LIFEMovie

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ 2 ഐശ്വര്യങ്ങള്‍

രണ്ട് ഐശ്വര്യമാരുടെ സാന്നിധ്യം കൊണ്ട് മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ചര്‍ച്ചാവിഷയമാണ്. ഏറെക്കാലത്തിന് ശേഷം മണിരത്‌നത്തിന്റെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനും മലയാളത്തിന്റെ സ്വന്തം ഐശ്വര്യലക്ഷ്മിയുമാണ് ആ രണ്ട് ഐശ്വര്യങ്ങള്‍.

വിക്രം, കാര്‍ത്തി, ജയംരവി,ജയറാം എന്നിവരുടെ ഭാഗങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ചിത്രീകരിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഐശ്വര്യ റായ്യും ഐശ്വര്യലക്ഷ്മിയും പുതുച്ചേരിയിലെത്തി ഷൂട്ടിങ് സംഘത്തിനൊപ്പം ചേര്‍ന്നു. ഐശ്വര്യ റായ് ഇരട്ടവേഷങ്ങളിലെത്തുന്നെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. നന്ദിനി, മന്ദാകിനി ദേവി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക. പൂങ്കുഴലി എന്ന ശക്തയും ധീരയുമായ കഥാപാത്രമായാണ് ഐശ്വര്യലക്ഷ്മി എത്തുക. അതേസമയം, ചോള രാജകുമാരി കുന്ധവൈ എന്ന കഥാപാത്രമായി തൃഷയും എന്നുമെന്നാണ് പുതിയ വിവരങ്ങള്‍.

പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ല്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവര്‍ത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുച്ചേരിയില്‍ പുനരാരംഭിച്ചു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു,ബാബു ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker