IndiaNEWS

നീലചിത്ര നിര്‍മ്മാണത്തിനായി രാജ് കുന്ദ്ര കോടികള്‍ മുടക്കിയിരുന്നതായി റിപ്പോര്‍ട്ട്

അറസ്റ്റിലായ വ്യവസായിയും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര നീലചിത്ര നിര്‍മ്മാണത്തിനായി കോടികള്‍ മുടക്കിയിരുന്നതായി റിപ്പോര്‍ട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവര്‍ക്ക് നീലച്ചിത്ര ആപ്പുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നത്. രാജ് കുന്ദ്രയുംപാര്‍ട്ണര്‍മാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ രാജ് കുന്ദ്രക്കെതിരേ ആരോപണവുമായി മുംബൈയിലെ ചില നടിമാര്‍ രംഗത്തെത്തിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര റാക്കറ്റിന്റെ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നായിരുന്നു നടി സരിഗ ഷോന സുമന്റെ ആരോപണം. ഹോട്ട്‌ഷോട്ട് എന്ന നീലച്ചിത്ര ആപ്പ് കുന്ദ്രയുടേതാണെന്ന് ഈ മേഖലയിലെ എല്ലാവര്‍ക്കും അറിയാമെന്നും കേസില്‍ നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുമന്‍ പറഞ്ഞിരുന്നു. ഹോട്ട്‌ഷോട്ടിന് പുറമേ കെന്‍ റിന്‍ എന്ന പേരിലും നീലച്ചിത്ര ആപ്പുകള്‍ ഇവര്‍ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നാണ് ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി.ഇ.ഒയെന്നും ഇയാള്‍ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു.

ഫെബ്രുവരി നാലിന് മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവില്‍ പൊലീസ് നടത്തിയ റെയ്ഡോടെയാണ് സംഭവം പുറത്തറിയുന്നത്. വെബ് സീരിസില്‍ അഭിനയിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നു എന്ന കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് മുംബൈയില്‍ മോഡലും നടിയുമായ ഗെഹന വസിഷ്ടിനെയും മറ്റ് 6 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് കുന്ദ്രയെ ചോദ്യം ചെയ്യാന്‍ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടര്‍ന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കേസില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയില്‍ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നല്‍കിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.

ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തില്‍ എട്ടോളം വിഡിയോകള്‍ കാമത്ത് ആപ്പില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അര മണിക്കൂര്‍ വീതമുള്ളതാണു ചിത്രങ്ങള്‍. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker