NewsThen Special

മഴയില്ലാതെ വരണ്ടുണങ്ങുമോ കേരളം…? കാലവർഷത്തിനു പിന്നാലെ കള്ളകർക്കിടവും ചതിക്കുന്നു

ജൂണ്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് 2021ലേത്

കാലാവസ്ഥാ പ്രവചനങ്ങൾ പിഴക്കുകയാണ്. കേരളത്തിൽ 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച ജൂണും പിന്നിട്ട്, കർക്കിടകം എത്തിയിട്ടും പെയ്യാൻ മടിച്ച് മഴ.

സംഭരണികളിൽ പ്രതീക്ഷിച്ചത്ര വെള്ളമില്ല. കടലിനുമീതെ ന്യൂനമർദ്ദം രൂപപ്പെട്ടില്ലെങ്കിൽ കേരളത്തിൽ മഴയില്ല എന്നതാണ് അവസ്ഥ.

പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയാണ്. 2000 മുതൽ പല ഇടവപ്പാതികളിലും മഴയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും കർക്കിടകത്തിൽ ഭേദപ്പെട്ട മഴ ലഭിക്കുമായിരുന്നു. ഇക്കൊല്ലം ആ പതിവും തെറ്റുകയാണ്. അൽപ്പമെങ്കിലും മഴ ലഭിച്ചത് മധ്യ-വടക്കൻ കേരളത്തിൽ മാത്രവുമായിരുന്നു.

ജൂണ്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് 2021ലേത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രവചിച്ച മഴയില്‍ നിന്ന് 36 ശതമാനം കുറവ്.
ജൂണ്‍ ഒന്നു മുതല്‍ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റര്‍ മഴയാണ്. പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്റര്‍.
ഇതിനു മുന്‍പ് ഏറ്റവും കുറവ് മഴ ജൂണ്‍ മാസത്തില്‍ ലഭിച്ചത് 1983ൽ 322. 8 മില്ലിമീറ്ററും 2019 ൽ 358.5 മില്ലിമീറ്ററുമാണ്. 2013 ല്‍ ആയിരുന്നു ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്, 1042.7 മില്ലിമീറ്റര്‍ മഴ.

എല്ലാ ജില്ലകളിലും ഇത്തവണ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം (55 ശതമാനം കുറവ്) പാലക്കാട്, (50 ശതമാനംകുറവ്) ജില്ലകളില്‍ ആണ് ഏറ്റവും കുറവ്. കാലവര്‍ഷക്കാറ്റിന്റെ കുറവാണ് കേരളത്തില്‍ മഴകുറയാന്‍ പ്രധാനകാരണം എന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
മെയ് മാസത്തിൽ ന്യൂനമര്‍ദ്ദങ്ങള്‍ മൂലം കേരളത്തില്‍ നല്ല മഴ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടിത് ഉണ്ടായില്ല. അതേ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ ജൂണ്‍, ജുലൈ മാസങ്ങളില്‍ മഴ കുറവയാണ് രേഖപ്പെടുത്തുന്നതെന്നും ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വലിയതോതിലുള്ള മഴ ലഭിക്കാറുമുണ്ടെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

ആഗസ്റ്റ് എട്ടിനാണ് ഇത്തവണ കർക്കിടകവാവ്. ഇടമുറിയാതെപെയ്യുന്ന മഴക്കൊപ്പമാണ് കര്‍ക്കിടകവാവ് വരിക. ഇടവത്തിലും മിഥുനത്തിലും വേണ്ടത്ര മഴകിട്ടിയില്ല. ഇനി വാവ് സമയമായ കര്‍ക്കിടകത്തിന്‍റെ രണ്ടാം പകുതിയിലെങ്കിലും മഴ ശക്തിപ്പെട്ടില്ലെങ്കിൽ രൂക്ഷമായ ജലക്ഷാമമാവും കേരളത്തെ കാത്തിരിക്കുന്നത്. അതേപോലെ വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങളും അവതാളത്തിലാകും. വൈദ്യുതി ബോർഡിന്റെ സംഭരണികളിലെല്ലാം തന്നെ സാധാരണ ലഭിക്കേണ്ടതിലും താഴെയാണ് ജലത്തിന്റെ അളവ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യ ആഴ്ച കഴിയുമ്പോഴേക്ക് മഴ ശക്തിപ്പെടുമെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പുതിയ പ്രവചനം. സംസ്ഥാനം അതിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അല്ലെങ്കിൽ വരാൻ പോകുന്ന തുലാമഴയാവും ഇക്കൊല്ലത്തെ കേരളത്തിന്റെ ജലഭാവി നിശ്ചയിക്കുക.

കേരളത്തിലെ കാലാവസ്ഥയിൽ സംഭവിക്കുന്ന പ്രതികൂലമായ മാറ്റങ്ങൾ ഒരുകാര്യം അടിവരയിടുന്നു. മുമ്പെങ്ങും കാണാത്ത രൂക്ഷമായ ജലക്ഷാമത്തിലേക്ക് ഇനി അധികദൂരമില്ല. എന്നിട്ടും നാം ഉണരാത്തതെന്താണ് എന്ന ചോദ്യം മാത്രം ബാക്കി.
മറ്റു പലതിലും എന്നപോലെ ജലസംരക്ഷണ പ്രവർത്തനങ്ങളും കേരളത്തിൽ വഴിപാടുകണക്കെ ഇഴഞ്ഞുനീങ്ങുകയാണ്.

വീടുപണി തുടങ്ങുമ്പോൾ പ്ലാനിനും മറ്റും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കാനുള്ള ഉപാധിയായി മഴവെള്ളസംഭരണി ഉണ്ടാക്കാം എന്ന് സത്യപ്രസ്താവന കൊടുക്കുന്നതല്ലാതെ ആരും ഒന്നും ചെയ്തു കാണുന്നില്ല. ഭൂഗർഭജലത്തിന്റെ അളവ് നാൾക്കുനാൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കിണർ റീച്ചാർജിങ് പോലുള്ള മികച്ച നാടൻ സാങ്കേതികവിദ്യ ഉപയോഗിക്കാനും ആരും മിനക്കെടുന്നില്ല.

ജലത്തിന്റെ പ്രാഥമികസ്രോതസ്സായ മഴയെ ഉപയോഗിക്കാതിരിക്കുകയും ദ്വിതീയ സ്രോതസ്സുകളായ കിണർ, കുളം, പുഴ, തടാകം എന്നിവയെ അമിതമായി ചൂഷണം ചെയ്ത് ഇല്ലാതാക്കുകയും ചെയ്യുക എന്ന രീതി അവസാനിപ്പിച്ചില്ല എങ്കിൽ ഇനിയുള്ള കാലം കേരളം വരണ്ടുങ്ങിപ്പോകുമെന്ന് തീർച്ച.

ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ ഇല്ലാതായത് 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണ്. ഏറ്റവും വലിയ ജലസംഭരണകേന്ദ്രങ്ങളാണ് നെൽപ്പാടങ്ങൾ. ഒരു ഹെക്ടർ നിലത്ത് ഒരു വർഷം സംഭരികുന്നത് ഏകദേശം 7.5 ലക്ഷം കിലോലിറ്റർ വെള്ളമാണ്. അതേപോലെ ഒരു ഹെക്ടർ വനം സംഭാവന ചെയ്യുന്നത് 30000 കിലോലിറ്റർ വെള്ളവും. നികന്നുപോയതും നികത്തപ്പെട്ടതും മലിനമാക്കപ്പെട്ടതുമായ ജലാശയങ്ങൾ അസംഖ്യം വേറെ…!

ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്. അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്. പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ നമുക്ക് ലഭിക്കാറില്ല. ലഭിക്കുന്ന മഴയുടേതാകട്ടെ വെറും എട്ടു ശതമാനമാണ് സംഭരിക്കപ്പെടുന്നതും.
മഴവെള്ളം സംഭരിക്കുന്നതിന് ഇന്ന് പല മാർഗ്ഗങ്ങളുണ്ട്. പക്ഷെ ഏതു കാര്യത്തിലും എന്നപോലെ ഈ കാര്യത്തിലും ജനപങ്കാളിത്തം കൂടിയേതീരൂ. അങ്ങനെ വന്നാൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി പോലും കടലിലേക്ക് ഒഴുക്കി വിടാതെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും.

മഴവഴി ലഭ്യമാകുന്ന ജലം പെയ്തു വീഴുന്നിടത്തു തന്നെ ശേഖരിക്കുന്നതിനുള്ള നടപടികളാണ് നമുക്ക് വേണ്ടത്. കയ്യാലകളും പുൽവരമ്പുകളും ചെറുതും വലുതുമായ മഴക്കുഴികളും നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറക്കി വിടാൻ സാധിക്കും. തട്ടുതിരിക്കൽ, ചാലുകൾ, ചകിരിക്കുഴി, തെങ്ങിനു തടം, ആവരണ വിള, പുൽച്ചെടികൾ തുടങ്ങിയവയിലൂടെയും മഴവെള്ളം മണ്ണിലേക്കിറക്കാൻ കഴിയും. ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കാൻ സൗകര്യമൊരുക്കാം.
നമ്മുടെ പുരമുകളിൽ വീണ് ഒഴുകിപ്പോകുന്ന മഴവെള്ളം പാത്തികളിലൂടെ ശേഖരിച്ചു മണ്ണിലേക്ക് താഴ്ത്തുകയോ, അല്ലെങ്കിൽ ഒരു ഫിൽറ്റർ വഴി നേരിട്ടു കിണറുകളിലേക്ക് ഇറക്കി ഭൂജലത്തിലെത്തിക്കുകയോ ചെയ്യാവുന്നതേയുള്ളൂ. ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാകൂ എന്നോർക്കണം.

ഏബ്രഹാം വറുഗീസ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker