KeralaNEWS

ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകള്‍ക്കായോ അപേക്ഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക നിയമപരമായ നടപടി സ്വീകരിച്ച് നികത്താന്‍ കഴിയുമോ എന്നത് പരിശോധിക്കേണ്ടതാണ്. ആശ്രിത നിയമനത്തിന് നീക്കിവെച്ചിട്ടുള്ള ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker