LIFEMovie

”ജോഷ്വാ മോശയുടെ പിന്‍ഗാമി” മിസ്റ്ററി ത്രില്ലറുമായി പുതുമുഖങ്ങള്‍

ലോകസിനിമയില്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കാണുന്ന പ്രേക്ഷകനെ കഥയിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ പിന്നീട് പ്രേക്ഷകര്‍ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കും എന്ന പ്രത്യേകത ത്രില്ലര്‍ ചിത്രങ്ങള്‍ക്കുണ്ട്. മലയാള പ്രേക്ഷകര്‍ എപ്പോഴും പരാതി പറഞ്ഞിരുന്ന കാര്യമായിരുന്നു മലയാള സിനിമയില്‍ നല്ല ത്രില്ലറുകളെത്തുന്നില്ലായെന്നുള്ളത്. എന്നാല്‍ മെമ്മറീസ്, ദൃശ്യം, അഞ്ചാംപാതിര, ഫോറന്‍സിക് തുടങ്ങിയ ചിത്രങ്ങളെത്തിയതോടെ മലയാള സിനിമയില്‍ ത്രില്ലര്‍ ദാരിദ്ര്യം അവസാനിക്കുകയായിരുന്നു. ഈ ചിത്രങ്ങളുടെ ചുവട് പിടിച്ച് പിന്നീട് ചെറുതും വലുതുമായ പല ത്രില്ലര്‍ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്‍പിലെത്തി. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരു സംഘം പുതുമുഖങ്ങള്‍ കൂടി എത്തി നില്‍ക്കുകയാണ്.

 

‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ 99 ശതമാനം പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്റെ മെഴുതിരി അത്താഴങ്ങള്‍, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സുധീഷ് മോഹനാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സുധീഷ് മോഹന്‍ തന്നെ തിരക്കഥയൊരുക്കി കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ റോഡി എന്ന ഹൃസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഖിലേഷ് ഈശ്വറാണ് ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കള, ആര്‍ക്കറിയാം എന്നി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രമോദ് വെളിയനാടും ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നു. കയേദു സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖിലേഷിനൊപ്പം നാല്‍പ്പതോളം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു.

വിനോദ് ഗോപി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് സ്വാതിയും, സംഗീതവും പശ്ചാത്ത സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസുമാണ്. കോവിഡ് പരിമിതികള്‍ക്കുളളില്‍ നിന്നാണ് അണിയറ പ്രവര്‍ത്തര്‍ സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഡ്രാമയാണെന്ന് സംവിധായകന്‍ പറയുന്നു.  ഒരു പെണ്‍കുട്ടിയുടെ തിരോധാനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ വലിയ തരത്തിലുള്ള നിഗൂഡതകള്‍ അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ച് വെച്ചിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ചിത്രം സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ചില സൂചനകളും കാണാം.

സ്ത്രീകളും സൈബര്‍ കുറ്റകൃത്യങ്ങളും, പെണ്‍കുട്ടികളുടെ തിരോധാനത്തിലെ ദുരൂഹത, ലോക്ഡൗണ്‍ നീട്ടി തുടങ്ങിയ തലക്കെട്ടുള്ള പത്രവാര്‍ത്തകള്‍ പോസ്റ്ററില്‍ ചിലയിടങ്ങളില്‍ അവ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ഒരു കച്ചവട സിനിമ എന്നതിനപ്പുറത്തേക്ക് ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന ചിത്രം സംസാരിക്കുന്ന വിഷയം കുറച്ച് കൂടീ തീവ്രതയേറിയതാണ് എന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റ് മാസത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker