NEWS

കാർഷിക മേഖലയ്ക്ക് ആശ്വാസവുമായി വേനൽമഴ; കാറ്റ് വില്ലനാകുന്നു

കൊല്ലം: വരള്‍ച്ചയുടെ വക്കിലെത്തിയ കാര്‍ഷിക മേഖലയ്‌ക്ക്‌ ആശ്വാസമായി വേനല്‍മഴ.ഒരാഴ്ചയിലേറെയായി കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളുടെ മലയോര മേഖലയിൽ ശക്‌തമായ മഴയാണ്‌ ലഭിക്കുന്നത്‌.ഇതോടെ വേനല്‍ ചൂടിനും നേരിയ ശമനം ഉണ്ടായിട്ടുണ്ട്‌.അതേസമയം മഴയ്ക്കൊപ്പമുള്ള കാറ്റ് പലയിടത്തും വില്ലനാകുന്നുമുണ്ട്.കൊല്ലത്തും പത്തനംതിട്ടയിലും കാറ്റ് വ്യാപകമായി കൃഷി നാശം വരുത്തി.കൊല്ലത്തു മാത്രം പതിനായിരക്കണക്കിന് ഏത്തവാഴ കൃഷിയാണ് കാറ്റിൽ നശിച്ചത്.മരം വീണ് കൊല്ലത്തും പത്തനംതിട്ടയിലും വീടുകളും തകർന്നിട്ടുണ്ട്.

വേനല്‍ ചൂട്‌ കഠിനമായതോടെ കാര്‍ഷിക മേഖല വരള്‍ച്ചാ ഭീതിയിലായിരുന്നു.ഏലം, കാപ്പി, കുരുമുളക്‌ ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങാനും തുടങ്ങിയിരുന്നു. നദികള്‍ വറ്റിയതോടെ ജലസേചന മാര്‍ഗങ്ങളും നിലച്ചു.ഹൈറേഞ്ച്‌ മേഖലയില്‍ അടക്കം ചൂട്‌ 30 ഡിഗ്രി കടന്നതോടെ ഏലച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങിയിരുന്നു.


ഇതിനിടെയാണ്‌  വേനല്‍ മഴ ശക്‌തമായത്‌. കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ പ്രകാരം ചൊവ്വാഴ്‌ച വരെ ഇടവിട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്‌.ഇടിയോടും കാറ്റോടും കൂടിയായിരിക്കും മഴ എന്നത് പലരുടെയും നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്.

Back to top button
error: