KeralaNEWS

സ്ത്രീപീഡന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടു, ശബ്ദരേഖ പുറത്ത്

എൻ.സി.പി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോൾ അയാൾ കടയിലേക്ക് വിളിച്ചുകയറ്റി കയ്യിൽ പിടിച്ചുവെന്നാണ് പരാതി

ആലപ്പുഴ: എൻ.സി.പി നേതാവ് കടന്നുപിടിച്ചു എന്ന് പെൺകുട്ടി പോലീസിനു നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. പരാതിക്കാരിയുടെ അച്ഛനുമായി മന്ത്രിഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി.

എൻ.സി.പി സംസ്ഥാന ഭാരവാഹിയാണ് പെൺകുട്ടിയെ കടന്നുപിടിച്ചത്. പ്രശ്നം അടിയന്തരമായി നല്ല നിലയിൽ തീർക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ സമയത്തു മുതൽ ആരംഭിച്ച തർക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ പിതാവ് പ്രാദേശിക എൻ.സി.പി നേതാവാണ്. എന്നാൽ പെൺകുട്ടി യുവമോർച്ച പ്രവർത്തകയും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് മുതൽ പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.

അതിനുശേഷം പെൺകുട്ടി പരാതിയിൽ പറയുന്ന എൻ.സി.പി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോൾ അയാൾ കടയിലേക്ക് വിളിച്ചുകയറ്റി കയ്യിൽ പിടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് ഈ പരാതി പോലീസിനു നൽകിയത്. എന്നാൽ വിഷയം പഠിക്കട്ടെയെന്നായിരുന്നു പോലീസ് നിലപാട്. ഇതോടെ പെൺകുട്ടി സിറ്റി പോലീസിൽ അടക്കം പരാതി നൽകി. പക്ഷേ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രൻ പെൺകുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.

എന്നാൽ പാർട്ടിക്കാർ തമ്മിലുള്ള കുടുംബ പ്രശ്നമാണെന്നും ഇരുകൂട്ടരും പാർട്ടിക്കാരാണെന്നും പാർട്ടിയുടെ നിർദ്ദേശപ്രകാരണമാണ് മന്ത്രി വിളിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker