Column

പോലീസുകാരൻ്റെ മകൾ

എഴത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. സാമൂഹിക പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന ദീപയുടെ ഫെയ്സ് ബുക്ക് കുറിപ്പുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. ആർദ്രമായ ഓർമകളുടെ ഹിമകണങ്ങൾ പുരണ്ട ചില അനുഭവങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. എന്നാൽ ചില സത്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു

“പോലീസിനെപ്പറ്റി പൊതുവെ ഞാനെഴുതാറില്ല. എന്തെഴുതിയാലും അതിലൊരു വൈകാരികതലം കൂടി കലരും എന്നതാണ് കാര്യം. വൈകാരികതയ്ക്ക് കൂടുതൽ പ്രാധാന്യവും ഭംഗിയും സ്വകാര്യതലങ്ങളിലാണ്.
ഒരു പൊതുവിഷയത്തെക്കുറിച്ച്/പ്രശ്നത്തെക്കുറിച്ച് എഴുതുമ്പോൾ വൈകാരികഭാണ്ഡങ്ങളുടെ ഇറക്കിവെക്കലിനൊന്നും വലിയ പ്രസക്തിയില്ല. എങ്കിലും ഈയെഴുത്തിൽ എത്ര സംയമനം പാലിച്ചാലും എൻ്റെ വൈകാരികത കലരും എന്നുറപ്പുണ്ട്. അതിന് മുൻകൂറായി ക്ഷമ ചോദിക്കുന്നു.

തൊഴിലുകളെക്കുറിച്ച് സൊസൈറ്റിക്ക് ഒരു കാഴ്ചപ്പാടുണ്ട്. പ്രിവിലേജ്ഡ് ആയ ചില തൊഴിലുകളുണ്ട്. ഞങ്ങൾ അധ്യാപകരടക്കം തൊഴിൽപരമായി ധാരാളം പ്രിവിലേജുകൾ അനുഭവിക്കുന്നവരാണ്. തൊഴിൽപരമായി അത്രയ്ക്കൊന്നും പ്രിവിലേജ്ഡായ വിഭാഗമല്ല പോലീസ്. ഒരു പോലീസുകാരൻ്റെ തൊഴിൽ അത്രയ്ക്കൊന്നും സുഖകരമല്ല. പട്ടാളക്കാരെക്കുറിച്ച് പറയുമ്പോഴുള്ള മഹത്വവത്കരണമൊന്നും പോലീസിൻ്റെ കാര്യത്തിലില്ല. ഒരു പട്ടാളക്കാരൻ്റെ തൊഴിൽ മഹത്തരമാണെന്ന കാര്യത്തിൽ ഇതെഴുതുമ്പോഴും എനിക്കൊരു സംശയവുമില്ല. പക്ഷേ ആ മഹത്വവൽക്കരണം നടത്തുമ്പോൾ പോലീസുകാരൻ പലപ്പോഴും കളത്തിനു വെളിയിലാണ്. പോലീസുകാരെക്കുറിച്ച് കൊച്ചു കുട്ടികൾക്കു പോലും ചില മുൻവിധികളുണ്ട്. പല സംശയമുനക്കണ്ണുകൾക്കും കീഴെയാണ് ഒരു പോലീസുകാരൻ്റെ ജീവിതം.

നമ്മുടെ സിനിമയും മാധ്യമങ്ങളും സാഹിത്യവുമെല്ലാം അത്തരം മുൻവിധികളെ ഊട്ടിയുറപ്പിക്കുന്നു. ഒന്നുകിൽ ക്രൂരനായ വില്ലൻ, അല്ലെങ്കിൽ അമാനുഷികനായ നായകൻ; അതുമല്ലെങ്കിൽ കോമാളി… സമൂഹമനസ്സിലെ പോലീസ് ചിത്രം അതാണ്.
ഒന്നുകിൽ ഭരതൻ എസ് ഐ, അല്ലെങ്കിൽ ഭരത് ചന്ദ്രൻ ഐ പി എസ്. അതായിരിക്കും സിനിമയിലെ പോലീസ്. വനിതാ പോലീസിനെയൊക്കെ എത്രമാത്രം സ്ത്രീവിരുദ്ധമായിട്ടാണ് മലയാള സിനിമ കൈകാര്യം ചെയ്തിട്ടുള്ളത്…!
സിനിമയും സാഹിത്യവുമെല്ലാം മുന്നോട്ടുവെച്ച ഈ സങ്കൽപ്പങ്ങളിലൂടെയാണ് പൊതുസമൂഹം പോലീസിനെ നോക്കിക്കാണുന്നത്. ‘ഞാനൊരിക്കലും പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ല’ എന്ന അഭിമാനപ്രഘോഷണമൊക്കെ ഇപ്പോഴും കേൾക്കാം.
പോലീസ് സ്റ്റേഷനിൽ കയറാൻ, ഒരു പരാതി കൊടുക്കാൻ മടിക്കുന്ന ആളുകളാണ് നമ്മളിൽ പലരും.

ഞാൻ നിരവധി തവണ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടുണ്ട്. എൻ്റെ അച്ഛൻ 36 വർഷത്തിലധികം സർവീസുള്ള ഒരു പോലീസുകാരനായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ ജോലിക്കു കയറി എ.എസ്.ഐ ആയി വിരമിച്ച ആളാണ്.
ഒരു മധ്യവർഗ്ഗകുടുംബത്തിൻ്റെ സാമ്പത്തികമായ സുരക്ഷിതാവസ്ഥ ഞങ്ങൾക്കുണ്ടായിരുന്നു. പണം അനാവശ്യമായി ധൂർത്തടിച്ചു കളയുന്ന ആളല്ലായിരുന്നിട്ടും കുടുംബ സ്വത്ത് ഭാഗം വെച്ചു കിട്ടിയ 12 സെൻ്റ് ഭൂമിയിൽ ഒരു ചെറിയ ഒറ്റനില ടെറസ് വീടുവെച്ചു എന്നല്ലാതെ എൻ്റച്ഛൻ ഒന്നും സമ്പാദിച്ചിട്ടില്ല. പിന്നീട് ചേട്ടൻ ഗൾഫിൽ പോയിട്ടാണ് വീട് പുതുക്കിപ്പണിതതൊക്കെ.
വീട് മുഴുവനായി പൊളിച്ച് പുതുക്കിപ്പണിയാൻ അച്ഛനപ്പോഴും സമ്മതിച്ചില്ല. കാരണം അച്ഛൻ്റെ അധ്വാനത്തിൻ്റെ ബാക്കിപത്രമായിരുന്നു ആ വീട്. വീടിനോരു തീവ്രവൈകാരികത അച്ഛനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പഴയ വീടിൻ്റെ മിക്കവാറും എല്ലാ ഭാഗവും നിലനിർത്തിക്കൊണ്ടു തന്നെയാണ് വീട് പുതുക്കിപ്പണിതത്. അപ്പോഴും അതൊരനാവശ്യച്ചെലവാണ് എന്ന മട്ടിൽ അച്ഛൻ കുറ്റപ്പെടുത്തുമായിരുന്നു. ജീവിതത്തിൽ ഒരു തരത്തിലുള്ള ആർഭാടവും അച്ഛൻ അന്നുമിന്നും കാണിച്ചിട്ടില്ല.

ഒരു പോലീസുകാരൻ്റെ ഉത്തരവാദിത്തം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ എനിക്ക് വ്യക്തമായറിയാം. ബുദ്ധിമുട്ടുകളറിയാം,നഷ്ടങ്ങളറിയാം. വിശേഷദിവസങ്ങളിലൊന്നും അച്ഛന് ലീവെടുത്ത് വീട്ടിലിരിക്കാൻ സാധിച്ചിരുന്നില്ല.
അച്ഛനോടൊപ്പം ഞങ്ങളെവിടെയും വിനോദയാത്രക്ക് പോയിട്ടില്ല. കുടുംബത്തിലെ പല ചടങ്ങുകൾക്കും പങ്കെടുക്കാൻ അച്ഛന് സാധിച്ചിരുന്നില്ല. തൊഴിൽപരമായി അച്ഛൻ വളരെ കൃത്യനിഷ്ഠയുള്ള ആളായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ശുപാർശയുമായി വരുന്ന ബന്ധുക്കളെ അച്ഛൻ ഒരു തരത്തിലും പരിഗണിച്ചിരുന്നില്ല. ‘എൻ്റച്ഛൻ പോലീസാ’ എന്ന ഭീഷണി സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടികളോടിറക്കും എന്നല്ലാതെ അതിൻ്റെ മറ്റു പ്രിവിലേജുകളൊന്നും ഞാനനുഭവിച്ചിട്ടില്ല. പലപ്പോഴും അച്ഛനെ ഞങ്ങൾക്ക് കിട്ടാറില്ല എന്നതാണ് സത്യം.

അച്ഛൻ റിട്ടയർ ചെയ്യുന്ന ദിവസം വീട്ടിൽ കൊണ്ടു വന്നാക്കാനായി വന്ന സഹപ്രവർത്തകരിലൊരാൾ എന്നെ ചേർത്തു പിടിച്ച് പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഓർക്കും:

“ഞങ്ങളെപ്പോലല്ല കേട്ടോ..പാവമാണ്.. വല്യ കാര്യായിട്ടൊന്നും ഉണ്ടാക്കിക്കാണില്ല.. അച്ഛനെ ബുദ്ധിമുട്ടിക്കരുത്.. സമാധാനം കൊടുക്കണം.”

‘സമാധാനം കൊടുക്കണം’ എന്ന വാചകത്തിൻ്റെ ആന്തരികാർത്ഥമോർത്ത് അന്ന് ഞാനാശങ്കപ്പെട്ടിട്ടുണ്ട്.
എൻ്റെ പ്രണയം വീട്ടിലറിഞ്ഞ് ഭൂകമ്പമുണ്ടായ കാലം കൂടിയാണ്. ജാതീയമായ വേർതിരിവുകൾ ബന്ധുക്കളെ ആശങ്കപ്പെടുത്തിയ കാലം.
‘പഠിപ്പ് നിർത്തി കെട്ടിച്ച് വിട്ടൂടേ…?’ എന്ന ചോദ്യം അടുത്ത ബന്ധുക്കളിൽ നിന്നും ഉയർന്ന കാലമാണ്.
അന്ന് അച്ഛനെടുത്ത ശക്തമായ തീരുമാനമാണ് ഇന്ന് ഞാൻ കാലുറപ്പിച്ചിട്ടുള്ള ഈ ഭൂമി.

“വേണ്ടുവോളം പഠിക്കട്ടെ.. അവൾക്കിഷ്ടമില്ലാതെ കല്യാണം കഴിപ്പിക്കില്ല.. ” എന്ന തീരുമാനം അച്ഛനന്നെടുത്തില്ലായിരുന്നുവെങ്കിലെന്ന് പിന്നീടോർക്കുമ്പോൾ ഞാൻ വിറങ്ങലിക്കാറുണ്ട്. വൈകാരികമായ ആത്മബലവും അഭിമാനബോധവും ഞാൻ കൈവരിച്ചിട്ടുള്ളത് ഈ തൊഴിൽ ലഭിച്ചതിനു ശേഷമാണ്.

അച്ഛനെക്കുറിച്ചുള്ള ഈ കുറിപ്പ് പബ്ലിക്കായി ഇടാൻ ഞാൻ ധൈര്യപ്പെടുന്നത്, ഇതിനു താഴെ ഒരു കമൻ്റും അച്ഛനെക്കുറിച്ച് ഞാനെഴുതിയതിനെ റദ്ദ് ചെയ്യില്ല എന്ന ഉത്തമബോധ്യത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ്. ‘അയാളങ്ങനല്ല’ എന്ന് ഒരാളും ഇതിനു താഴെ വന്ന് പറയില്ല എന്ന ഉറപ്പെനിക്കുണ്ട്.

അച്ഛൻ ഏറ്റവുമധികം കാലം ജോലി ചെയ്തിട്ടുള്ളത് ഗുരുവായൂർ സ്റ്റേഷനിലാണ്. അച്ഛന് ആ സ്ഥലം വലിയ ഇഷ്ടമായിരുന്നു. അവിടെ ജോലി ചെയ്യുന്ന സമയത്ത് അമ്പലത്തിലേക്ക് പോകുമ്പോൾ ഏറ്റവും വലിയ പ്രലോഭനം വഴിയോരത്തെ കടകളായിരുന്നു. വളകളും മാലകളും വാങ്ങുന്നത് അപ്പോഴാണ്.
“ഇഷ്ടമുള്ളതെടുത്തോ മോളേ ” എന്നു പറഞ്ഞ് അവർ പ്രോത്സാഹിപ്പിക്കുമ്പോൾ അച്ഛൻ എന്നെയൊന്നു നോക്കും. അധികം എടുക്കരുത് എന്നാണാ നോട്ടത്തിൻ്റെ അർത്ഥം. ഞാനെന്തു വാങ്ങുന്നോ അതെല്ലാം ഇളയച്ഛൻ്റെ മകളായ സോജക്കും വാങ്ങണം എന്ന് അച്ഛന് നിർബന്ധമായിരുന്നു. കൂട്ടുകുടുംബത്തിൻ്റെ പങ്കുവെക്കലുകളിൽ എനിക്ക് ഉള്ളിൽ അമർഷമുണ്ടാകാറുണ്ടെങ്കിലും അച്ഛനത് ഗൗനിക്കാറില്ല.
‘എത്രയായി?’ എന്ന അച്ഛൻ്റെ ചോദ്യത്തിന് ‘അതെല്ലാം പിന്നെപ്പറയാം സാറേ’ എന്ന ഉത്തരമാണ് കടക്കാരനിൽ നിന്നും ലഭിക്കുക.
“എങ്കി വാങ്ങിയതെല്ലാം അവിടെ വെക്ക് ” എന്ന അച്ഛൻ്റെ നിർദ്ദേശം കേട്ട് ഞാൻ തളരും.
എന്നെയാ തളർച്ചയിൽ നിന്നും കരകയറ്റാനായി കടക്കാരൻ ഒരുവില പറയും. അച്ഛനത് കൊടുക്കും. അതാണ് പതിവ്.
റിട്ടയർ ചെയ്തതിനു ശേഷവും ഗുരുവായൂർക്കു പോകുമ്പോ അവിടെയുള്ള വഴിയോരക്കച്ചവടക്കാർ സ്നേഹത്തോടെ ‘സാറേ’ന്നു വിളിച്ച് അടുത്തേക്ക് വരാറുണ്ട്. പഴയ അതേ സ്നേഹം കാട്ടാറുണ്ട്.
ഞങ്ങളോട് ചിരിക്കുന്നതിനേക്കാൾ ഭംഗിയായി അച്ഛൻ അവരോട് ചിരിക്കുന്നതായി തോന്നാറുണ്ട്.

  • അച്ഛനോടൊപ്പവും പിന്നീട് സ്വന്തം ആവശ്യാർത്ഥവും നിരവധി പോലീസ് സ്റ്റേഷനുകളിൽ പോയിട്ടുള്ള ഒരാളാണ് ഞാൻ. വ്യക്തിപരമായി ദുരനുഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല എങ്കിലും നിർദോഷം എന്ന് തോന്നിപ്പിക്കാവുന്ന ചില ചോദ്യങ്ങൾ എന്നിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഞാനത് പ്രകടിപ്പിച്ചിട്ടുമുണ്ട്. ഒരിക്കൽ എൻ്റെ ഫോൺ നമ്പറും ഫോട്ടോയും അശ്ലീലഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ച് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ പരാതി പറയാൻ ചെന്ന എന്നോട് പോലീസുദ്യോഗസ്ഥൻ ആദ്യം ചോദിച്ച ചോദ്യം, ”മാഡം.. ഫോൺ നമ്പർ ചേഞ്ച് ചെയ്താൽ പ്രശ്നം തീരില്ലേ?” എന്നാണ്. അത് പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. എന്നെ വിളിച്ചവരെപ്പറ്റി എനിക്ക് പരാതിയില്ല, പക്ഷേ എൻ്റെ നമ്പറും ചിത്രവും ആ ഗ്രൂപ്പുകളിൽ ദുഷ്ടലാക്കോടെ കൊണ്ടിട്ടവർ ആരാണെന്ന് എനിക്കറിയണമെന്ന് ഞാൻ പറഞ്ഞതനുസരിച്ചാണ് ആ കേസ് അവർ ഗൗരവമായി എടുത്തതും പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തതും. ആ കേസ് ഇപ്പോഴും കോടതിയിലാണ്, തീർന്നിട്ടില്ല.
    പറഞ്ഞു വന്നത്, ചില പോലീസുകാരെങ്കിലും ‘കേശവൻ മാമൻ്റെ ‘ പണി ചെയ്യുന്നുണ്ട് എന്നു സൂചിപ്പിക്കാനാണ്.
    ജനങ്ങളെ ഉപദേശിക്കാൻ നിരവധി തൊഴിലുകൾ വേറെയുണ്ട്. സ്ത്രീകൾ ഫേസ്ബുക്കിൽ ഫോട്ടോയിട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർമ്മിപ്പിക്കാനല്ല പോലീസിരിക്കുന്നത്. കോഴി പുറത്തിറങ്ങുന്നതു കൊണ്ടല്ലേ കുറുക്കൻ പിടിച്ചുതിന്നുന്നത് എന്ന മട്ടിലുള്ള പ്രശ്ന പരിഹാരമാണത്. അതല്ല ആവശ്യം.
    ഒരു പൊതുഇടത്തിൽ ആത്മാഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാനുള്ള കടമയാണ് പോലീസിനുള്ളത്. അത് ഭംഗിയായി നിർവഹിക്കുന്നവരുമുണ്ട്. അവരെക്കൂടി അപമാനിക്കുന്ന തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥരെ നിലക്കുനിർത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.

‘ഭയമുൽപ്പാദന’മല്ല പോലീസിൻ്റെ ലക്ഷ്യം. ഭയം അത്ര മഹത്തായ വികാരമൊന്നുമല്ല. എല്ലാ ഭയങ്ങളും ഉത്ഭവിക്കുന്നത് ബഹുമാനത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. ചില ഭയങ്ങൾ നിസ്സഹായതയാണ്… അത് തിരിച്ചറിയണം.

നിയമവ്യവസ്ഥയോട് ഭയമില്ലാത്ത ഒരുനാട് അരാജകത്വം നിറഞ്ഞതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിയമവ്യവസ്ഥയോടുള്ള ഭയം തന്നെയാണ് നമ്മുടെ സാമൂഹിക ജീവിതത്തെ പലപ്പോഴും ക്രമപ്പെടുത്തുന്നതും.
സമൂഹത്തിലെ ഓരോ വ്യക്തിയേയും നിയമങ്ങളനുസരിക്കാൻ പ്രേരിപ്പിക്കുകയാണ് പോലീസിൻ്റെ ധർമ്മം. നിയമത്തിൽ നിന്നും വ്യതിചലിക്കുന്ന വ്യക്തിയെ നിയന്ത്രിച്ച് സാമൂഹ്യസ്വസ്ഥത ഉറപ്പു വരുത്തേണ്ട വലിയൊരു ഉത്തരവാദിത്തം പോലീസിനുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. പോലീസിൻ്റെ കർത്തവ്യനിർവ്വഹണത്തിൻ്റെ ഭാഗമായി തീർച്ചയായും ചില ഭയപ്പെടുത്തലുകൾ വേണ്ടിവന്നേക്കാം. പക്ഷേ സാധുമനുഷ്യരിൽ ഭയം ഉൽപ്പാദിപ്പിക്കുന്ന ഒരു ബിംബമായി പോലീസ് മാറരുത്.

എല്ലാവരേയും ‘ഭരിക്കാനും’ അടിച്ചമർത്താനുമുള്ള ഒരു ലൈസൻസായി തങ്ങളിട്ടിരിക്കുന്ന യൂണിഫോം എന്നു കരുതുന്ന ചിലരുണ്ട്. ആ ‘ചിലരാണ് ‘ പോലീസിനെ പലപ്പോഴും ജനങ്ങളുടെ പ്രതിപക്ഷത്താക്കി മാറ്റുന്നത്.
പോലീസിൽ ചേർന്നു കഴിഞ്ഞാൽ സൗമ്യതയുടെ സ്വരം പാടില്ല എന്നാരോ അവരെ പഠിപ്പിച്ചു വിട്ടിട്ടുണ്ടെന്നു തോന്നും പെരുമാറ്റം കാണുമ്പോൾ. പോലീസിന് മുമ്പത്തേക്കാൾ ജനകീയമുഖം ഇന്ന് കൈവന്നിട്ടുണ്ട് എങ്കിലും പലരും ഇനിയും മാറേണ്ടതുണ്ട്. ഒരു മഹത്തായ തൊഴിലിൻ്റെ മാന്യത നിലനിർത്തേണ്ടത് വലിയ ബാധ്യതയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker