Big BreakingKerala

സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന്‍ പ്‌ളാന്‍ രൂപികരിക്കണമെന്ന് നിര്‍ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മൂന്ന് വകുപ്പുകളുടേയും ഏകോപനത്തിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനാകും. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

അതേസമയം സിക്കയോടൊപ്പം ഡെങ്കിപ്പനിയേയും നേരിടേണ്ടതുണ്ടെന്നും എല്ലാ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ കോവിഡ് സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശക്തമാക്കണമെന്നും ജില്ലകളില്‍ കളക്ടര്‍മാരുടെ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പ് ഏറ്റെടുത്ത് എല്ലാ ജില്ലകളും പ്രവര്‍ത്തിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്‌ളാന്‍ രൂപീകരിക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം; മന്ത്രി പറഞ്ഞു.

കൂടാതെ കൊതുകിന്റെ ഉറവിട നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്‍കണമെന്നും തോട്ടങ്ങളില്‍ ചിരട്ടകള്‍, പ്ളാസ്റ്റിക് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വീടിനകത്തും പുറത്തും കൊതുക് നിര്‍മാജനം വളരെ പ്രധാനമാണ്. സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ എന്നിവ വഴി ബോധവല്‍ക്കരണം ഉറപ്പാക്കണം.

കോവിഡ് സാഹചര്യത്തില്‍ വാര്‍ഡടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടത്തണം. കോവിഡ് പരിശോധനകള്‍ ജില്ലകള്‍ ശക്തമാക്കേണ്ടതാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ ജില്ലകള്‍ക്കും എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker