KeralaNEWS

പണിയുണ്ടേൽ സമയം കിട്ടില്ല, വെറുതെ ഇരിക്കുമ്പോഴാണ് പ്രസ്താവനകള്‍… ” മുരളീധരനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന. എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്

കുതിരാന്‍ തുരങ്കം തുറക്കുന്നത് സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ പരാമര്‍ശങ്ങളെ പരിഹസിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വെറുതെ ഇരിക്കുമ്പോഴാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ തോന്നുകയെന്നും പണിയുണ്ടേല്‍ അതിന് സമയം കിട്ടില്ലെന്നും റിയാസ് പരിഹാസിച്ചു. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കത്തിന്റെ ക്രെഡിറ്റ് എടുക്കാനല്ല ഇടപെട്ടതെന്നും ഉടന്‍ തന്നെ അടുത്ത ടണല്‍ തുറക്കുന്നതിനെ കുറിച്ചാണ് ചിന്തയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

“കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ സമീപനം മാതൃകാപരമാണ്. എച്ച്.എച്ച്‌.ഐ.എ ആണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കേണ്ടത്. തുരങ്കത്തില്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്… ”
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന. എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്കു ശേഷം കുതിരാൻ തുരങ്കം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ തുറക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടതുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ അനുമതി നൽകിയത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരിയാണ് ആദ്യം അറിയിച്ചതും.

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിനു തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനി വ്യക്തമാക്കിയതിനെ തുടർന്നാണിത്. തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ട് റീജനൽ ഓഫിസിന് കൈമാറുകയായിരുന്നു. തുടർന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എപ്പോൾ വേണമെങ്കിലും ആദ്യത്തെ ടണൽ ഗതാഗതത്തിനായി തുറന്നു കൊടുക്കാം എന്ന് സംസ്ഥാനത്തെ അറിയിച്ചത്.

കേന്ദ്ര പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടനം രണ്ടാമത്തെ തുരങ്കത്തിന്റെയും നിർമ്മാണം പൂർത്തിയാക്കിയ ശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചേക്കും എന്നാണ് അറിയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker