KeralaNEWS

മന്ത്രി എ.കെ ശശീന്ദ്രനൊരുക്കിയ കുരുക്കിൽ തലയിടാതെ മുഖ്യമന്ത്രി

എ.കെ. ശശീന്ദ്രൻ ഇന്നലെ ക്ലിഫ്ഹൗസിലെത്തി. അരമണിക്കൂറോളം കാര്യങ്ങൾ വിശദീകരിച്ചു. മൂളിക്കേട്ടതല്ലാതെ മുഖ്യമന്ത്രി ഒരു മറുപടിയും തിരിച്ചു പറഞ്ഞില്ല

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഉയർന്ന ആരോപണത്തിന്റെ ഗതിവിഗതികൾ നോക്കി പരസ്യനിലപാട് സ്വീകരിച്ചാൽ മതി എന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും തീരുമാനിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രിയെന്ന നിലയിൽ ഇടപെട്ടു എന്ന തരത്തിലേക്ക് കേസ് മാറിയാൽ പ്രശ്നം വഷളാകുമെന്നാണ് സി.പി.എം വിലയിരുത്തൽ.

ആരോപണങ്ങൾക്കും പ്രതിപക്ഷത്തിൻ്റെ രാജി ആവശ്യങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്നലെ ക്ലിഫ്ഹൗസിലെത്തി. അരമണിക്കൂറോളം കാര്യങ്ങൾ വിശദീകരിച്ചു. മൂളിക്കേട്ടതല്ലാതെ മുഖ്യമന്ത്രി ഒരു മറുപടിയും തിരിച്ചു പറഞ്ഞില്ലത്രേ.

അതിനു മുമ്പ് മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു. ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം പ്രതിപക്ഷം ആയുധമാക്കും. അതിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാട് നിശ്ചയിക്കാൻ കൂടിയായിരുന്നു മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മന്ത്രി മുതിർന്നത്. യുവതി നൽകിയ പരാതിയിൽ മറ്റൊരുതരത്തിലും ഇടപെട്ടിട്ടില്ല എന്ന്‌ മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയോട് ചിലതു പറയാനുണ്ടായിരുന്നു. അതിനാണ് ക്ലിഫ്ഹൗസിൽ പോയതെന്ന് എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ എ.കെ ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം ചർച്ച ചെയ്യാൻ കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, എ. വിജയരാഘവൻ എന്നിവർ ഇന്നലെ എ.കെ.ജി സെൻ്ററിൽ യോഗം ചേർന്നു.
എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് സി.പി.എം. നേതാക്കൾ ചർച്ച നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനെത്തിയില്ല. പക്ഷേ അദ്ദേഹവുമായി നേതാക്കൾ കൂടിയാലോചന നടത്തി.

ആരോപണത്തിൽ അപകടം പതിയിരിപ്പുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. എൻ.സി.പിയുടെ ആഭ്യന്തരപ്രശ്‌നം എന്നനിലയിൽ മാത്രമുള്ള നിലപാട് പാർട്ടി സ്വീകരിക്കുന്നതാകും ഉചിതമെന്നാണ് നേതാക്കൾ വിലയിരുത്തി.

അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ എൻ.സി.പി പ്രാദേശിക നേതാവാണ് ആരോപണവിധേയനായിട്ടുള്ളത്. യുവതിയുടെ അച്ഛനുമായി ശശീന്ദ്രൻ നടത്തിയ ഫോൺസംഭാഷണത്തിൽ ഒരിടത്തും പരാതി പിൻവലിക്കണമെന്നോ കേസ് ഒതുക്കിത്തീർക്കണമെന്നോ പ്രകടമായി പറയുന്നില്ല. യുവതിയുടെ അച്ഛൻ എൻ.സി.പി പ്രാദേശികനേതാവാണ്. അതുകൊണ്ട് ശശീന്ദ്രൻ പാർട്ടിയിലെ പ്രശ്നങ്ങളാണ് സംസാരിച്ചതെന്ന എൻ.സി.പി വാദം താത്‌കാലിക രക്ഷയാകും.
ഈ പരാതിയിൽ കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ഇടപെട്ടുവെന്ന പരാമർശവുമില്ല.

ഇതിനിടെ മന്ത്രി ശശീന്ദ്രൻ്റെ രാജി സംബന്ധിച്ച്‌ ഇപ്പോൾ മറുപടി പറയാനാകില്ലെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

“മാധ്യമവാർത്തകൾ മാത്രമാണ് ഇപ്പോൾ മുമ്പിലുള്ളത്. എൻ.സി.പി നേതാക്കളുമായുള്ള സംസാരങ്ങളാണ് പുറത്തുവന്നതെന്നാണു മനസ്സിലാക്കുന്നത്. വിശദാംശങ്ങൾ അറിയില്ല. എല്ലാ കാര്യങ്ങളും അറിഞ്ഞതിനു ശേഷം അഭിപ്രായം പറയാം…”
അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker