BusinessTRENDING

റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് നിലവിലെ 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ആര്‍ബിഐയുടെ മോണിട്ടറി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്തദാസ് ആണ് ഇക്കാര്യമറിയിച്ചത്.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. ഇവ രണ്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളായി കണക്കാക്കപ്പെടുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) നിരക്കില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 7.8 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഫെബ്രുവരി മാസത്തേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.7 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് 4.5 ശതമാനമായിരുന്നു ഇത്. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ സാമ്പത്തിക മേഖല വളര്‍ച്ച നേടിയതായി ഗവര്‍ണര്‍ ശക്തികാന്തദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Back to top button
error: