Big BreakingKerala

ചര്‍ച്ചയില്‍ സന്തുഷ്ടര്‍, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുകിട്ടിയതായി വ്യാപാരികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.

വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സാധിക്കുന്ന നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. വരുംദിവസങ്ങളില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമതി ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും വ്യപാരികള്‍ വ്യക്തമാക്കി.

ബക്രീദിന് വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു.

അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികളുടെ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ചര്‍ച്ച നടന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker