IndiaNEWS

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുന്നു: കേന്ദ്ര മന്ത്രി വി. മുരളീധരൻ

ലോക്ഡൗണിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശമല്ല ഞങ്ങൾക്ക് പ്രധാനം, ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ രീതിക്കെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും അത് സമ്പൂർണ പരാജയമാണെന്നു വ്യക്തമായി കഴിഞ്ഞു എന്നും വി.മുരളീധരൻ പറഞ്ഞു.

ഞങ്ങൾ പ്രത്യേകമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂർണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. ലോക്ഡൗണിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശമല്ല ഞങ്ങൾക്ക് പ്രധാനം, ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കോവിഡിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരു സർക്കാരും അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണ്.

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ സാമൂഹിക മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു ഡോ.മുഹമ്മദ് അഷീലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

കോവിഡിൻ്റെ കാര്യത്തിൽ അശാസ്ത്രീയമായ ഈ സമീപനമല്ല സ്വീകരിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സർക്കാരിന്റേയും നിർദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രത്യേകമായി സൂചിപ്പിച്ചു.
ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുന്നു, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുന്നു; ഇതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ.
ഇത് ശരിയല്ല. സർക്കാർ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവർക്ക് ലോക്ഡൗണിൽ ഇളവും ഇല്ലാത്തവർക്ക് കർശന നിയന്ത്രണവും തന്ന നിലപാടിനു പിന്നിൽ രാഷ്ട്രീയ പക്ഷപാതമാണുള്ളതെന്ന് മുരളീധരൻ ആരോപിച്ചു.

കൊടകര കുഴൽപ്പണകേസ് ഒത്തുതീർപ്പാക്കി എന്ന ആരോപണത്തോട് കോൺഗ്രസിന്റെ കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടാകുമായിരിക്കുമെന്ന് വി.മുരളീധരൻ തിരിച്ചടിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker