KeralaNEWS

നിര്‍ദ്ദേശം ലംഘിച്ചു; കെ.വി. തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരീഖ് അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരീഖ് അന്‍വര്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വര്‍ പ്രതികരിച്ചു. കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍, കെപിസിസിയുടെ നിര്‍ദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അന്‍വന്‍ കൂട്ടിച്ചേര്‍ത്തു. എഐസിസി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.

ഹൈക്കമാന്‍ഡ് വിലക്കിനെ വെല്ലുവിളിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെതെന്ന് കെ വി തോമസ് തുറന്നടിച്ചു. സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസ്സാണെന്നും പാര്‍ട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്ക് എല്ലാം വിരാമമായി. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് കെ വി തോമസ് കണ്ണൂരിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് വിശേഷിപ്പിച്ചാണ് സെമാനിറില്‍ പോകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. താന്‍ പോകുന്നത് കണ്ണൂരിലെ സിപിഎം സമ്മേളനത്തിലേക്കല്ല, ദേശീയ പ്രാധാന്യമുള്ള സെമിനാറിലേക്കാണ്. കേരളത്തിന് പുറത്ത് സിപിഎമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നതെന്നും പിന്നെ എന്താണ് തന്നെ തടയുന്നതെന്നുമായിരുന്നു കെ വി തോമസിന്റെ ചോദ്യം.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ വി തോമസ് നടത്തിയത്. സെമിനാറില്‍ പങ്കെടുത്താല്‍ തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. താന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ല. ജന്‍മം കൊണ്ട് കോണ്‍ഗ്രസായി വന്നതാണ്. എഐസിസി അംഗമായ തന്നെ പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ്സിനാകില്ലെന്നും കെ വി തോമസ് വെല്ലുവിളിച്ചു. ഉറങ്ങിയപ്പോള്‍ കിട്ടിയതല്ല തനിക്ക് സ്ഥാനമാനങ്ങള്‍. അതില്‍ ആര്‍ക്കും സംശയം വണ്ടതില്ല. എന്നാല്‍ തന്നെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. 2018 മുതല്‍ രാഹുല്‍ ഗാന്ധി കാണാന്‍ അനുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിലേക്കില്ല, ഇനി മത്സരരംഗത്തുമില്ല എന്ന് പറഞ്ഞ കെ വി തോമസ് മരിക്കും വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്നതോടെ കെ വി തോമസിന് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും.

 

Back to top button
error: