IndiaNEWS

വ്യാജതെളിവുകള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; നീതി തേടി ആയിഷ സുല്‍ത്താന വീണ്ടും ഹൈക്കോടതിയിൽ

ലക്ഷദ്വീപ് ഭരണകൂടം ആയിഷ സുൽത്താനക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്

കൊച്ചി: ഐ.എസ്കാരിയായി മുദ്രകുത്തിയും രാജ്യദ്രോഹക്കുറ്റം ചുമത്തിയും ഫ്ലാറ്റ് റെയ്ഡ് ചെയ്തും അന്യായമായി പോലീസ് കസ്റ്റടിയിൽ വച്ചും മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തുമൊക്കെ ഭരണകൂടം, ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ആയിഷ സുല്‍ത്താനയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. പിടിച്ചെടുത്ത തന്റെ ലാപ്ടോപ്പും മൊബൈലും വ്യാജ തെളിവുകള്‍ സൃഷ്ടിക്കാക്കാനായി ഉപയോഗിക്കും എന്ന് ആരോപിച്ച്‌ ആയിഷ സുല്‍ത്താന കോടതിയെ സമീപിച്ചിരിക്കുകയാണ്. ലാപ്‌ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണ്. ലാപ്‌ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പരിശോധനാ ഫലങ്ങളില്‍ തിരിമറി നടത്താൻ സാധ്യത കാണുന്നുണ്ടെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീച്ചിരിക്കുന്നത്.

പക്ഷേ ലക്ഷദ്വീപ് ഭരണകൂടം ആയിഷ സുൽത്താനക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തു എന്നുമായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങളെ പാടേ തള്ളിയ ആയിഷ, തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കൻ ശ്രമം നടക്കുന്നു എന്നാണ് പറയുന്നത്.

ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ല എന്നു പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തന്‍റെ ഫോൺ, ലാപ് ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തില്‍ പരിശോധനയ്ക്ക് അയച്ചത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ആയിഷ പറയുന്നു.

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഗൂഡാലോചനയുണ്ടെന്ന വാദവും ആയിഷ സുല്‍ത്താന തള്ളി. ചാനൽ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയത്ത് തന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആയിഷ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമര്‍ശനങ്ങള്‍ കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന്  പരാമര്‍ശിച്ചതിനെതിരെ  ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്.
രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.

ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നലെ ദ്വീപിലെത്തി. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ, നടപ്പാക്കി വരുന്ന ഭരണ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈകാറ്റഗറി സുരക്ഷയാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker