KeralaNEWS

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; ഫയര്‍മാനെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയ ഫയര്‍മാനെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍. മേല്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയര്‍മന്മാര്‍ പരിശീലനം നല്‍കിയത്. ഇതിനാല്‍ ഇവര്‍ക്കെതിരെ നടപടി പാടില്ലെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫയര്‍ ഫോഴ്‌സ് മേധാവിയോടും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചു. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയര്‍ ഫോഴ്‌സ് മേധാവിയുടെ ശിപാര്‍ശ.

അതിനിടെ, മതരാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പരിശീലനം നല്‍കുന്നത് വിലക്കി ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കുലര്‍ ഇറക്കി. എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതിയാകും. അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനല്‍കുന്നതിന് മുന്‍പായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് അടിയന്തര പ്രാധാന്യത്തോടെയുള്ള സര്‍ക്കുലര്‍.

പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച് പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്‌നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്.

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടുകയായിരുന്നു. അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസിഡന്റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

 

Back to top button
error: