NewsThen Special

ബൈക്കുകളില്‍ യുവാക്കളുടെ മത്സര ഓട്ടം; നിരത്തുകൾ ചോരപ്പുഴകളാകുന്നു

റോഡിലൂടെ മറ്റു വാഹനങ്ങൾക്കും, വഴി യാത്രക്കാർക്കും, സ്വന്തം ജീവനു തന്നെയും അപകടം വരുത്തുന്ന രീതിയിൽ മത്സരയോട്ടം നടത്തുന്ന സാമൂഹിക ദ്രോഹികളെ നിലക്ക് നിറുത്തിയില്ലായെങ്കിൽ വിലയേറിയ ഒട്ടേറെ ജീവനുകൾ ഇനിയും പെരുവഴിയിൽ അസ്തമിച്ചെന്നിരിക്കും

നടുറോഡില്‍ ബൈക്കുകളോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കാല്‍നടക്കാരായ സ്ത്രീകളുടെ അവസരോചിതമായ ഇടപെടല്‍ മൂലം പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കോവളം-മുക്കോല-കല്ലുവെട്ടാന്‍കുഴി ബൈപ്പാസിലാണ് സംഭവം. അഞ്ചംഗ സംഘമാണ് റോഡില്‍ ബൈക്ക് മത്സരയോട്ടം നടത്തി പിടിയിലായത്. ബാലരാമപുരം സ്വദേശികളായ മനീഷ് (20), തൗഫീക്ക് (20), പൂവാര്‍ സ്വദേശി അഫ്സല്‍ അലി (18), അമരവിള സ്വദേശി സൂര്യ (22) കാരയ്ക്കാ മണ്ഡപം സ്വദേശി ഷെഹിന്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഈ യുവാക്കളില്‍ ഒരാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു, ഒരു ബൈക്കിന് നമ്പര്‍ പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല.
ഒന്നര വര്‍ഷം മുമ്പ് ഇതേ റോഡില്‍ ബൈക്ക് റേസിങ്ങ് സംഘത്തിന്റെ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് റേസിങ്ങിനിടയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസിലെ ഓടയില്‍ വീണ് യുവാവിന് ജീവന്‍ നഷ്ടമായി.
അവധി ദിവസങ്ങളില്‍ ഈ റോഡുകളില്‍ എത്തുന്ന ഇത്തരത്തിലുള്ള ബൈക്ക് റേസിങ്ങ് സംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവ് കാഴ്ചയാണെന്നാണ് നാട്ടുകാര്‍. ഇത്തരം ബൈക്കോട്ട മത്സരങ്ങള്‍ നിരവധി അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം സന്ധ്യക്ക് ചങ്ങനാശേരിയിൽ ബൈപ്പാസ് റോഡിൽക്കൂടി ബൈക്ക് റേസിംഗ് നടത്തിയ പത്തൊൻപതുകാരനുൾപ്പടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി സ്വദേശി ശരത് (19) പുഴവാത് സ്വദേശി മുരുകന്‍ ആചാരി (67) ചങ്ങനാശേരി കാർത്തിക ജ്വലറി ഉടമ സേതുനാഥ് (41) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിൽ എത്തിയ ശരതിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാത്രി ഏഴ് മണിയോടെ ചങ്ങനാശേരി ബൈപ്പാസില്‍ മത്സരഓട്ടം നടത്തുന്നതിനിടയിലായിരുന്നു അപകടം. ഇതിനുമുമ്പ് പാറേൽ പള്ളിക്കു സമീപവും ബൈക്കപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു.കേരളത്തിൽ നിരവധി പേരുടെ ജീവനാണ് ഇത്തരത്തിൽ ഓരോ ദിവസവും പൊലിയുന്നത്.

റോഡിലൂടെ മറ്റു വാഹനങ്ങൾക്കും, വഴി യാത്രക്കാർക്കും, സ്വന്തം ജീവനു തന്നെയും അപകടം വരുത്തുന്ന രീതിയിൽ മത്സരയോട്ടം നടത്തുന്ന ഇത്തരം സാമൂഹിക ദ്രോഹികളെ നിലക്ക് നിറുത്തിയില്ലായെങ്കിൽ വിലയേറിയ ഒട്ടേറെ ജീവനുകൾ ഇനിയും പെരുവഴിയിൽ അസ്തമിച്ചെന്നിരിക്കും. പൂവൻ കോഴിയുടെ അങ്കവാലുപോലെ പൊങ്ങിയിരിക്കുന്ന ഒരു ബൈക്കിൽ കയറിയാൽ ലോകം നിങ്ങളുടെ കാൽകീഴിലാകും എന്നു ചിന്തിക്കുന്ന വിഡ്ഢികളായ ചെറുപ്പക്കാരെ, നിങ്ങൾ ഒന്നു മനസിലാക്കുക..
നിങ്ങൾ ഇപ്പോഴും ഈ ഭൂമുഖത്ത് ജീവനോടെയിരിക്കുന്നത് നിങ്ങളുടെയൊന്നും മിടുക്കോ കഴിവുകൊണ്ടോ അല്ല.പിന്നെയോ എതിർദിശയിൽ നിന്നും നിങ്ങളെ കടന്നുപോയ ആ വാഹനങ്ങളിലെ ഡ്രൈവർമാരുടെ മനസ്സുറപ്പ് ഒന്നുകൊണ്ടു മാത്രമാണ്!
റോഡുകളിൽ ഇനിയും രക്തപ്പുഴ ഒഴുകാൻ പാടില്ല. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് ടൂ വീലറുകൾക്കാണ് എന്നതും ഓർക്കുക.
-എബ്രഹാം വർഗീസ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker