KeralaNEWS

ഇന്നും നാളെയും മറ്റന്നാളും ലോക്ഡൗണില്‍ ഇളവ്, മദ്യശാലകള്‍ ഇന്ന് തുറക്കില്ല

സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണിൽ ഇളവ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്.

എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ഏറെക്കാലത്തിന് ശേഷം അനുവദിക്കുന്ന ഇളവുകള്‍ ആയതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വരുന്ന രണ്ട് ദിവസവും ഈ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി എട്ടു മണിവരെയാണ് വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നതുകൊണ്ടാണ് രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ഇത് തുടരണം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനമാകാം. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ ആളുകളുടെ എണ്ണം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിങ്കള്‍ മുതല്‍ വെള്ളി വരെ ഇലക്‌ട്രോണിക് ഷോപ്പുകളും ഇലക്‌ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ മറ്റു പ്രധാന കാര്യങ്ങൾ

എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കാം.

സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും.

പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് സ്ത്രീകള്‍ നേരിടേണ്ടിവരുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇത്തരം അതിക്രമങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശന്ങ്ങള്‍ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുകയാണ്.

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍വരും. പത്ത് ഘടകങ്ങളാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക.
ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു.
അതേസമയം മദ്യശാലകള്‍ ഇന്ന് തുറക്കില്ല. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker