IndiaNEWS

റേഷന്‍ കിറ്റുകളില്‍ മോദിയുടെ ചിത്രം പതിപ്പിച്ച് വിതരണം ചെയ്യാനൊരുങ്ങി മധ്യപ്രദേശ്​

ഭോപാല്‍: റേഷന്‍ കിറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രം പതിപ്പിച്ച് വിതരണം ചെയ്യാനൊരുങ്ങി മധ്യപ്രദേശ്. 25,435 പൊതു വിതരണ സംവിധാനം വഴി അര്‍ഹരായ 100 ഗുണഭോക്താക്കള്‍ക്ക് വീതം ബാഗുകളില്‍ റേഷന്‍ നല്‍കാനാണ് തീരുമാനമെന്ന് പൊതു വിതരണവിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ടു മാസത്തേക്ക് വിതരണം ചെയ്യാനുള്ള റേഷന്‍ കേന്ദ്രവും മൂന്നു മാസത്തേക്കുള്ളത് സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുന്നതെന്നാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകള്‍ പതിപ്പിക്കുന്നതിന് ന്യായീകരണമായി പറയുന്നത്.

അതേസമയം, അര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍ പൊതു വിതരണ സംവിധാനത്തെ പി.ആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നുവെന്നും അതിനുവേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് എം.എല്‍.എ പി.സി. ശര്‍മ കുറ്റപ്പെടുത്തി.

ആഗസ്റ്റ് ഏഴു മുതല്‍ ‘അന്ന ഉത്സവ്’ നടത്താനും ഈ ചടങ്ങിനെ നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും സംസ്ഥാന ഭക്ഷ്യമന്ത്രിയും സമാനമായ രീതിയില്‍ റേഷന്‍ കിറ്റുകളില്‍ ഫോട്ടോ പതിപ്പിച്ചതും മധ്യപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ബിസാഹുലാല്‍ സിങ് ഉന്നയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker