NewsThen Special

മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, നിയമവിദഗ്ധര്‍ എന്നിവരുൾപ്പെടെ 300 ഓളം ഇന്ത്യൻ മൊബൈൽ ടെലിഫോൺ നമ്പറുകൾ ചോര്‍ത്തി

പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്

ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും ജഡ്ജിമാരുടെയും പ്രതിപക്ഷ – ആർ.എസ്.എസ് നേതാക്കളുടെയുമൊക്കെ ഫോണുകള്‍ ചോര്‍ത്തി എന്ന സുബ്രഹ്‌മണ്യന്‍ സ്വാമി എം.പിയുടെ ആരോപണം വൻ വിസ്ഫോടനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ ഫോൺ ചോർത്തലിന്റെ വിശദാംശങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ആദ്യഘട്ട വിവരങ്ങള്‍ പ്രകാരം 40 ഓളം  മാധ്യമപ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്. പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് മൂന്ന് സുപ്രീംകോടതി ജഡ്ജിമാരും സുരക്ഷാ ഏജന്‍സി മേധാവിയും ഉള്‍പ്പെടുന്നു.

മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, നിയമവിദഗ്ധര്‍ എന്നിവരുൾപ്പെടെ 300 ഓളം ഇന്ത്യൻ മൊബൈൽ ടെലിഫോൺ നമ്പറുകൾ ചോര്‍ത്തിയതില്‍ ഉൾപ്പെടുന്നു. നിരവധി ബിസിനസുകാരും ഇതില്‍ ഉള്‍പ്പെടുന്നു.

മലയാളി മാധ്യമപ്രവർത്തകൻ ഗോപി കൃഷ്ണൻ, നിതിന്‍ ഗഡ്കരി, സ്‌മൃതി ഇറാനി എന്നിവരുടെ ഫോൺ വിവരങ്ങളും ചോർത്തി എന്നാണ് പുറത്തു വന്ന വിവരങ്ങൾ.

രാഷ്ട്രീയ എതിരാളികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്ക് പുറമെ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ പോലും ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തിയിരിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാവായ സുബ്രമണ്യസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
അതീവ ഗുരുതരമായ ഈ സംഭവത്തിൻ്റെ ഉള്ളുകള്ളികളെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ ഒന്നും കാര്യമായ ഒരന്വേഷണവും നടത്തിയില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്ന് ജോൺ ബ്രിട്ടാസ് എം പി ഫെയ്സ് ബുക്കാൽ കുറിക്കുന്നു.

ജോൺ ബ്രിട്ടാസ് എം പിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

“ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‍ നിന്നുണ്ടായ ഫോൺ ചോർത്തലിന്റെ വിശദാംശങ്ങൾ ഇന്ന് രാത്രി മുതൽ അനാവരണം ചെയ്യപ്പെടുമെന്ന് കരുതപ്പെടുന്നു. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ പെഗാസിസ് എന്ന ചാര സോഫ്ട്‍വെയറിലൂടെ മോഡി സർക്കാർ വ്യാപകമായി ടെലിഫോൺ ചോർത്തി എന്നാണ് വിവരം.
രാഷ്ട്രീയ എതിരാളികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്ക് പുറമെ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ ഫോണുകൾ പോലും കേന്ദ്രസർക്കാർ ചോർത്തി എന്നാണ് വിവരം.
അഞ്ചു ഭാഗങ്ങളായി ചോർത്തലിന്റെ വിശദാംശങ്ങൾ പുറത്ത് വിടാനാണ് ചില മാധ്യമങ്ങൾ തയ്യാറെടുക്കുന്നത്.
ആദ്യ പട്ടികയിൽ ടെലിഫോൺ ചോർത്തലിന് വിധേയരായ മാധ്യമപ്രവർത്തകരുടെ പേരുകൾ പരസ്യപ്പെടുത്തിയേക്കും.
മന്ത്രിസഭയിലെ സഹപ്രവർത്തകരായ നിധിൻ ഗഡ്ഗരി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ വ്യാപകമായി ചോർത്തിയെന്ന് വിവരമുണ്ട്. മുതിർന്ന ബി.ജെ.പി നേതാവായ സുബ്രമണ്യസ്വാമി തന്നെ ഈ കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചോർത്തലുകളെ കുറിച്ച് രണ്ടു മൂന്നു വർഷം മുൻപ് തന്നെ ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എത്തിക്കൽ ഹാക്കേഴ്‌സിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് തന്നെ ഇസ്രായേൽ കമ്പനിക്കെതിരെ കേസ് നൽകുകയുണ്ടായി. എന്നാൽ അതീവ ഗുരുതരമായ ഈ സംഭവവികാസത്തിന് പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾ ഒന്നും കാര്യമായ അന്വേഷണം നടത്തിയില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. (രണ്ടു വർഷം മുൻപ് ഉല്ലേഖ്.എൻ.പി ഇതേ കുറിച്ച് ഓപ്പൺ മാഗസിനിൽ എഴുതിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല)
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് പെഗാസിസ് വെളിപ്പെടുത്തലുകൾ പുറത്തേക്ക് വരുന്നത്…”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker