LIFEMovie

രജ്ഞിപണിക്കർ സിനിമകളിലെ രാഷ്ട്രീയം

സി.ആർ അജയകുമാർ

മലയാള ചലച്ചിത്ര ചരിത്രത്തിൽ ഏറ്റവും മൂർഛയോടെ രാഷ്ട്രീയം അവതരിപ്പിച്ച രംഗങ്ങൾ ഏതെന്ന ചോദ്യത്തിന് ഞാൻ ചൂണ്ടിക്കാട്ടുക രണ്ട് രംഗങ്ങളാണ്. ഒന്ന്, അലറി വന്ന വെളിച്ചപ്പാട് ആക്രോശത്തോടെ ദേവിവിഗ്രഹത്തെ നോക്കി കാർക്കിച്ചു തുപ്പുന്ന ‘നിർമ്മാല്യ’ത്തിലെ പി.ജെ. ആൻ്റണിയുടെ പകർന്നാട്ടം. കുതിരവട്ടം പപ്പു ‘ദി കിംഗ്’ എന്ന ചിത്രത്തിൽ സ്വാതന്ത്രസമരസേനാനിയായി ഉജ്വല അഭിനയം കാഴ്ചവച്ച രംഗങ്ങളാണ് രണ്ടാമത്തേത്.ആ സീനിൽ കതിരവട്ടംപപ്പുവിൽ നിന്ന് തെറിച്ചു വീഴുന്ന പഴഞ്ചൻ കണ്ണടയുടെ ഒരു ഷോട്ടുണ്ട്. ആ ഒരൊറ്റ ദൃശ്യം മതി രജ്ഞിപണിക്കർ ചിത്രത്തിൽ അന്തർലീനമായ രാഷ്ട്രീയത്തിൻ്റെ നേരടയാളം തിരിച്ചറിയാൻ.

സർക്കാർ ആഫീസുകളുടെ മുന്നിൽ എത്രയോ പപ്പുമാരുടെ പ്രതിബിംബങ്ങൾ, വലിച്ചെറിയപ്പെട്ട ജീവിത സത്യങ്ങളുടെ കടലാസു തുണ്ടുകൾ ഇന്നും നുള്ളിപ്പെറുക്കി എടുക്കുന്നുണ്ട്. എന്നിട്ടുമെന്തേ നാം എപ്പോഴും കാണുന്ന ആ ഒന്ന്, നെഞ്ചിലൂടെ ഒരു ബ്ലേഡ് വായ്ത്തലയാൽ കീറിപ്പോകുന്ന ആ പുകച്ചിൽ, ഇത്രയേറെ വാഴ്ത്തപ്പെടുന്ന ചലച്ചിത്ര രംഗങ്ങളിൽ എങ്ങും ഇത്ര നാളും കാണാതെ പോയത്. അതിനൊരു ‘ദി കിംഗ്’ തന്നെ വേണ്ടി വന്നു. അവിടെയാണ് രജ്ഞിപണിക്കർ എന്ന ക്രിയേറ്റീവ് എഴുത്തുകാരൻ്റെ രചനയുടെ കരുത്ത്. ചലച്ചിത്രകാരൻ്റെ രാഷ്ട്രീയ ബോധ്യത്തിൻ്റെ ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള ചടുലമായ പ്രതിബദ്ധതയും, മധ്യ വർഗ്ഗത്തെ കണ്ടുള്ള ആകുലതകളും തിരിച്ചറിയപ്പെടുന്നത്.

നഥാനിയേൽ ഹോ തോങ്ങിൻ്റെ ‘ദി കസ്റ്റം ഹൗസി’ൽ രേഖപ്പെടുത്തിയ ചില വരികളുണ്ട്. അനേകം തലമുറകളോളം തുടർച്ചയായി ഉപയോഗിച്ച് പഴകിയ മണ്ണിൽ വീണ്ടും നടുകയും പറിച്ചുനടുകയും ചെയ്താൽ മാനവികസ്വഭാവം കൂടുതലായൊന്നും വളരുകയില്ല. അപരിചിത ഭുമികകളിലാകും പുതിയ വേരുപിടിക്കുക എന്ന ഹോതോണിൻ്റെ ചിന്തകളെ പരിചിത ഭൂമിയിൽ തന്നെ പുതിയ സൂര്യകാന്തി പൂക്കൾ വിരിയിച്ച് രജ്ഞിപണിക്കർ അമ്പരപ്പിക്കുന്നു.
ഒരു ബി.പി അപ്പാരൽമെഷിനിൽ നിന്ന് മെർക്കുറി തെറിച്ച് അന്തരീക്ഷത്തിൽ വീഴുന്ന സ്ഫോടനം സൃഷ്ടിക്കാൻ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം എന്ന ഗംഭീര മമ്മൂട്ടി ശബ്ദത്തിന് കഴിയുമ്പോൾ, ചിന്തിയ്ക്കുന്ന മലയാളി മധ്യവർഗ്ഗം അതേറ്റടുക്കുന്നു.

 

രാഷ്ട്രീയം തനിമയോടെ ചിത്രീകരിച്ച നിരവധി മലയാള ചലച്ചിത്രങ്ങളുണ്ട്. അവയെല്ലാം അതാത് കാലഘട്ടത്തിൻ്റെ നേർ ബിംബങ്ങളാകുമ്പോഴും രജഞിപണിക്കരിലെ രാഷ്ട്രീയം വേറിട്ട് നിൽക്കുന്നത് നിന്ദി തൻ്റേയും പീഡിതൻ്റെയും അവസാന ശ്വാസത്തിനൊപ്പം കൂടെ കാണുമെന്ന ധാരണ, ഒരു സിനിമ ടിക്കറ്റിനു വേണ്ടി ഇടിച്ചു മറിഞ്ഞു വിയർത്ത് കുളിച്ച് തിയേറ്ററിൽ എത്തുന്ന ശരാശരി മലയാളി യുവത്വത്തിനു കൈമാറുന്നതു കൊണ്ട് തന്നെയാണ്. ഒപ്പം ഏതു കാലത്തിനോടും സംവേദിക്കാൻ കഴിയുന്നവയാണ് നാടകീയത കലർന്നെതെങ്കിലും രജ്ഞി പണിയ്ക്കർ ചലച്ചിത്രങ്ങളെന്ന് തോന്നിപോകുന്നതു കൊണ്ടാണ്. അതു തന്നെയാണ് ആ ഹിറ്റുകളുടെ രസതന്ത്രവും.

 

1990-കളിൽ തുടങ്ങിയ മലയാളി ഇടത്തരക്കാരൻ്റെ ആന്തരിക രാഷ്ട്രീയത്തെ തുളച്ചുകയറുന്ന സംഭാഷണചാതുര്യവും ദൃശ്യചാരുതയും കൊണ്ട് വെളിച്ചത്ത് വരുത്തി തുടരുമ്പോൾ പരിചിത ഭൂമിയിൽ ശാഠ്യങ്ങളുടെ പുറകേ തന്നെയായിരുന്നു എല്ലിൻ്റെ എണ്ണം കൂടിയ ആ ‘ക്ഷുഭിത യുവാവ്’.

1990-കൾക്ക് ശേഷം കേരള യുവത്വത്തിന് ഒരു വിപ്ലവം നടത്താൻ കഴിയാതെ പോയതിനു കാരണം അക്കാലത്ത് റിലീസ് ചെയ്ത ഇത്തരം രാഷ്ട്രീയ ചലച്ചിത്രങ്ങളായിരുന്നുവെന്ന് കൗതുകപൂർവ്വം ചിലരെങ്കിലും നിരീക്ഷിക്കാറുണ്ട്. ഞങ്ങൾക്ക് പറയാനുള്ളത് മമ്മൂട്ടിയിലൂടേയും മോഹൻലാലിലൂടേയും സുരേഷ് ഗോപി യിലൂടേയും രജ്ഞിപണിക്കർ പറഞ്ഞു കൊണ്ടേയിരുന്നുവെന്ന് അക്കാലത്തെ ക്ഷുഭിത യൗവ്വനം ഇന്നും ഖേദത്തോടെ ഓർക്കുന്നു.

മഞ്ഞവെയിലിൽ തുമ്പികൾ ആർത്തു കളിയ്ക്കുന്നത്ര സരളമല്ല മലയാളിയുടെ ആന്തരിക രാഷ്ട്രീയമെന്നു ഫ്രയിമുകളിലൂടേയും ഡയലോഗുകളിലൂടെയും തീ പിടിപ്പിച്ച് വെല്ലുവിളിക്കുന്നൊരാൾ 1990 മുതൽ മലയാളി ചലച്ചിത്ര പ്രേക്ഷകന് ഒപ്പമുണ്ട്. പർവ്വതം കടന്നാൽ ഒരു കടലുണ്ടെന്നും ക്ഷോഭം കഴിഞ്ഞാലൊരു ആശ്വാസമുണ്ടെന്നും ഓർമ്മിപ്പിച്ച് ഒരു കഴുവേറിക്കാറ്റ് ഇളകി പോകുന്നുണ്ട്, പുതിയ സൂര്യകാന്തി പൂക്കൾ കാത്ത് നമ്മളും…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker