NewsThen Special

ഗോവയിൽ സഞ്ചാരികൾക്ക് വിലക്ക്

കായലും കടലും കാർണിവെലും പിന്നെ ആവോളം മദ്യവുമാണ് ഗോവയുടെ പ്രലോഭനം

സഞ്ചാരികളുടെ പറുദീസയാണ് ഗോവ. വിദേശികളും സ്വദേശികളും ദേശാടനക്കിളികളെപ്പോലെ പറന്നണയുന്ന സ്വപ്നഭൂമി.

കായലും കടലും കാർണിവെലും പിന്നെ ആവോളം മദ്യവുമാണ് ഗോവയുടെ പ്രലോഭനം.
ബാഗ, കല്ലങ്കൂട്ട്, പാലോലം തുടങ്ങി ആരെയും മാടി വിളിക്കുന്ന 100 ലേറെ മനോഹരബീച്ചുകളാണ് ഗോവയുടെ പ്രധാന ആകർഷണം. അതോടൊപ്പം ചോർലഘട്ട് ഹിൽ സ്റ്റേഷനും ദൂത്ത് സാഗർ വെള്ളച്ചാട്ടവുമൊക്കെ ഈ മൺസൂൺ കാലത്തും സഞ്ചാരികളുടെ ഹൃദയം കവരും.

രാജ്യത്ത് കൊവിഡ്‌ കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. തുടർന്ന് കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളുടെ വൻ ഒഴുക്കാണുണ്ടായത്. ഇതോടെ ഗോവയിലും തിരക്ക് വർധിച്ചു. പിന്നാലെ കോവിഡ് കേസുകളും വർദ്ധിച്ചു. അതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ നിർബന്ധിതരായി.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇപ്പോൾ ഗോവയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് യാത്രയിൽ ഒപ്പം കരുതണം. പൂർണ വാക്‌സിൻ സർട്ടിഫിക്കറ്റിനൊപ്പം കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റും സഞ്ചാരികൾക്ക് ആവശ്യമാണെന്ന് ഗോവൻ സർക്കാർ ശഠിക്കുന്നു. കൊവിഡിന്റെ വ്യാപനം മൂലം ഗോവ ടൂറിസം മേഖല ഭീമമായ സാമ്പത്തിക നഷ്ടമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വീണ്ടുമത് തിരികെ പിടിക്കാനുള്ള ആലോചനകളിലാണിപ്പോൾ ഗവൺമെൻ്റ്.
ഗോവയിലേക്ക് പ്രവേശിക്കുന്ന, പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ജോലിക്കാര്‍ക്കോ, ബിസിനസ് ആവശ്യങ്ങള്‍ക്കോ അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങുന്ന ഗോവൻ പൗരന്മാർക്കോ ഗോവയിലേക്ക് പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഇതിടെ സർക്കാർ വ്യക്തമാക്കി.
ജൂലൈ രണ്ടിനാണ് കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഗോവ സഞ്ചാരികൾക്കായി തുറന്നത്.
ആദ്യം ഗോവയിലേക്ക് യാത്ര ചെയ്യുന്നതിനായി 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് ഗോവൻ സർക്കാർ പുതിയ നിയമം കൈക്കൊണ്ടത്.
ഓഗസ്റ്റ് അഞ്ച് വരെയാണ് പുതിയ നിയമം.
നിലവിൽ ഗോവയിൽ രാത്രികാല കർഫ്യു നിലനിൽക്കുന്നുണ്ട്. കാസിനോകളും ബാറുകളും രാത്രി 7 മണി മുതൽ രാവിലെ 7 വരെ പ്രവർത്തിക്കാൻ പാടില്ല.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ടൂറിസ്റ്റുകളുടെ ഗോവ യാത്ര മുടങ്ങി. കൊവിഡ് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഗോവ.
കൊവിഡ് വരുതിയിലായാൽ വീണ്ടും സഞ്ചാരികളെ വരവേല്‍ക്കാൻ കാത്തിരിക്കുകയാണ് ഗോവ എന്ന സ്വപ്ന ഭൂമി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker