India

എം.എല്‍.എമാര്‍ തിരിച്ചുകുത്തി; അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി

കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ പ്രതിപക്ഷ എംഎല്‍എമാര്‍ തിരിച്ചുകുത്തിയതോടെ അസമിലെ 2 രാജ്യസഭാ സീറ്റുകളും ബിജെപി നേടി. പാര്‍ട്ടി വിപ് ലംഘിച്ചതിന് ശശികാന്ത ദാസ്, ഷെര്‍മാന്‍ അലി അഹമ്മദ് എന്നിവരെയും വോട്ട് അസാധുവാക്കിയതിനു മുന്‍ മന്ത്രി കൂടിയായ സിദ്ദീഖ് അഹമ്മദിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ അക്കങ്ങള്‍ക്കു പകരം മനഃപൂര്‍വം വാക്കുകളില്‍ ‘ഒന്ന്’ എന്ന് എഴുതുകയായിരുന്നു അഹമ്മദ്.

ചലച്ചിത്രനടനും നിര്‍മാതാവുമായ ബിജെപിയുടെ പബിത്ര മര്‍ഗരീത്ത, സഖ്യകക്ഷിയായ യുപിപിഎല്ലിന്റെ വാന്‍ഗ്ര നന്‍സാരി എന്നിവരാണു ജയിച്ചത്. ഒരു സീറ്റ് ജയിക്കാമായിരുന്ന കോണ്‍ഗ്രസിന്റെ റിപുന്‍ ബോറ പരാജയപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ പ്രഗത്ഭരെ അസമില്‍നിന്നു രാജ്യസഭയിലേക്ക് അയച്ചിട്ടുള്ള കോണ്‍ഗ്രസിന് ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു രാജ്യസഭാംഗം പോലും ഇല്ലാതായി.

പബിത്ര മാര്‍ഗരീത്തയ്ക്കു 46 വോട്ടും നന്‍സാരിക് 44 വോട്ടും കിട്ടി. പ്രതിപക്ഷത്തിന് 44 അംഗങ്ങളുണ്ടായിരുന്നെങ്കിലും റിപുന്‍ ബോറയ്ക്കു 35 എണ്ണമേ കിട്ടിയുള്ളൂ. ജയിക്കാന്‍ വേണ്ടത് 43 വോട്ടുകളായിരുന്നു.

 

Back to top button
error: