NewsThen Special

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം. പത്തു പുത്രന്മാർക്ക് തുല്യം ഒരു മരം എന്ന് പ്രമാണം: എബ്രഹാം വർഗീസ്

ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ, മൂന്നാമതാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനം. ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തം

ജൂലൈ 28… ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം എന്നാണ് ഈ ദിനത്തിൻ്റെ സന്ദേശം.

ലോകം ഇന്ന് വെള്ളത്തിനും വെളിച്ചത്തിനും പച്ചപ്പിനും ശുദ്ധവായുവിനും വേണ്ടി പോർവിളി കൂട്ടുന്നു. ആരോഗ്യകരമായ പരിസ്ഥിതിക്കു മാത്രമേ സൂഹത്തെ ആരോഗ്യപരമായി നിലനിർത്താൻ കഴിയു.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി നമ്മുടെ സമയത്തിന്റെ കുറേ ഭാഗം നീക്കി വച്ചാൽ വരും തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും.
നമ്മുടെ ആർത്തി കാരണം പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു. ഒടുവിൽ സ്വയം കുഴി തോണ്ടി അതിൽ അതിൽ നാം വീഴുകയും ചെയ്യുന്നു.
പ്രകൃതിയെ കൂടുതൽ അറിയുക, കൈവിടാതെ കാത്തുസൂക്ഷിക്കുക. പത്തു പുത്രന്മാർക്ക് തുല്യം ഒരു മരം എന്നാണ് ആചാര്യന്മാരുടെ ഉപദേശം.

മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്ര ഹൃദയഹാരി. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി. പുഴകളും പൂക്കളും പൂമ്പാറ്റകളും നീലജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയും എല്ലാം നിറഞ്ഞ സ്വപ്ന സദൃശ്യഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം. സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയില്‍ സൂര്യനെന്ന നക്ഷത്രത്തെ ചുറ്റി കോടാനുകോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെന്ന അത്ഭുത ഗ്രഹം.
പക്ഷെ ഇന്ന് നാശത്തിന്റെ വക്കിലാണ് ഭൂമി. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ആർത്തി തന്നെ കാരണം.

ഇനി കേരളത്തിന്റെ കാര്യമെടുത്താലോ…?
സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളുമൊക്കെ കൊണ്ടു സമ്പന്നമായിരുന്നു കേരളത്തിന്റെ ഭൂപ്രകൃതി.
നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല. അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു.

കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നതായി കേന്ദ്ര ഭൂജലബോർഡിന്റെ മുന്നറിയിപ്പ് വർഷാവർഷം സംസ്ഥാനത്തെ തേടിയെത്താറുണ്ട്. ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ, മൂന്നാമതാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനം.
ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ടാവും. വരൾച്ചാ സമയത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയും നാം അതിനെ ഇത്രയും കാലമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു!

മനുഷ്യസമൂഹം വളർച്ചയുടെ വ്യത്യസ്ത ഘടകങ്ങളിലൂടെ കടന്നുപോകുമ്പോൾ പാരിസ്ഥിതിക പരിവർത്തനം​ സ്വാഭാവികം എന്ന വാദത്തിതിൽ കഴമ്പില്ല. അതൊരുതരം കണ്ണടച്ചുള്ള ഇരുട്ടാക്കലാണ്. ചൈന തന്നെ മികച്ച ഉദാഹരണം. വൻ വികസനം നടത്തുമ്പോഴും അവർ ജലസ്രോതസ്സുകൾ നിലനിർത്തുന്നു, കൂടുതൽ സൃഷ്ടിക്കുന്നു!

നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാൽ ജലസമ്പന്നതയിൽ ഒരു കാലത്ത് ഒന്നാമതായിരുന്നു കേരളം. മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു. നാഡി- ഞരമ്പുകൾപ്പോലെ അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.
ഇന്നു പാടങ്ങളില്ല, കാടില്ല, അതിനാൽതന്നെ മഴയുമില്ല; നദികളിൽ പലതും രേഖകളിൽ മാത്രവും…!

പണ്ട് ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർവച്ചിരുന്നത് മഴയാണെങ്കിൽ ഇന്ന് കർക്കടകത്തിൽപോലും ശരിയായി മഴ കിട്ടാത്ത അവസ്ഥയാണുള്ളത്. ശരാശരി 203 സെമി മഴയാണ് പ്രതിവർഷം കേരളത്തിന് ലഭിക്കേണ്ടതെങ്കിൽ ഇപ്പോൾ ഏതാനും വർഷങ്ങളായി അതിൽ 40 ശതമാനത്താളം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മഴയില്ലായ്മ പ്രതിസന്ധിക്ക് പ്രധാന കാര്യമാണെങ്കിലും നാം തന്നെ വരുത്തിവയ്ക്കുന്ന വിനകളും ജലദൗർലഭ്യ​ത്തിന് ഇടയാകുന്നു. ജലസംരക്ഷണം ജലവിനിയോഗം എന്നിവയിൽ നാം സ്വീകരിക്കുന്ന അലംഭാവവും അശാസ്ത്രീയ സമീപനവും ധാരാളിത്തവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഒപ്പം ജലസ്രോതസ്സുകളെ മറന്നുകൊണ്ടുള്ള പ്രകൃതി ചൂഷണവും പാരിസ്ഥിതിക പ്രത്യാഘാത പ്രവർത്തങ്ങളുമെല്ലാം കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാര്യകാരണങ്ങളാണ്.

ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ ഇല്ലാതായത് 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണ്. ഏറ്റവും വലിയ ജലസംഭരണകേന്ദ്രങ്ങളാണ് നെൽപ്പാടങ്ങൾ. ഒരു ഹെക്ടർ നിലത്ത് ഒരു വർഷം സംഭരികുന്നത് ഏകദേശം 7.5 ലക്ഷം കിലോലിറ്റർ വെള്ളമാണ്. അതേപോലെ ഒരു ഹെക്ടർ വനം സംഭാവന ചെയ്യുന്നത് 30000 കിലോലിറ്റർ വെള്ളവുമാണ്. നികന്നുപോയതും നികത്തപ്പെട്ടതും മലിനമാക്കപ്പെട്ടതുമായ ജലാശയങ്ങൾ അസംഖ്യം വേറെ!
ജനകീയ കൂട്ടായ്മയിലൂടെ ഇവയൊക്കെ പുനരുദ്ധീകരിക്കാവുന്നതേയുള്ളൂ. അതുപോലെ ജലം ഉപയോഗിക്കുന്നതിലെ ധാരാളിത്തത്തിനും ജലസംരക്ഷണത്തിലെ അലംഭാവത്തിനുമെതിരെ വലിയതോതിലുള്ള ജനകീയ ബോധവൽക്കരണ ക്യാമ്പയിനും നടത്തേണ്ടിയിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ പദ്ധതിയും അതിന്റെ ഭാഗമായ​ ഹരിതകേരളം പദ്ധതിയ്ക്കുമൊക്കെ ഈ കാര്യത്തിൽ വളരെയേറെ ചെയ്യുവാൻ കഴിയും.
അതീവ ജാഗ്രത ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിന്റെ പ്രകൃതി സമ്പത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മനസ്സിലാക്കുമെങ്കിൽ നന്ന് !

ഭൂമിയെ കാത്തിരിക്കുന്നത്‌ വലിയ ദുരന്തകാലമെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു. 2030 കളുടെ പകുതിയോടെ തുടർ പ്രളയവും ഭൂചലനവും കാട്ടുതീയുമൊക്കെ സർവ്വസാധാരണമാകുമെന്നാണ് മുന്നറിയിപ്പ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നത് വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുമെന്നും സമുദ്രനിരപ്പ് വലിയതോതിൽ ഉയർന്ന് തീരപ്രദേശങ്ങൾ വെള്ളത്തിലാകുമെന്നും ഇതിനെക്കുറിച്ച് പഠനം നടത്തിയ നാസയുടെ സംഘം റിപ്പോർട്ട്‌ ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ നാസയുടെ പഠനം പുറത്തുവന്നിരിക്കുന്നത്‌.

കോവിഡ് മഹാമാരിയിൽ പകച്ചു നിൽക്കുന്ന ലോകത്തിന് കൂനിൽമേൽ കുരു പോലെയായിരിക്കുകയാണ് അതിദ്രുത കാലാവസ്ഥാ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ. ഫോസിൽ ഇന്ധനങ്ങളുടെ കടിഞ്ഞാണില്ലാത്ത ഉപയോഗവും അതുമൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനവും മൂലം വലിയൊരു കാലാവസ്ഥാ ബോംബിനു മുകളിലാണു ലോകമിന്നു നിൽക്കുന്നത്.

അപ്രതീക്ഷിത പ്രളയങ്ങളും കാട്ടുതീയും ചുഴലിക്കാറ്റും മറ്റും സൃഷ്ടിക്കുന്ന ജീവനാശം മുൻപെന്നേക്കാളുമധികം ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിലാക്കുന്നു. കോവിഡ് തകർത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടാനെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണു ഭരണാധികാരികൾ.
നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന തെറ്റായ വികസന നയങ്ങൾ അപകടകരമായൊരു ആത്മഹത്യാ മുനമ്പിന്റെ വക്കിലാണു തങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതെന്നു അൽപ്പം വൈകിയാണെങ്കിൽക്കൂടി ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെയാണ് ലോക പ്രക്രതിസംരക്ഷണ ദിനത്തിന്റെ പ്രസക്തി.
ഇന്ത്യയിൽ തന്നെപലയിടങ്ങളിലും മേഘവിസ്ഫോടനങ്ങളും പ്രളയവും ചുഴലിക്കാറ്റും നാശം വിതച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ നല്ല നാളേക്കായി ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമുക്ക് കൈകോർക്കാം, പ്രകൃതിയെ സംരക്ഷിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker