KeralaNEWS

ചികിത്സപ്പിഴവ്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല; അനന്യയുടെ മരണത്തില്‍ പ്രതിഷേധത്തിനൊരുങ്ങി ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ പ്രതിഷേധത്തിനൊരുങ്ങി ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആരോപിച്ചു. ഡോക്ടര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെനെ മെഡിക്കല്‍ ആശുപത്രിക്കുമുന്‍പില്‍ ഇന്ന് വൈകീട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം, അനന്യയുടെ മെഡിക്കല്‍ റെക്കോഡുകള്‍ ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതി നല്‍കി. അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചിരുന്നുവെന്നും പല സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ലെന്നും മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നും അനന്യയുടെ അച്ഛന്‍ അലക്സാണ്ടറും ആരോപിച്ചിരുന്നു.

അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്‌ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടര്‍ അര്‍ജുന്‍ അശോകില്‍ നിന്നും മൊഴിയെടുക്കും. ഇന്ന് ഉച്ചക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. ശേഷം ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

ഇന്നലെയാണ് കൊല്ലം സ്വദേശിനിയായ അനന്യയെ ഇടപ്പള്ളി ടോള്‍ ജംക്ഷനു സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker