BusinessTRENDING

7 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 71 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 71 ശതമാനം വര്‍ധിച്ച് 99,550 യൂണിറ്റിലെത്തി. ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്കിന്റെയും സ്വന്താമെയാരു വീടെന്ന സങ്കല്‍പ്പം വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വില്‍പ്പന വര്‍ധന. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണിതെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് അഭിപ്രായപ്പെട്ടു.

ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഭവന ഭൂമി വില്‍പ്പന മുന്‍ പാദത്തില്‍ 90,860 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 58,290 യൂണിറ്റുകളുമാണ്. പ്രൊപ് ടൈഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റിലെത്തി.

2022 ന്റെ ആദ്യ പാദത്തില്‍ ഭവന വിപണിയില്‍ ബുള്‍ റണ്‍ തുടര്‍ന്നെന്നും 71 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ടായെന്നും  അനറോക്ക് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. ഭവന വിപണിക്ക് മൂന്നാമത്തെ കോവിഡ് 19 തരംഗത്തിന്റെ ആഘാതം മുമ്പത്തെ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിലെ ഭവന വില്‍പന 2022 ലെ ഒന്നാം പാദത്തില്‍ 13,140 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,440 യൂണിറ്റായിരുന്നു.ഡല്‍ഹി-എന്‍സിആറില്‍, ഭവന വില്‍പ്പന 8,790 യൂണിറ്റില്‍ നിന്ന് 18,835 യൂണിറ്റുകളായി ഇരട്ടിയിലധികം വര്‍ധിച്ചു. അതേസമയം മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ വില്‍പ്പന 20,350 യൂണിറ്റുകളില്‍ നിന്ന്  43 ശതമാനം ഉയര്‍ന്ന്  29,130 യൂണിറ്റുകളായി. ബെംഗളൂരുവിലെ ഭവന വില്‍പന 55 ശതമാനം വര്‍ധിച്ച് 8,670 യൂണിറ്റില്‍ നിന്ന് 13,450 യൂണിറ്റിലെത്തി.

അനറോക്കിന്റെ അഭിപ്രായത്തില്‍ വിതരണത്തിന്റെ കാര്യത്തില്‍ മികച്ച 7 നഗരങ്ങളിലെ പുതിയ ലോഞ്ചുകള്‍ 2021 ലെ 62,130 യൂണിറ്റുകളില്‍ നിന്ന് 2022 കലണ്ടര്‍ വര്‍ഷത്തില്‍ 43 ശതമാനം വര്‍ധിച്ച് 89,150 യൂണിറ്റുകളായി ഉയര്‍ന്നു.വില്‍പ്പന നടക്കാത്ത വസ്തുവിന്റെ കാര്യത്തില്‍ 2021-ലെ ഒന്നാം പാദത്തില്‍ 6.42 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 2022-ലെ ഒന്നാം പാദത്തോടെ ഏകദേശം 6.28 ലക്ഷം യൂണിറ്റിലേക്ക് 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം ഉയര്‍ന്ന 7 നഗരങ്ങളിലെ ശരാശരി ഭവനഭൂമി വില 2021 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 2022 ലെ ഒന്നാം പാദത്തില്‍ 2 മുതല്‍ 5 ശതമാനം വരെ വര്‍ധിച്ചു.

Back to top button
error: