കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നത് എന്ന് കെ. മുരളീധരന്. കെ.വി. തോമസിനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.വി. തോമസ് പാര്‍ലമെന്റില്‍ പോയത് ഓട് പൊളിച്ചല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പരിഹരിച്ചില്ല.
ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായിരുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതിൽ പങ്കെടുക്കുന്നത് ശരിയല്ല.
മറ്റൊരു സംസ്ഥാനത്താണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ആശയം പറയുമെന്ന് കെ.വി തോമസ് പറഞ്ഞതിനോട് വെട്ടാന്‍ വരുന്ന പോത്തിനോട് കോണ്‍ഗ്രസ് ആശയം പറഞ്ഞിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.