KeralaNEWS

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട, വാടക കുടിശ്ശിക നല്‍കിയില്ല, ജിസിഡിഎ അടപ്പിച്ചു; താങ്ങായി എം.എ യൂസഫലി

കൊച്ചി: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ജിസിഡിഎ അധികൃതര്‍ അടച്ച് പൂട്ടിയ കടയ്ക്ക് താങ്ങായി പ്രമുഖ വ്യവസായി എം എ യൂസഫലി. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന(54)യുടെ കൊച്ചി മറൈന്‍ ഡ്രൈവിലെ കടയാണ് വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ അടച്ച് പൂട്ടിയത്. കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. എന്നാല്‍ ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ ഇവര്‍ സമരത്തിലായിരുന്നു.

സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിക്കുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഉളള ഇവരുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ഈ കട.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയായിരുന്നു വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു.എന്നാല്‍ പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. 2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎ പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker