NEWSWorld

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്‌

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം. ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തുകയും ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്.

നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് വിവരം. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കള്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവന്‍, നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികളുടെയും മുന്‍മേധാവികളുടെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഐ.ടി. നിയമത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവ ലംഘിച്ചു കൊണ്ടാണ് പെഗാസസ് ഉപയോഗിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോര്‍ത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആയിരത്തിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവമാണ് പുറത്തുവന്നിട്ടുള്ളത്. വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്‌വെയറാണ് വില്‍ക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഉപയോഗിച്ചതാവാം എന്നതാണ് പെഗാസസിന്റെ നിലപാട്. കമ്പനി അഭിഭാഷകനാണ് അന്വേഷണസംഘത്തിനു മുന്‍പാകെ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker