NewsThen Special

ബി.ജെ.പി നേതാക്കൾക്ക് പങ്കില്ലെന്ന് പോലീസ്, കേസിൽ നിഗൂഢതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി; കൊടകര കുഴല്‍പ്പണക്കേസില്‍ ചെമ്പ് തെളിയുന്നു

കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്, അല്ലാതെ പെട്ടന്ന് നടത്തിയതല്ല.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്കു പങ്കില്ലെന്ന് ആദ്യം പറഞ്ഞത് കെ. സുരേന്ദ്രനാണ്.

തൃശൂർ പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് പോലീസ് അന്വേഷണത്തെ പരിഹസിച്ചു കൊണ്ടാണ് മാധ്യമങ്ങളോടു സംസാരിച്ചത്.
പക്ഷേ അത് സുരേന്ദ്രൻ്റെ പതിവ് വിടുവായിത്തരമാണെന്നേ ജനം കരുതിയുള്ളു.
എന്നാലിതാ രണ്ടുനാൾ തികയും മുമ്പേ പോലീസും പറയുന്നു, ബി.ജെ.പി നേതാക്കൾ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന്. ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കാൻ പോകുന്ന പ്രാഥമികാന്വേഷണ റിപ്പോട്ടിൽ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കൾക്ക് പങ്കുള്ളതായി പരാമർശിക്കുന്നില്ലെന്നും പോലീസ് തന്നെ വെളിപ്പെടുത്തി.
പക്ഷേ പോലീസിൻ്റെ ആ വാദം നമ്മുടെ നീതിപീഠം അംഗീകരിച്ചു കൊടുത്തില്ല.
ഈ കേസിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി അസന്നിഗ്ദമായി ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമാര്‍ശം നടത്തിയത്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്, അല്ലാതെ പെട്ടന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്.
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ശതകോടികളാണ് ബി.ജെ.പി കേരളത്തിൽ ഒഴുക്കിയത്. മഞ്ചേശ്വരത്തും വയനാട്ടിലും തൃശൂരിലും ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ കുറേ കൊടികൾ പറന്നു നടന്നതായി വാർത്തകളുണ്ടായിരുന്നു. അന്വേഷക സംഘം എത്രയൊക്കെ പരിമളം വിതറിയാലും ‘ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു’ എന്ന കാര്യം പൊതുജനത്തിന് വ്യക്തമായി കഴിഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker