BusinessTRENDING

13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി ഐപിവി

മുംബൈ: സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള എയ്ഞ്ചല്‍ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്‍ഫ്ളെക്ഷന്‍ പോയിന്റ് വെഞ്ച്വേഴ്സ് (ഐപിവി) 2021ല്‍ 13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി. ഈ വര്‍ഷം 10 ലധികം ഓഹരി നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ ആലോചനയുമുണ്ട്. ഐപിവി 6,600 ലധികം എയ്ഞ്ചല്‍ നിക്ഷേപകര്‍, എച്ച്എന്‍ഐകള്‍ (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍), ഫാമിലി ഓഫീസുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ്.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 2018 ല്‍ വിനയ് ബന്‍സാല്‍, അങ്കുര്‍ മിത്തല്‍, മിതേഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് രൂപീകരിച്ചത്. കമ്പനി ഈ മാര്‍ച്ച് വരെ നിലിവല്‍ ഭാഗികമായി മൂന്ന് ഓഹരി വില്‍പ്പനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ 100 സ്റ്റാര്‍ട്ടപ്പുകളിലായി 356 കോടി രൂപ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 50 നിക്ഷേപ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഐപിവിക്ക് രണ്ട് ഫണ്ട് വിഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് 500 കോടി രൂപയുടെ എയ്ഞ്ചല്‍ ഫണ്ടാണ്. നിലവില്‍ 300 കോടി രൂപയോളം സമാഹരിക്കുകയും 100 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടാണ്. ഇതില്‍ ഏകദേശം 380 കോടി രൂപയുടെ നിക്ഷേപമാണ് ആസൂത്രണം ചെയ്യുന്നത്. അതിനൊപ്പം ഏകദേശം 190 കോടി രൂപയുടെ അധിക ഫണ്ട് സമാഹരണത്തിനുള്ള അവസരവുമുണ്ട്.

രണ്ടാമത്തെ ഫണ്ട് ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് സെബിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് അങ്കുര്‍ മിത്തല്‍ പറഞ്ഞു. 2018-ല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഭാരത്‌പേയില്‍ നടത്തിയ നിക്ഷേപം 552 ശതമാനം ഉയര്‍ന്ന വരുമാനം നല്‍കി. കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ കോട്യു മാനേജ്‌മെന്റിന് പൂര്‍ണ്ണമായും വിറ്റുവെന്ന് മിത്തല്‍ പറഞ്ഞു.

Back to top button
error: