NewsThen Special

തിരുവല്ല പാപ്പൻ, മലയാളി മറന്നു പോയ ആദ്യ ഒളിംപ്യൻ

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യം പാഴ് വാക്കായി മാറി

ടോക്കിയോ ഒളിംപിക്സിലേക്ക് നാം കണ്ണും കാതും തുറന്നുവയ്ക്കുമ്പോളും മലയാളിയായ മറ്റൊരു ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് ആ കായിക താരം. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ 1948ലെ ലണ്ടൻ ഒളിംപിക്‌സ് ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി.

തിരുവല്ല എം.ജി.എം സ്കൂൾ മൈതാനത്താണ് പാപ്പൻ ആദ്യമായി പന്തുതട്ടി കളിച്ചത്. പ്രാദേശിക ടൂർണമെന്റുകളിൽ ഇദ്ദേഹത്തിന്റെ കളി കാണാനിടയായ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യ ഐ.ജി ഖാൻ ബഹദൂർ അബ്ദുൽ കരീം സാഹിബ് പൊലീസ് ടീമിലേക്ക് ക്ഷണിച്ചു. തിരുവിതാംകൂർ പൊലീസിൽ എത്തിയതോടെ മികവ് തെളിയിച്ചു പാപ്പൻ. തിരുവല്ലക്കാരനായ മറ്റൊരു പ്രഗത്ഭ താരം വി.ജി വർഗീസ് പാപ്പനെ മുംബൈയിലേക്ക് കൊണ്ടുപോയി.

ഇന്ത്യ സ്വതന്ത്രയാകുന്നതിന് ഏതാനും വർഷം മുൻപായിരുന്നു അത്. അന്നത്തെ വമ്പൻ ടീമായ ബോംബെ ടാറ്റാ സ്പോർട്സ് ക്ലബ്ബിൽ എത്തിയതോടെ പാപ്പൻ എന്ന ഫുട്ബോളർ പൂർണതയിലേക്കുയർന്നു. രാജ്യത്തെ പ്രധാന ഫുട്ബോൾ കേന്ദ്രമായിരുന്ന മുംബൈയിൽ നിന്ന് ദേശീയ ടീമിലേക്കുള്ള വഴി എളുപ്പമായി. ടാറ്റാസിനു വേണ്ടി കളിച്ചിരുന്നതിനാൽ ടാറ്റാസ് പാപ്പനെന്നും ഇദ്ദേഹം അറിയപ്പെട്ടു. 1942 മുതൽ 52 വരെ തുടർച്ചയായി ദേശീയ ടീമിൽ കളിച്ചു. 1951ലെ പ്രഥമ ഏഷ്യാഡിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു.

ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് മധ്യതിരുവിതാംകൂറിലെ പല ഗ്രാമപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു. തുടർന്ന് ഒട്ടേറെ ദേശീയ, സംസ്‌ഥാന താരങ്ങൾ തിരുവല്ലയിൽ നിന്ന് പിറവി എടുത്തു.
ഒളിംപിക്സ് കളിച്ച് നാട്ടിൽ തിരിച്ചെത്തിയ പാപ്പന് തിരുവല്ലയിൽ ഗംഭീര സ്വീകരണം നൽകിയിരുന്നതായി പഴമക്കാർ ഓർക്കുന്നു. കളിനിർത്തിയ ശേഷം മഹാരാഷ്ട്ര, ടാറ്റാസ് ടീമുകളുടെ പരിശീലകനായി. 1979 ജനുവരി 10ന് പാപ്പൻ അന്തരിച്ചു.

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.
തിരുവല്ല പാപ്പന് ജന്മനാടിന്റെ ആദരവായി പ്രതിമ സ്‌ഥാപിക്കാൻ പബ്ലിക് സ്‌റ്റേഡിയത്തോടു ചേർന്ന് ഉചിതമായ സ്‌ഥലം നൽകാൻ 2008ൽ നഗരസഭ തീരുമാനമെടുത്തു എങ്കിലും എല്ലാം കടലാസിൽ മാത്രം ഒതുങ്ങി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker