IndiaNEWS

പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്നു തുടങ്ങും; എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളും ഇന്ധന വിലവര്‍ധനവും ഈ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും

ന്യൂഡല്‍ഹി: പാർലമെൻ്റ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.

കർഷക സമരം അടക്കമുള്ളവിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇന്ധന വില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, വാക്സീന്‍ ക്ഷാമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്നു മുതൽ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. 19 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുത്ത എന്‍ഡിഎ യോഗവും ഇന്നലെ നടന്നു.

അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളും ഇന്ധന വിലവര്‍ധനവും ഈ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
സര്‍വ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ യോഗം ചേര്‍ന്നു. ഈ വിഷയങ്ങളൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാര്‍ട്ടി എം പിമാരുടെ യോഗവും ഇന്നലെ നടന്നു.
അതേസമയം, പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. ധർണ മാറ്റിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker