IndiaNEWS

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; 300 ഓളം നമ്പരുകൾ ചോർത്തിയെന്ന് വിവരം, ഇല്ലെന്ന് കേന്ദ്ര സർക്കാർ

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോർത്തിയതെന്നും കേൾക്കുന്നു

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും വിവരങ്ങൾ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് ചോർത്തി എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തെത്തിയത്. ഇന്ത്യയിൽനിന്ന് ‘ദ വയർ’ആണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മുന്നൂറോളം നമ്പറുകൾ ചോർത്തലിന് വിധേയമായിട്ടുണ്ടത്രേ.

നാൽപ്പതോളം മാധ്യമപ്രവർത്തകരുടെ പേരുകളും ഇതിലുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ ജെ. ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് അറിവായിട്ടുള്ള വിവരം.
മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവൻ, നരേന്ദ്ര മോദി സർക്കാരിലെ രണ്ടുമന്ത്രിമാർ, സുരക്ഷാ ഏജൻസി മേധാവികൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയിട്ടുണ്ടത്രേ.

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഐ.ടി നിയമപ്രകാരം കർശനമായ വ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവ ലംഘിച്ചു കൊണ്ടാണ് പെഗാസസ് ഉപയോഗിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോർത്തിയതെന്നും കേൾക്കുന്നു.

ഹിന്ദുസ്ഥാൻ ടൈംസ്, ഹിന്ദു തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തി എന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ ആയിരത്തിലധികം പേരുടെ ഫോണുകൾ ചോർത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.
വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ് വെയർ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങൾ തെറ്റായ കാര്യത്തിന് ഉപയോഗിച്ചതാവാം എന്നുമാണ് ഇസ്രയേലി കമ്പനി എൻ.എസ്.ഒ ഗ്രൂപ്പായ പെഗാസസിന്റെ നിലപാട്. കമ്പനി അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ ഫോൺ ചോർത്തലിൽ പങ്കില്ലെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ കൈകഴുകി. സർക്കാർ ഏജൻസികൾ അനധികൃതമായി ഫോൺ ചോർത്തൽ നടത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോർട്ടെന്നും കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker