NewsThen Special

ആലപ്പുഴയിലെ പ്രാഞ്ചിയേട്ടന്മാരെ തള്ളിപ്പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് അഭിഭാഷക, നിയമപഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും വക്കീൽ കുപ്പായം ഉപയോഗിച്ചിട്ടില്ലെന്നുമുള്ള കുമ്പസാരവുമായി സെസി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ച സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കോഴ്സ് പാസായില്ലെന്നും ബാർ കൗൺസിൽ എൻട്രോൾ ചെയ്തിട്ടില്ലെന്നും പ്രചരിപ്പിച്ചതെന്ന് സെസി വെളിപ്പെടുത്തുന്നു

ആലപ്പുഴയിലെ വ്യാജ വക്കീൽ സെസിയുടെ കഥ ഒന്ന് കേൾക്കേണ്ടത് തന്നെയാണ്. ആലപ്പുഴ ബാറിലെ പല പ്രാഞ്ചിയേട്ടന്മാരും സെസിയുടെ പിന്നാലെയായിരുന്നു. സെസിക്ക് വേണ്ടി കേസുകൾ ക്യാൻവാസ് ചെയ്യുന്നു, സെസിയെ സർവ്വാത്മനാ പിന്തുണയ്ക്കുന്നു, ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിക്കുന്നു, ഒടുവിൽ സെസിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചെടുക്കുന്നു. പോരേ പൂരം…!
എന്തായാലും കുറച്ചുകാലം സെസിമയമായിരുന്നു ആലപ്പുഴ നഗരം.
നിയമബിരുദം നേടിയിട്ടില്ലാത്ത സെസി എങ്ങനെ ആലപ്പുഴയിലെ അഭിഭാഷകരുടെ ഇടയിൽ താരമായി മാറി.
ഈ സെസി ഒട്ടേറെ കുട്ടേട്ടന്മാരുടെ ഉറക്കം കെടുത്തി എന്നതാണു സത്യം.
ഒടുവിൽ പൂച്ചു പുറത്തായി.
സെസി വ്യാജ വക്കീൽ ആണെന്ന് വ്യക്തമായി. മാത്രമല്ല കക്ഷി പെട്ടെന്നൊരുനാൾ അപ്രത്യക്ഷയാകുകയും ചെയ്തു. സെസിയുടെ ശിങ്കിടികൾക്കും പിന്തുണക്കാർക്കുമൊക്കെ ഒടുവിൽ തലയിൽ മുണ്ടിട്ടു കൊണ്ടു മാത്രമേ പുറത്തിറങ്ങാൻ കഴിയൂ എന്ന അവസ്ഥ വന്നു.
സെസി വ്യാജവക്കിലാണെന്ന് വെളിപ്പെട്ടതോടെ സ്വന്തം മുഖം രക്ഷിക്കാനായി പ്രസ്തുത പ്രാഞ്ചിയേട്ടന്മാരുടെ ശ്രമം. എല്ലാ ലോ പോയിൻ്റുകളും വച്ച് ഒരു പരാതിയെഴുതി പോലീസിൽ ഏൽപ്പിച്ചു.
പിന്നെ പോലീസും സഹപ്രവർത്തകരും കൂട്ടായി സെസിയെ അന്വേഷിച്ച പരക്കം പാഞ്ഞു തുടങ്ങി. പലസ്ഥലങ്ങളിലും സെസിയെ കണ്ടു എന്നു പറയുന്നുണ്ടെങ്കിലും പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. രാമങ്കരിയിലെ വീട്ടിലുണ്ട്, ചേർത്തലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി എന്നു തുടങ്ങി പല കഥകളും പ്രചരിക്കുന്നു. ഇതിനിടയിൽ ഇതാ സെസി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു.
വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം കാരണം നിയമ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല, രാമങ്കരിയിലെ വക്കിൽ ഓഫീസിൽ പ്രവർത്തിച്ചത് ഇൻ്റേൺ ആയിട്ടാണ് വക്കീൽ കുപ്പായം ഉപയോഗിച്ചിട്ടില്ല എന്നൊ പറഞ്ഞാണ് ഹൈക്കോടതിക്ക് മുമ്പിൽ ജാമ്യാപേക്ഷയുമായി സെസി എത്തിയിരിക്കുന്നത്.
ആലപ്പുഴ ബാർ അസോസിയേഷനിൽ അംഗം അല്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പിൽ തൻ്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ സെസി അറിയിച്ചു.
തിരുവനന്തപുരം ലോ അക്കാദമിയിൽ 2014 -17 കാലത്ത് സെസി വിദ്യാർത്ഥിയായിരുന്നു. ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടതിനാൽ എൽ.എൽ.ബി വിജയിക്കാൻ കഴിഞ്ഞില്ല. കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ വന്നത് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ്. അതിനാൽ ആലപ്പുഴയിലെ വക്കീൽ ഓഫീസിൽ ഇൻ്റേൺ ആയി ചേർന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫീസുകളിൽ അഭിഭാഷക കുപ്പായം ഇടാതെ ആണ് പ്രവർത്തിച്ചുവന്നതെന്നും സെസി പറയുന്നു.
ആലപ്പുഴ ബാർ അസോസിയേഷനിലെ സുഹൃത്തുക്കൾ, തന്നെ നിർദ്ദേശിച്ചത് അനുസരിച്ചാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു, തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ച സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കോഴ്സ് പാസായില്ലെന്നും ബാർ കൗൺസിൽ എൻട്രോൾ ചെയ്തിട്ടില്ലെന്നും പ്രചരിപ്പിച്ചതെന്ന് സെസി വെളിപ്പെടുത്തുന്നു.
വഞ്ചന ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ്, ബാർ അസോസിയേഷൻ്റെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന വക്കീലിൻ്റെ റോൾ നമ്പറാണ് സെസിഉപയോഗിച്ചിരുന്നത്. രണ്ടര വർഷമാണ് ബിരുദവും എൻറോൾമെൻ്റും ഇല്ലാതെ സെസി അഭിഭാഷകയായി പ്രവർത്തിച്ചത്. പലകേസുകളിലും അഡ്വക്കേറ്റ്സ് കമ്മീഷൻ ആയും നിയമിതയായിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽപോയ സെസി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തി. എന്നാൽ തനിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ട് എന്നറിഞ്ഞതോടെ കോടതിയിൽ നിന്നും മുങ്ങുകയായിരുന്നു.
ഒടുവിലാണ് ഹൈക്കോടതിയെ അഭയം പ്രാപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker