടാം. സൗന്ദര്യ പക്ഷത്ത് ശില്പ വൈഭവത്തിന്റെ തൽപ്പത്തിലിരുത്തി കാസർകോഡൻ ബിരിയാണിക്ക് സ്വാദ് കൂട്ടാം.
എന്നാലും ആ പെരുച്ചാഴി നിലമ്പൂർ ബിരിയാണിയിൽ ഒഴിയാബാധയായിക്കിടക്കും.

നിലമ്പൂരു നടന്ന കഥ കാസർകോഡ് എത്താൻ എന്തിന് ഏറെ നേരം…?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker