NewsThen Special

അത്ര എളുപ്പമല്ല; തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍

തോക്ക് കൈവശം വയ്ക്കുക എന്നത് ഇന്ത്യയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അതില്‍ പ്രധാനമാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ്. കര്‍ശന മാനദണ്ഡങ്ങളാണ് ഒരു ലൈസന്‍സ് ലഭിക്കാന്‍ ഉള്ളത് എന്ന് ചുരുക്കം.

നാടന്‍ തോക്കുകള്‍ എന്ന പേരില്‍ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരാറുള്ള തോക്കുകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. വന്യമൃഗ വേട്ടയ്ക്കും മറ്റും ഉപയോഗിക്കുന്ന ഇത്തരം തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നവരും കുറവല്ല. ഇത്തരം കള്ളത്തോക്കുകള്‍ ഉപയോഗിച്ചാല്‍ ആയുധ നിയമ പ്രകാരം രണ്ട് മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കുള്ള വകുപ്പുണ്ട്. കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മാസം തോറും 20 അപേക്ഷകളെങ്കിലും സംസ്ഥാനത്തെ ഒരോ കലക്ട്രേറ്റിലും ലഭിക്കുന്നതായാണ് കണക്കുകള്‍.

ലൈസന്‍സ് എങ്ങനെ

തോക്കിന്റെ ആവശ്യം എന്താണെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യ ഘട്ടം. കലക്ടര്‍ ഈ അപേക്ഷ എ.ഡി.എമ്മിന് കൈമാറും. തുടര്‍ന്നാണ് വിശദമായ അന്വേഷണം ആരംഭിക്കുന്നത്. എസ്.പിക്കോ പൊലീസ് കമ്മീഷണര്‍ക്കാ ആയിരിക്കും അന്വേഷണ ചുമതല. തോക്ക് ആവശ്യപ്പെടുന്നതിനുള്ള കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. തോക്ക് സ്വയ രക്ഷയ്ക്കായാണോ, മോഷണമോ അക്രമമോ ഭയക്കാന്‍ തക്ക സാമ്പത്തീക ശേഷിയുണ്ടോ, അപേക്ഷകന് എതിരെ ഭീഷണിയുണ്ടോ, വ്യക്തിയുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടോ, നിലവില്‍ അപേക്ഷകന്‍ ഏതെങ്കിലും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. അപേക്ഷകന്റെ വ്യക്തി പരമായ സ്വഭാവവും മാനസീകാരോഗ്യവും പ്രധാനമാണ്.

അന്വേഷണം മാസങ്ങളോളം നീളാം

അപേക്ഷകന്റെ പരിധിയിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും. അന്വേഷണത്തിന് പ്രത്യേക കാലാവധിയില്ല. ചിലപ്പോള്‍ മാസങ്ങളോളം നീണ്ടുപോകാം. എന്നാല്‍ തോക്കിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ രണ്ട് മാസത്തിനകം ലൈസന്‍സ് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച് അഞ്ച് വര്‍ഷമാണ് ലൈസന്‍സ് കാലാവധി.

ലൈസന്‍സ് പുതുക്കാനായി അപേക്ഷകന്‍ താമസിക്കുന്ന ജില്ലയിലെ കലക്ടര്‍ക്കോ എ.ഡി.എമ്മിനോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ലൈസന്‍സി ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറുമ്പോഴും രജിസ്‌ട്രേഷന് അപേക്ഷ നല്‍കണം. ലൈസന്‍സ് അനുവദിക്കുന്നതിനും, പുതുക്കുന്നതിനും പോലീസ്, റവന്യു, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങേണ്ടി വരും. എന്നാല്‍, ലഭിക്കുന്ന ഭൂരിഭാഗം അപേക്ഷകളും ആദ്യ ഘട്ടത്തിലെ അന്വേഷണത്തിലേ തള്ളിക്കളയാറാണ് പതിവ്.

വാങ്ങിയാലും പണിയുണ്ട്

ലൈസന്‍സ് ലഭിച്ചാല്‍ ഇത് ഹാജരാക്കി ഇഷ്ടമുള്ള സിവിലിയന്‍ തോക്ക് സ്വന്തമാക്കാം. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അംഗീകൃത തോക്ക് വില്‍പ്പന കേന്ദ്രങ്ങളുണ്ട്. വാങ്ങിയ തോക്ക് തിരകള്‍ സഹിതം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയാണ് അടുത്ത പടി. തോക്കിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഉടമയ്ക്ക് കൈമാറുന്നത്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും പൊലീസ് നല്‍കും.

വെടിവയ്ക്കാനും പഠിക്കണം

തോക്ക് ലൈസന്‍സിന്റെ ദുരുപയോഗം ക്രിമിനല്‍ കുറ്റമാണ്. ആത്മരക്ഷാര്‍ത്ഥം മാത്രമേ തോക്ക് ഉപയോഗിക്കാവൂ എന്നാണ് നിയമം.  കാല്‍മുട്ടിന് താഴെ മാത്രമേ വെടി വയ്ക്കാന്‍ അനുവാദം നല്‍കുന്നുള്ളൂ. നാട്ടില്‍ ഏതെങ്കിലും തരത്തിലുള്ള കലാപമോ അക്രമ സാധ്യതയോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തോക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. ഈ അവസരത്തില്‍ ഉടമയ്ക്ക് പൊലീസ് സംരക്ഷണം നല്‍കും.

ലൈസന്‍സിന് ഇവര്‍ അനര്‍ഹര്‍

ജയില്‍ ശിക്ഷ അനുഭവിച്ചവര്‍, സാമൂഹ്യ വിരുദ്ധര്‍, ക്രിമിനല്‍ കേസിലെ പ്രതികള്‍, സ്്്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തിയവര്‍, മാനസീക രോഗമുള്ളവര്‍, പൊലീസ് സംരക്ഷണം ലഭിക്കുന്നവര്‍ എന്നിവര്‍ക്ക് തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker