KeralaNEWS

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ദുരൂഹത; പോസ്റ്റ്‌മോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘം

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ തീരുമാനം. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരിക്കും സംഘത്തിലെ അംഗങ്ങളെ തീരുമാനിക്കുക. ഇന്‍ക്വസ്റ്റ് നടപടികളും ഇവരുടെ നേതൃത്വത്തിലായിരിക്കും നടക്കുകയെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്താനാണ് നിലവിലെ തീരുമാനം.

എന്തു കാര്യങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന അനന്യയുടെ മുറിയില്‍ നിന്നൊരു കുറിപ്പു പോലും കണ്ടെത്താത്തതാണ് മരണത്തില്‍ സംശയത്തിനിടയാക്കിയത്. മരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ മുന്‍പ് ചിരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പാണ് അനന്യയെ അവസാനമായി സമൂഹമാധ്യമത്തില്‍ കണ്ടത്. ഈ സമയം വരെയും ആര്‍ക്കും ഒരു മെസേജും അയച്ചതായി അറിവില്ല. അതുകൊണ്ടു തന്നെ മരണത്തിന്റെ പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ഫലം വരുന്നതു വരെ കാത്തിരിക്കണം.

തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിച്ചു. അതിനാല്‍ ഡോക്ടര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെനെ മെഡിക്കല്‍ ആശുപത്രിക്കുമുന്‍പില്‍ ഇന്ന് വൈകീട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, അനന്യയുടെ മെഡിക്കല്‍ റെക്കോഡുകള്‍ ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചു. അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചിരുന്നുവെന്നും പല സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ലെന്നും മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നും അനന്യയുടെ അച്ഛന്‍ അലക്‌സാണ്ടറും ആരോപിച്ചിരുന്നു.

അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടര്‍ അര്‍ജുന്‍ അശോകില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, മരണത്തില്‍ സമഗ്രാന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേരും. ഇന്നലെയാണ് കൊല്ലം സ്വദേശിനിയായ അനന്യയെ ഇടപ്പള്ളി ടോള്‍ ജംക്ഷനു സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker